കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വർഗീസിന്റെ നിയമന വിഷയം ഹൈക്കോടതി പരിഗണിക്കവെ നാഷണൽ സർവീസ് സ്‌കീമിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട കുഴിവെട്ട് പരാമർശം നടത്തിയതായി ഓർക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. എൻഎസ്എസ് പ്രവർത്തനത്തെ മോശമായി കണ്ടിട്ടില്ല. കുഴിവെട്ട് എന്ന പദം ഉപയോഗിച്ചിട്ടില്ലെന്നും ജസ്റ്റിസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രിയാ വർഗീസിനെതിരെ കോടതി രൂക്ഷമായ വിമർശനം നടത്തിയത്. ഇതിനിടെ എൻഎസ്എസ് കോർഡിനേറ്ററായി കുഴിവെട്ടിയത് അദ്ധ്യാപനപരിചയമായി കണക്കാക്കാൻ പറ്റുമോ എന്ന് കോടതി ചോദിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. എൻഎസ്എസ് പ്രവർത്തനത്തെ ഇകഴ്തിക്കാണിച്ചുള്ള കോടതിയുടെ ഈ പരാമർശം ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. എന്നാൽ അത്തരം പരാമർശം താൻ നടത്തിയിട്ടില്ലെന്നാണ് ഇപ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കിയിരിക്കുന്നത്.

എൻഎസ്എസിന്റെ കോർഡിനേറ്ററായി പ്രവർത്തിച്ചത് എങ്ങിനെയാണ് അദ്ധ്യാപന പരിചയമായി കണക്കാക്കുകയെന്ന് കോടതി ചോദിച്ചു. ഡെപ്യൂട്ടേഷൻ കാലാവധി അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്നാണ് യുജിസിയുടെ നിലപാട്. ഇത് ശരിവെക്കുന്ന രീതിയിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ നിയമന പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്‌കറിയയാണ് ഹർജി നൽകിയത്. ഹർജിയിൽ പ്രിയാ വർഗീസിന്റെ നിയമനം ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.

അദ്ധ്യാപകർ രാഷ്ട്രനിർമ്മാതാക്കളാണെന്ന് കോടതി നിരീക്ഷിച്ചു. ഇരുഭാഗത്തിന്റെ വാദമുഖങ്ങൾ കോടതി വിശദീകരിക്കുന്നു. ഹൈക്കോടതിയുടെ വിമർശനത്തിനെതിരെ പ്രിയാ വർഗീസ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിനെ കോടതി വിമർശിച്ചു. സംഭവിക്കുന്നത് അസുഖകരമായ കാര്യങ്ങളെന്ന് കോടതി പറഞ്ഞു.

നാഷനൽ സർവീസ് സ്‌കീമിനെ താഴ്‌ത്തിക്കെട്ടി സംസാരിച്ചിട്ടില്ല. കോടതിയിൽ സംഭവിച്ചത് കോടതിയിൽ തന്നെ നിൽക്കണമെന്നും കോടതി നിലപാടെടുത്തു. എന്നാൽ, കോടതിയുടെ പരാമർശം പ്രിയയ്ക്ക് അവമതിപ്പുണ്ടെങ്കിയെന്നു അഭിഭാഷകൻ പറഞ്ഞു. കഴിഞ്ഞ ദിവസം, ഹർജിയുടെ വാദത്തിനിടെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നതിനു മറുപടിയായാണ് 'നാഷനൽ സർവീസ് സ്‌കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം' എന്ന് പ്രിയ പോസ്റ്റിട്ടത്.

പ്രിയാ വർഗീസ് പിഎച്ച്ഡി പഠനത്തിനു പോയതും സ്റ്റുഡന്റ്‌സ് ഡയറക്ടറായി ഡപ്യൂട്ടേഷനിൽ പോയതും അദ്ധ്യാപനം ആകില്ലെന്നാണു ഹർജിയിലെ വാദം. എന്നാൽ, ഇതു രണ്ടും അദ്ധ്യാപന പരിചയത്തിൽ കണക്കാക്കാമെന്നും സ്റ്റുഡന്റ്‌സ് ഡയറക്ടർ ആയിരിക്കെ എൻഎസ്എസ് കോ ഓർഡിനേറ്ററുടെ അധിക ചുമതല വഹിച്ചിരുന്നുവെന്നും പ്രിയയുടെ അഭിഭാഷകൻ വാദിച്ചു.

ഡപ്യൂട്ടേഷൻ കാലത്തും സ്റ്റുഡന്റ് ഡയറക്ടർ ആയിരുന്നപ്പോഴും പഠിപ്പിച്ചിട്ടുണ്ടോ, എൻഎസ്എസ് കോ ഓർഡിനേറ്ററുടെ ചുമതല അദ്ധ്യാപന പരിചയമായി അപേക്ഷയിൽ കാണിച്ചിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ച കോടതി സ്‌ക്രീനിങ് കമ്മിറ്റിക്കു മുന്നിൽ വ്യക്തമാക്കാത്ത യോഗ്യത കോടതിയിൽ ഉന്നയിക്കരുതെന്നും പറഞ്ഞു. ഗവേഷണവും അദ്ധ്യാപനവും ഒപ്പം നടത്തിയാലേ അതു അദ്ധ്യാപനത്തിൽ പരിഗണിക്കാൻ കഴിയൂ എന്നും ഇവിടെ അങ്ങനെയല്ലെന്നും യുജിസിയുടെ അഭിഭാഷകൻ വിശദീകരിച്ചിരുന്നു.

ഇതിനെതിരെ പ്രിയാ വർഗീസ് ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും പിന്നാലെ പിൻവലിക്കുകയും ചെയ്തിരുന്നു. അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു പരിഗണിച്ച 6 പേരിൽ റിസർച് സ്‌കോറിൽ ഏറ്റവും പിന്നിലായിരുന്നു പ്രിയ. റിസർച് സ്‌കോറിൽ 651 മാർക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്‌കറിയയെ 156 മാർക്കു മാത്രമുണ്ടായിരുന്ന പ്രിയാ വർഗീസ് അഭിമുഖം കഴിഞ്ഞപ്പോൾ രണ്ടാമനാക്കി മാറ്റി ഒന്നാം സ്ഥാനത്തെത്തി. പ്രിയയ്ക്ക് അഭിമുഖത്തിൽ മാർക്ക് 32, ജോസഫ് സ്‌കറിയയ്ക്ക് 30. പ്രിയാ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് വിവാദമായതിനു പിന്നാലെ അസോഷ്യേറ്റ് പ്രഫസർ നിയമന നടപടികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചിരുന്നു.