ന്യൂഡൽഹി: ഡൽഹി സർക്കാരുമായി ബന്ധപ്പെട്ട മദ്യനയ കേസിൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ചൊവ്വാഴ്ച വരെ ജയിലിൽ തുടരേണ്ടി വരും. കെജ്രിവാളിന് ജാമ്യം നൽകിയ വിചാരണ കോടതി വിധിക്കെതിരെ ഇഡി നൽകിയ അപ്പീലിൽ വാദം കേട്ട ഹൈക്കോടതി വിധി പറയാൻ മാറ്റി വച്ചു. വിചാരണ കോടതി വിധി ഹൈക്കോടതി താൽക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. അന്തിമ വിധി വരും വരെ സ്‌റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി.

വാദി-പ്രതിഭാഗങ്ങൾ തമ്മിൽ ശക്തായ വാദ-പ്രതിവാദമാണ് ഹൈക്കോടതിയിൽ നടന്നത്. വാദങ്ങൾ മുഴുവനായി അവതരിപ്പിക്കാൻ സമയം നൽകാതെയാണ് വിചാരണക്കോടതി കെജ്രിവാളിന് ജാമ്യം നൽകിയത് എന്ന് ഇഡി ഹൈക്കോടതിയിൽ വാദിച്ചു. എന്നാൽ, നിയമത്തെ മറികടക്കാനുള്ള ശ്രമമാണ് ഇഡിയുടേതെന്നായിരുന്നു കെജ്രിവാളിന്റെ അഭിഭാഷകന്റെ മറുവാദം.

തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിചാരണകോടതി ഉത്തരവെന്നും പ്രധാനപ്പെട്ട വസ്തുതകൾ പരിഗണിക്കാതിരിക്കുമ്പോഴോ അപ്രസക്തമായ വസ്തുതകൾ പരിഗണിച്ച് തീരുമാനമെടുത്താലോ ജാമ്യം റദ്ദാക്കാമെന്നും ഇഡി കോടതിയിൽ വാദിച്ചു. ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ വിചാരണക്കോടതിയിൽ ഉന്നയിച്ചെങ്കിലും പരിഗണിച്ചില്ലെന്ന് ഇഡി വ്യക്തമാക്കി.മദ്യനക്കേസിലെ 45 കോടി കണ്ടെത്തിയെന്നും അത് ആം ആദ്മി പാർട്ടി ഗോവ തെരഞ്ഞെടുപ്പിൽ ചെലവഴിച്ചു എന്നും വിചാരണ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അത് വിചാരണ കോടതി കണക്കിലെടുത്തില്ലെന്ന് ഇഡി ഹൈക്കോടതിയിൽ വാദിച്ചു.

ഇഡി നിശബ്ദം അല്ലെന്നും വിചാരണ കോടതിയുടെ ഉത്തരവിനാണ് ശബ്ദമില്ലാത്തതെന്നും ഇഡി ഹൈക്കോടതിയിൽ വാദിച്ചു. ഭരണഘടന പദവിയിലിരിക്കുന്നുവെന്നത് ജാമ്യത്തിന് കാരണമല്ല. വിചാര കോടതി ജഡ്ജി കേസ് ഫയൽ വായിച്ചില്ല. വ്യക്തിപരമായും എഎപി കൺവീനർ എന്ന രീതിയിലും കെജ്രിവാൾ കുറ്റക്കാരനെന്നും ഇഡി വാദിച്ചു. സിബിഐ കേസിൽ പ്രതി ചേർത്തിട്ടില്ലെന്ന് ജഡ്ജിയുടെ വിമർശനം നിലനിൽക്കുന്നതല്ലെന്നും അതിന്റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇഡി വാദിച്ചു.

അതേസമയം, ഇഡി വിചാരണക്കോടതി ജഡ്ജിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ഇഡിയുടെ ഹർജിയെ എതിർത്തുകൊണ്ട് കെജ്രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്‌വി വാദിച്ചു. ഇത് അപലപനീയമാണ്. ഹൈക്കോടതി ഇടപെടണമെന്നും അഭിഷേക് സിങ്‌വി ആവശ്യപ്പെട്ടു. ഇഡി പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്ന് കെജ്രിവാളിന്റെ അഭിഭാഷകൻ വാദിച്ചു. നിയമം മറികടക്കാനുള്ള ശ്രമമാണ് ഇഡിയുടേതെന്നും ഇഡിയുടെ കേസിലും സിബിഐയുടെ കേസിലും കെജ്രിവാൾ പ്രതിയല്ലെന്നും സിങ്വി വാദിച്ചു. വിചാരണക്കോടതിയുടെ വിധിയിൽ ഒരു അക്ഷരത്തെറ്റ് സംഭവിച്ചുവെന്നും അത് ഇഡി മുതലെടുക്കുകയാണെന്നും അഭിഭാഷകൻ വാദിച്ചു.

കെജ്രിവാളിനെതിരെ മൊഴി നൽകിയതിന് പിന്നാലെ പ്രതികളിലൊരാളായ ബുച്ചി ബാബുവിന് ജാമ്യം കിട്ടി. കെജ്രിവാളിന് അനുകൂലമായി മൊഴി നൽകിയ മഗുന്ത റെഡ്ഡിയെയും മകനെയും അറസ്റ്റ് ചെയ്തു. മഗുന്ത കെജ്രിവാളിനെതിരായ ഉടനെ മകന് ജാമ്യം കിട്ടി. ഇഡി ജാമ്യത്തെ എതിർത്തില്ല. ഇങ്ങനെയാണ് ഇഡി പ്രവർത്തിക്കുന്നതെന്നും പക്ഷപാതപരമാണെന്ന് വ്യക്തമാണെന്നും കെജ്രിവാളിലേക്ക് എത്തുന്ന ഒറ്റ പൈസ പോലും ഇഡി കണ്ടെത്തിയിട്ടില്ലെന്ന് സിങ്‌വി വാദിച്ചു. വാദം പൂർത്തിയായശേഷം ജാമ്യത്തെ എതിർത്തുള്ള ഹർജിയിൽ വിധി പറയും.

അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് ഇന്നലെയാണ് വിചാരണ കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ കെജ്രിവാളിന്റെ വാദങ്ങൾ ശരിവെക്കുന്നതാണ് വിചാരണ കോടതിയുടെ നിലപാട്. റൗസ് അവന്യൂ കോടതി ജഡ്ജി ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡി ആവശ്യം കോടതി തള്ളിയിരുന്നു. തുടർന്നാണ് ജാമ്യം നൽകിയ വിചാരണക്കോടതി ഉത്തരവിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിച്ചത്.