- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാൻസലറുടേത് കുട്ടിക്കളി; ഉന്നത സ്ഥാനത്ത് ഇരിക്കുന്നവരുടെ ഭാഗത്ത് നിന്ന് ഇത്തരം പെരുമാറ്റമല്ല വേണ്ടത്; വ്യക്തിപരമായ പ്രീതി സെനറ്റ് അംഗങ്ങളെ പിൻവലിക്കുന്നതിന് കാരണമല്ല; കേരള സർവകലാശാല ചാൻസലർ കൂടിയായ ഗവർണറെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; ചാൻസലറുടെ നടപടി സെനറ്റ് അംഗങ്ങൾ എങ്ങനെ ചോദ്യം ചെയ്യുമെന്നും കോടതി
കൊച്ചി: കേരള സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട നടപടികളും കത്തിടപാടുകളും പരിശോധിച്ച കോടതി, ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പെരുമാറ്റമല്ല വേണ്ടതെന്ന് വ്യക്തമാക്കി. ചാൻസലറുടേത് കുട്ടിക്കളിയാണെന്നും കോടതി കുറ്റപ്പെടുത്തി.
സർവകലാശാലയിൽനിന്നു പുറത്താക്കപ്പെട്ട 15 സെനറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വ്യക്തിപരമായ പ്രീതി, സെനറ്റ് അംഗങ്ങളെ പിൻവലിക്കുന്നതിനു കാരണമല്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ചട്ടപ്രകാരം സെനറ്റ് അംഗങ്ങൾ എങ്ങനെ പ്രവർത്തിക്കണം എന്ന് കേസ് പരിഗണിക്കുമ്പോൾ പറയാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ചാൻസലറുടെ നടപടി സെനറ്റ് അംഗങ്ങൾ എങ്ങനെ ചോദ്യം ചെയ്യുമെന്നു കോടതി ചോദിച്ചു. ഇവരെ നിയമിച്ചതു ചാൻസലറാണ് എന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു ചോദ്യം. സെനറ്റ് യോഗത്തിൽനിന്നു വിട്ടുനിന്ന 15 അംഗങ്ങളെയാണ് ഗവർണർ പുറത്താക്കിയത്.
ഇരുവിഭാഗവും ചെറിയ വിട്ടുവീഴ്ചയ്ക്കു തയാറായാൽ കേരള സർവകലാശാല സെനറ്റ് പ്രശ്‌നം തീരുമെന്നായിരുന്നു നേരത്തെ കേസ് പരിഗണിക്കുമ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പ്രതികരണം. ഗവർണർ പ്രീതി പിൻവലിക്കുന്നത് നിയമപരമായി വേണമെന്നും വ്യക്തിപരമായ കാരണങ്ങളാൽ ആകരുതെന്നും നേരത്തെയും കോടതി നിർദ്ദേശിച്ചിരുന്നു.
അസാധാരണ നീക്കത്തിലൂടെയാണ് കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ഗവർണർ പുറത്താക്കിയത്. ഇവരിലെ 2 സിപിഎം അംഗങ്ങൾക്കു സിൻഡിക്കറ്റ് അംഗത്വവും നഷ്ടമായി. സെനറ്റ് പ്രതിനിധികൾ എന്ന നിലയിൽ സിൻഡിക്കറ്റ് അംഗങ്ങളായവരാണിവർ. വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാൻ വിളിച്ച സെനറ്റ് യോഗത്തിൽനിന്നു വിട്ടുനിന്നവരാണ് 15 പേരും. സർക്കാരിന്റെ താൽപര്യപ്രകാരമായിരുന്നു ഈ ബഹിഷ്‌കരണം. ഇതു കാരണം സെനറ്റ് യോഗം ക്വോറം തികയാതെ പിരിയേണ്ടി വന്നു.
ചാൻസലർ എന്ന നിലയിൽ താൻ നാമനിർദ്ദേശം ചെയ്ത സെനറ്റ് പ്രതിനിധികളെ പിൻവലിക്കാൻ അധികാരം നൽകുന്ന സർവകലാശാലാ നിയമ വ്യവസ്ഥകൾ അനുസരിച്ചായിരുന്നു ഗവർണറുടെ നടപടി. സർക്കാരുമായി രൂക്ഷമായ ഏറ്റുമുട്ടൽ തുടരുമെന്ന സന്ദേശമാണ് അത്യപൂർവമായ ഈ നീക്കത്തിലൂടെ ഗവർണർ നൽകിയത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്തു 2 പേരെ ഗവർണർ പിൻവലിച്ച ചരിത്രമുണ്ടെങ്കിലും അത് തങ്ങളുടേതല്ലാത്ത മേഖലയിൽനിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ടതിന്റെ പേരിലായിരുന്നു. സ്വന്തം ചുമതലയിൽ വീഴ്ച വരുത്തിയതിന് ഇത്രയും പേരെ ഒഴിവാക്കുന്നത് ആദ്യമായിരുന്നു..