- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭയിലെ കയ്യാങ്കളി കേസ്: തെളിവായി ഹാജരാക്കിയ ഡിവിഡികളുടെ പകർപ്പ് പ്രതികൾക്ക് നൽകാൻ കോടതി ഉത്തരവ്; ഇ.പി.ജയരാജന്റെ പാസ്പോർട്ട് രണ്ട് വർഷത്തേക്ക് പുതുക്കി നൽകാനും കോടതി അനുമതി
തിരുവനന്തപുരം: നിയമ സഭയിൽ മുൻ എം എൽ എ യും നിലവിൽ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവൻകുട്ടിയടക്കമുള്ള സി പി എം എം എൽ എ മാർ സ്പീക്കറുടെ ഡയസും കംപ്യൂട്ടറും വിദേശ നിർമ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതൽ നശിപ്പിച്ച കേസിൽ സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ടു സഹിതം ഹാജരാക്കിയ കയ്യാങ്കളി ദൃശ്യങ്ങളടങ്ങിയ 20 ഡി വി ഡികളുടെ ക്ലോൺഡ് പകർപ്പുകൾ പ്രതികൾക്ക് നൽകാൻ തലസ്ഥാന വിചാരണ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കെ.വിദ്യാധരന്റേതാണുത്തരവ്.
പ്രതികൾക്ക് നൽകാനുള്ള ഡി വി ഡി പകർപ്പുകൾ ഹാജരാക്കണമെന്ന ഉത്തരവ് പ്രകാരമാണ് ഡിവിഡി പ്പകർപ്പുകൾ എഫ് എസ് എൽ അധികൃതർ ഹാജരാക്കിയത്. റെക്കോർഡുകൾ ഒത്തു നോക്കുന്നതിലേക്കായി കേസ് ഫെബ്രുവരി 16 ന് മാറ്റി. അതേ സമയം 2016-21 കാലയളവിൽ സംസ്ഥാന മുൻ കാബിനറ്റ് വ്യവസായ മന്ത്രിയായിരുന്ന മൂന്നാം പ്രതി ഇ.പി.ജയരാജന്റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് 2 വർഷത്തേക്ക് പുതുക്കി നൽകാൻ കോടതി കണ്ണൂർ പാസ്പോർട്ട് അധികൃതർക്ക് അനുമതി നൽകി. സി പി എം കേന്ദ്ര കമ്മിറ്റി അംഗമാകയാൽ പാർട്ടി തീരുമാനപ്രകാരം വിദേശ രാജ്യങ്ങൾ പോയി വരാനുള്ളതിനാൽ കോടതിയുടെ നിരാക്ഷേപ പത്രം വേണമെന്ന ഇ പി യുടെ ഹർജിയിലാണ് കോടതി ഉത്തരവ്.
2021 ൽ മന്ത്രി സ്ഥാനക്കാലാവധി പൂർത്തിയായപ്പോൾ താൻ നയതന്ത്ര പാസ്പോർട്ട് പാസ്പോർട്ട് ഓഫീസിൽ കെട്ടിവച്ചതായും ഹർജിയിൽ ഇ പി ബോധിപ്പിച്ചു. മൂന്നാം പ്രതിയും മുൻ കായിക മന്ത്രിയും നിലവിൽ എൽ ഡി എഫ് കൺവീനറുമായ ഇ.പി.ജയരാജന് മേൽ കോടതി 2022 ഒക്ടോബറിൽ കുറ്റം ചുമത്തിയിരുന്നു. പ്രതിക്കൂട്ടിൽ നിന്ന പ്രതിയെ ' കുറ്റപത്രം വായിച്ചു കേൾപ്പിച്ചാണ് കുറ്റം ചുമത്തിയത്. വായിച്ചു കേട്ട കുറ്റം ചെയ്തിട്ടുണ്ടോയെന്ന മന്ത്രി ശിവൻകുട്ടിയടക്കം 5 പ്രതികൾക്ക് മേൽ കോടതി കഴിഞ്ഞ വിചാരണ ദിവസം കുറ്റം ചുമത്തിയിരുന്നു.
2011-16 ലെ ഇടത് എംഎൽഎ മാരായ കെ.അജിത് , കുഞ്ഞമ്പു മാസ്റ്റർ , സി.കെ.സദാശിവൻ , നിലവിൽ സംസ്ഥാന വിദ്യാഭ്യസ മന്ത്രി വി. ശിവൻകുട്ടി , മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.റ്റി. ജലീൽ എന്നിവർക്ക് മേലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആർ.രേഖ കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തിയത്. കുറ്റ സ്ഥാപനത്തിൽ ഏഴേകാൽ വർഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയത്. കൂടാതെ 2, 20, 093 രൂപയുടെ നഷ്ടോത്തരവാദിത്വം ഒറ്റക്കും കൂട്ടായും കെട്ടി വക്കേണ്ട കുറ്റവും ചുമത്തി. 1984 ൽ നിലവിൽ വന്ന പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പ് 3 (1) പ്രകാരം അഞ്ചു വർഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴശിക്ഷയും കോടതിക്ക് വിധിക്കാവുന്നതാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 427 (ദ്രോഹം ചെയ്യുന്നത് വഴി നാശനഷ്ടം വരുത്തൽ) പ്രകാരം 2 വർഷത്തെ കഠിന തടവിനും പരിധിയില്ലാത്ത പിഴ തുകക്കും ശിക്ഷാർഹരാണ്.കൂടാതെ വകുപ്പ് 447 ( ഡയസ്സ് വസ്തു കൈയേറ്റം) പ്രകാരം മൂന്നു മാസത്തെ തടവിനും അഞ്ഞൂറ് രൂപ പിഴക്കും ശിക്ഷാർഹരാണ്.