കൊച്ചി: കേരളത്തിലെ ക്ഷേത്രഭരണം സംബന്ധിച്ച് സുപ്രധാന വിധിയുമായി ഹൈക്കോടതി. ക്ഷേത്ര ഭരണസമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നതിന് ഹൈക്കോടതി വിലക്കേർപ്പെടുത്തി. മലബാർ ദേവസ്വത്തിന് കീഴിലെ ഒറ്റപ്പാലം ക്ഷേത്ര ഭരണസമിതിയിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയതിനെതിരായ ഹർജിയിലാണ് ഉത്തരവ്. മലബാർ ദേവസ്വം ബോഡിന് കീഴിലുള്ള ഒരു ക്ഷേത്രത്തിലും ഭരണസമിതിയിൽ സജീവരാഷ്ട്രീയ പ്രവർത്തകരെ നിയമിക്കരുതെന്നും ഉത്തരവിലുണ്ട്.

ഒറ്റപ്പാലം ക്ഷേത്ര ഭരണ സമിതി അംഗങ്ങളായി സിപിഎം, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ അശോക് കുമാർ, രതീഷ്, പങ്കജാക്ഷൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഈ തെരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി കണ്ടെത്തി. ഡിവൈഎഫ്ഐ രാഷ്ടീയ സംഘടനയല്ലെന്ന എതിർകക്ഷികളുടെ വാദവും കോടതി തള്ളി. പുക്കോട്ട് കാളിക്കാവ് പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിൽ മലബാർ ദേവസ്വം ബോഡിന്റെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി കണ്ടെത്തി

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനിമുതൽ ക്ഷേത്ര ഭരണ സമിതികളിൽ സജീവ രാഷ്ട്രീയ പ്രവർത്തകരെ നിയമിക്കരുതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. ഒരു ക്ഷേത്രത്തിന്റെ കാര്യത്തിലാണ് ഇപ്പോഴത്തെ ഉത്തരവെങ്കിലും ഭാവിയിൽ ഇത് മറ്റ് ക്ഷേത്രങ്ങൾക്കും ബാധകമായേക്കാമെന്നാണ് നിയമവിദഗ്ദ്ധർ വിലയിരുത്തുന്നത്.

ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി സജീവ രാഷ്ട്രീയ പാർട്ടി ഭാരവാഹികളെ നിയമിക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നത്. കാളിക്കാവ് ക്ഷേത്രത്തിലെ ട്രസ്റ്റി നിയമനത്തിൽ മലബാർ ദേവസ്വം ബോർഡിന്റെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്ര ഭക്തരായ അനന്തനാരായണൻ ,പി എൻ ശ്രീരാമൻ എന്നിവർ അഡ്വ .കെ മോഹന കണ്ണൻ വഴി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി. ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ, അജിത്ത് കുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെതാണ് വിധി.

അടുത്തിടെ ക്ഷേത്ര ഭരണത്തിലെ സർക്കാർ ഇടപെടലിനെതിരെ സുപ്രീംകോടതിയും നിരീക്ഷണങ്ങൾ നടത്തിയിരുന്നു. ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികൾക്ക് വിട്ടുനൽകണമെന്ന് സുപ്രീം കോടതി നേരത്തെ അഭിപ്രായപ്പെടുകയുണ്ടായി. ക്ഷേത്ര ഭരണത്തിൽ സർക്കാർ എന്തിന് ഇടപെടുന്നു എന്നാണ് കോടതി ചോദിച്ചത്. ആന്ധ്രാ പ്രദേശിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ചത്തിനെതിരായ ഹൈക്കോടതി ഉത്തരവിനെതിരെ ആന്ധ്രാ സർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.

ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ആന്ധ്ര സർക്കാരിന്റെ ഹർജി പരിഗണിച്ചത്. എന്നാൽ, ഈ ആവശ്യം അംഗീകരിക്കാൻ സുപ്രീം കോടതി തയ്യാറായില്ല. എന്തിനാണ് സർക്കാർ ക്ഷേത്ര ഭരണത്തിൽ ഇടപെടുന്നതെന്ന് ആന്ധ്ര സർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നിരഞ്ജൻ റെഡ്ഢിയോട് സുപ്രീം കോടതി ആരാഞ്ഞു.

അഹോബിലം ക്ഷേത്ര ഭരണത്തിന് എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്ര സർക്കാരിന്റെ നടപടി അഹോബിലം മഠത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു ആന്ധ്ര ഹൈക്കോടതിയുടെ വിധി. മഠത്തിന്റെ അഭിഭാജ്യ ഘടകമാണ് ക്ഷേത്രം. മഠം തമിഴ്‌നാട്ടിലും ക്ഷേത്രം ആന്ധ്രയിലും ആയതിനാൽ ക്ഷേത്രഭരണത്തിനുള്ള മഠത്തിന്റെ അവകാശം നഷ്ടപ്പെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിക്ക് എതിരെയാണ് ആന്ധ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.