- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരവിന്ദ് കെജ്രിവാൾ സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രവിന്ദ് കെജ്രിവാൾ സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. അൽപസയമത്തിനകം ഇ.ഡി കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കാനിരിക്കേയാണ് ഹർജി പിൻവലിച്ചത്. നേരത്തെ, മദ്യനയ കേസിൽ അറസ്റ്റിലായ ബി.ആർ.എസ്. നേതാവ് കവിത നൽകിയ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. ജാമ്യത്തിനായി നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാതെ വിചാരണക്കോടതിയെ സമീപിക്കാൻ കോടതി നിർദേശിച്ചിരുന്നു.
ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരം റിട്ട് ഹർജിയുമായാണ് കവിത സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യഹർജി സമർപ്പിക്കുന്നതിന് വ്യവസ്ഥാപിതമായി മാർഗങ്ങളുണ്ടെന്നും ആ മാർഗങ്ങൾ അവലംബിക്കണമെന്നും കവിതയ്ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബലിനോട് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കെജ്രിവാൾ ഹർജി പിൻവലിച്ചത്.
കേജ്രിവാളിന്റെ അഭിഭാഷകനായ അഭിഷേക് മനു സിങ്വി തന്നെയാണ് ഇക്കാര്യം കേസ് പരിഗണിക്കാനിരുന്ന ബെഞ്ചിനെ അറിയിച്ചത്. കെജ്രിവാളിന്റെ ഹർജി അടിയന്തര വാദം കേൾക്കാൻ സുപ്രീംകോടതി തയാറായിരുന്നില്ല. ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ബേല എം. ത്രിവേദി, എം.എം. സുന്ദരേഷ് എന്നിവരുടെ പ്രത്യേക ബെഞ്ച് വൈകിട്ടോടെ ഹർജി പരിഗണിക്കും. ജസ്റ്റിസ് ഖന്നയുടെ ബെഞ്ചിന്റെ പതിവു സിറ്റിങ് പൂർത്തിയായ ശേഷം മൂന്നംഗ ബെഞ്ച് വിഷയം പരിഗണിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
കേജ്രിവാളിനു വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി വിഷയം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു മുന്നിൽ രാവിലെ തന്നെ ഉന്നയിച്ചിരുന്നു. എന്നാൽ, ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സ്പെഷൽ ബെഞ്ചിൽ ഉന്നയിക്കാനാണ് ചീഫ് ജസ്റ്റിസ് നിർദേശിച്ചത്. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കെ. കവിതയുടെ ജാമ്യാപേക്ഷ ജസ്റ്റിസ് ഖന്നയുടെ ബെഞ്ചാണ് പരിഗണിക്കുന്നത്.
ഇന്നു കോടതി അവധിയിലേക്കു കടക്കുമെന്നതു ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തന്നെ റിട്ട് ഹർജി പരിഗണിക്കണമെന്ന് സിങ്വി ആവശ്യപ്പെട്ടു. ഇതു ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല. തൊട്ടു പിന്നാലെ രണ്ടാം നമ്പർ കോടതി മുറിയിൽ ജസ്റ്റിസ് ഖന്നയുടെ റെഗുലർ ബെഞ്ചിനു മുന്നിൽ കേജ്രിവാളിന്റെ അഭിഭാഷകരെത്തി.
എന്നാൽ, റിട്ട് ഹർജി ആയതിനാൽ മൂന്നംഗ ബെഞ്ചിനു മുന്നിലാണു വിഷയം ഉന്നയിക്കേണ്ടതെന്ന് ജസ്റ്റിസ് ഖന്ന പറഞ്ഞു. പ്രത്യേക ബെഞ്ചിനു മുന്നിലാണ് വിഷയം ഉന്നയിക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചതെന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. തുടർന്ന് ജസ്റ്റീസ് ഖന്നയുടെ റെഗുലർ ബെഞ്ചിന്റെ വാദം പൂർത്തിയായ ശേഷം പ്രത്യേക ബെഞ്ച് ഈ ഹർജി പരിഗണിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.
2021-22 വർഷത്തിൽ മദ്യ നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതി നടന്നുവെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ഡൽഹി സർക്കാരിന് കീഴിലുള്ള വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപ്പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതായിരുന്നു നിയമം. എന്നാൽ ലഫ്.ഗവർണറായ വി.കെ.സക്സേനയുടെ ശുപാർശയെ തുടർന്നാണ് അഴിമതി ആരോപണത്തിൽ അന്വേഷണം നടത്തുന്നത്.
മദ്യനയത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സിബിഐ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. മദ്യനയം രൂപീകരിച്ചപ്പോൾ ക്രമക്കേടുകൾ നടന്നുവെന്നും, ലൈസൻസ് ഉടമകൾക്ക് അനാവശ്യമായ ആനുകൂല്യങ്ങൾ നൽകിയെന്നുമാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ആപ്പ് നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സംഭവം വിവാദമായതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈയിൽ മദ്യനയം പിൻവലിക്കുകയായിരുന്നു.