കൊച്ചി: പനമ്പിള്ളി നഗറിൽ ഓടയിൽ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. ഞെട്ടലുണ്ടാക്കുന്ന സംഭവമാണ് നടന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. കൊച്ചി നഗരവുമായി ബന്ധപ്പെട്ട കേസുകൾക്കായി അമിക്കസ് ക്യൂറിയെ നിയമിച്ചിരുന്നു. അമക്കസ് ക്യൂറിയാണ് രാവിലെ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഈ വിഷയം പരിഗണിച്ചത്.

നഗരത്തിൽ കുട്ടികൾക്കുപോലും നടക്കാനാകാത്ത അവസ്ഥയെന്നു ഹൈക്കോടതി നിരീക്ഷിച്ചു. പനമ്പള്ളി നഗറിൽ കാനയിൽവീണ് രക്ഷപ്പെട്ട കുട്ടി ഭാഗ്യവാനാണ്. ബാരിക്കേഡ് വച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു. കൊച്ചിയിലെ ഓടകൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടയ്ക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

നടപ്പാതകളുടെയും ഓടകളുടെയും കാര്യത്തിൽ കൊച്ചി കോർപറേഷനു വീഴ്ചയുണ്ടായി. എല്ലാറ്റിലും കലക്ടറുടെ മേൽനോട്ടം വേണമെന്നും കോടതി വ്യക്തമാക്കി. പനമ്പള്ളി നഗറിൽ മൂടിയില്ലാത്ത കാനയിൽ മൂന്നു വയസ്സുകാരൻ വീണ സംഭവത്തിലാണു ഹൈക്കോടതിയുടെ ഇടപെടൽ. കോടതിയിൽ ഹാജരായിരുന്ന കൊച്ചി കോർപറേഷൻ സെക്രട്ടറി, കുട്ടി വീണ സംഭവത്തിൽ ക്ഷമ ചോദിച്ചു.

നഗരസഭയ്ക്കാണ് ഫുട്പാത്തുകളുടേയും കാനകളുടേയും ഉത്തരവാദിത്വം. കാനകളും നടപ്പാതകളും പരിപാലിക്കുന്നതിൽ കൊച്ചി കോർപറേഷന് വീഴ്ച സംഭവിച്ചതായി കോടതി നിരീക്ഷിച്ചു. കൊച്ചി ഒരു മെട്രോ നഗരമാണെന്ന് മറക്കരുതെന്നും കോടതി ഓർമിപ്പിച്ചു.

സൈക്കിളുമായി ഒരു കുട്ടി പുറത്തിറങ്ങിയാൽ മടങ്ങിയെത്തുമോയെന്ന് ഉറപ്പുണ്ടോ. ഭാഗ്യം കൊണ്ടാണ് കുട്ടി രക്ഷപ്പെട്ടത്. കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിൽ എന്തു ചെയ്യുമായിരുന്നു. ഓവു ചാലുകൾ തുറന്നിടാൻ ആവില്ല. ഓടകൾ മൂടുന്നതിന് കലക്ടർമാർ മേൽനോട്ടം വഹിക്കണം. ഇനി ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി വ്യക്തമാക്കി.

സംഭവത്തിൽ കോർപറേഷൻ സെക്രട്ടറിയെ കോടതി നേരിട്ടു വിളിച്ചു വരുത്തി. വിഷയത്തിൽ നേരിട്ടെത്തിയ സെക്രട്ടറി കോടതിയോട് ക്ഷമ ചോദിച്ചു. രണ്ടാഴ്ചക്കുള്ളിൽ ഓടകളിൽ സ്ലാബിടുമെന്ന് സെക്രട്ടറി അറിയിച്ചു. സെക്രട്ടറി നൽകിയ ഉറപ്പ് ഹൈക്കോടതി രേഖപ്പെടുത്തി. കേസ് ഡിസംബർ രണ്ടിന് വീണ്ടും പരിഗണിക്കും.

പനമ്പിള്ളി നഗറിൽ അമ്മയ്ക്കൊപ്പം നടന്നു പോയ മൂന്ന് വയസുകാരനാണ് ഓടയിൽ വീണു പരിക്കേറ്റത്. നടപ്പാതയുടെ വിടവിലൂടെ കുട്ടി ഓടയിലേക്ക് വീഴുകയായിരുന്നു. പനമ്പിള്ളി നഗർ ഗ്രന്ഥപ്പുര ലൈബ്രറിക്ക് സമീപം വോക്ക് വേയിലെ ഓടയിൽ വച്ചാണ് സംഭവം. കുട്ടി, ഒഴുകിപ്പോകാതിരുന്നത് അമ്മയുടെ അവസരോചിതമായ ഇടപെടൽ മൂലമാണ്. പൊടുന്നനെ ഓടയിലേക്കിറങ്ങിയ അമ്മ കുട്ടിയെ രക്ഷിക്കുകയായിരുന്നു. ഒഴുക്കുള്ള കാനയിലൂടെ ഒഴുകിപ്പോകാമായിരുന്നിടത്ത് കാലുകൊണ്ട് തടഞ്ഞുനിർത്തി ബഹളം വച്ചതോടെ നാട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മ കാൽ കൊണ്ട് തടഞ്ഞ് നിർത്തിയതിനാലാണു കുട്ടി രക്ഷപ്പെട്ടതെന്ന് പിതാവ് ഹർഷകുമാർ പറഞ്ഞു.

അപകടത്തിന്റെ വിശദാംശം തേടിയ കോടതി, ഉച്ചയ്ക്കു വിഷയം പരിഗണിക്കുകയായിരുന്നു. മൂടിയിട്ടില്ലാത്ത കാനകളെക്കുറിച്ചു പഠിക്കുന്നതിനു ഹൈക്കോടതി ചുമതലപ്പെടുത്തിയ അമിക്കസ് ക്യൂറിയാണു കുട്ടി വീണ സംഭവം കോടതിയുടെ ശ്രദ്ധയിൽപെടുത്തിയത്. കാനകൾ മൂടാതെ കിടക്കുന്നതിനെതിരെ നേരത്തേതന്നെ കോടതി കടുത്ത വിമർശനം ഉയർത്തിയിരുന്നതാണ്.