- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആളുകൾ ഇക്കാലത്ത് വിചിത്രമായാണു പെരുമാറുന്നത്; അത്യാധുനികരാകാനുള്ള തത്രപ്പാടിൽ നമുക്ക് എവിടെയൊക്കെയോ വഴി തെറ്റുന്നു; കേരളം എവിടേക്കാണു പോകുന്നത്'; നരബലിയിൽ നടുക്കം പ്രകടിപ്പിച്ച് ഹൈക്കോടതി
കൊച്ചി: പത്തനംതിട്ട ഇലന്തൂരിൽ അരങ്ങേറിയ ഇരട്ട നരബലിയിൽ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. ഞെട്ടലുളവാക്കുന്നതും അവിശ്വസനീയവുമായ സംഭവമാണ്. കേരളം എവിടേക്കാണു പോകുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. അത്യാധുനികരാകാനുള്ള നമ്മുടെ തത്രപ്പാടിൽ നമുക്ക് എവിടെയൊക്കെയോ വഴി തെറ്റുന്നുണ്ട്. ആളുകൾ ഇക്കാലത്ത് വിചിത്രമായാണു പെരുമാറുന്നത്. വരും തലമുറ ഇതെല്ലാം കണ്ടാണ് വളരുന്നത്. തന്റെ 54 വർഷത്തിനിടയിൽ ഇത്തരമൊരു കാര്യം കേട്ടിട്ടില്ലെന്നും ജഡ്ജി പറഞ്ഞു.
സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി രണ്ടു സ്ത്രീകളെയാണ് പത്തനംതിട്ട ഇലന്തൂർ സ്വദേശി ഭഗവൽ സിങ്ങും ഭാര്യ ലൈലയും ബലിനൽകിയത്. നരബലിക്കായി ഇവർക്ക് ഉപദേശം നൽകുകയും സ്ത്രീകളെ എത്തിച്ചു നൽകുകയും ചെയ്തത് കടവന്ത്ര സ്വദേശി മുഹമ്മദ് ഷാഫി എന്ന റഷീദാണ്. നരബലി ആസൂത്രണം ചെയ്തതിന്റെയും നടപ്പാക്കിയതിന്റെയും ബുദ്ധികേന്ദ്രം വ്യാജ സിദ്ധനായ റഷീദ് ആണ്.
കൊച്ചിയിൽനിന്ന് രണ്ടു സ്ത്രീകളെ കൂട്ടിക്കൊണ്ടുപോയി കൊന്നു പത്തനംതിട്ടയ്ക്കു സമീപം ഇലന്തൂരിൽ കുഴിച്ചിട്ടത് ദുർമന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടിയാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. തിരുവല്ലയിലെ ദമ്പതികൾക്കു വേണ്ടിയാണ് പെരുമ്പാവൂരിൽനിന്നുള്ള ഏജന്റ് കാലടിയിൽനിന്നും കടവന്ത്രയിൽനിന്നുമുള്ള സ്ത്രീകളെ കൊണ്ടുചെന്നത്. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവർ നരബലിയുമായി ബന്ധപ്പെട്ട് പിടിയിലായി.
ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും വേണ്ടി പൂജ നടത്താൻ ബന്ധപ്പെടുക എന്ന ഫേസ്‌ബുക് പോസ്റ്റ് പ്രതി ഷാഫി ഇട്ടിരുന്നു. ഇതു കണ്ട് തിരുവല്ല സ്വദേശികളായ ഭഗവൽ സിങ്ങും ഭാര്യ ലൈലയും ബന്ധപ്പെടുകയായിരുന്നു. നരബലിയാണ് പരിഹാരം എന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ഇവരിൽനിന്നും പണം കൈക്കലാക്കി. തുടർന്ന് ആറു മാസം മുൻപ് കാലടി സ്വദേശിനിയായ റോസിലിയെ കടത്തിക്കൊണ്ടുപോയി നരബലി നൽകി. ഒരാളെ കൂടി ബലി കൊടുക്കണം എന്ന് പറഞ്ഞാണ് കടവന്ത്ര പൊന്നുരുന്നി സ്വദേശിനിയായ പത്മത്തെ സെപ്റ്റംബർ 26നു കടത്തിക്കൊണ്ടുപോയത്. സ്ത്രീകളെ കാണാതായതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറത്തറിയുന്നത്.
ഭഗവൽ സിംഗിന്റെ വീട്ടിൽവെച്ച് ഇവർ മൂവരും ചേർന്ന് പൈശാചികമായി കൊലപ്പെടുത്തിയ ലോട്ടറി വിൽപ്പനക്കാരായ പത്മ, റോസിലി എന്നിവരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പ്രതികൾ മൂന്നു പേരും പൊലീസിനോട് കുറ്റം സമ്മതിച്ചു. ജൂണിലും സെപ്റ്റംബറിലുമായി ഭഗവൽ സിംഗിന്റെ വീട്ടിൽ ആഭിചാരക്രിയ നടത്തി സ്ത്രീകളെ ശരീരത്തിൽ കത്തി കുത്തിയിറക്കി കൊന്നുവെന്നും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടെന്നുമാണ് കുറ്റസമ്മതം. റോസ്ലിനെ കാണാനില്ലെന്ന് കാട്ടി മകളും പത്മയെ കാണാനില്ലെന്ന് സഹോദരിയും നൽകിയ പരാതികളിൽ പൊലീസ് നടത്തിയായ അന്വേഷണത്തിലാണ് നടുക്കുന്ന നരബലിയുടെ രഹസ്യം ചുരുളഴിഞ്ഞത്.