- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊന്തക്കാട്ടിൽ നിന്നും ഇഴഞ്ഞെത്തിയ പാമ്പിന്റെ കടിയേറ്റ് മകൾ മരിച്ചു; രക്ഷിതാക്കളുടെ നിയമപോരാട്ടം ഫലം കണ്ടു; പൊന്തക്കാടുകൾ വെട്ടി ചെലവുതുക ഭൂവുടമയിൽനിന്ന് വാങ്ങാൻ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കും ഹൈക്കോടതി നിർദ്ദേശം
കൊച്ചി: പൊന്തക്കാട്ടിൽ നിന്നും ഇഴഞ്ഞെത്തിയ പാമ്പിന്റെ കടിയേറ്റ് മൂന്നു വയസുകാരിയായ മകൾ മരിച്ച സംഭവത്തിൽ രക്ഷിതാക്കളുടെ നിയമ പോരാട്ടം വെളിച്ചമാകുന്നത് കേരളത്തിലെ ജനങ്ങൾക്ക് ഒന്നാകെ. പൊന്തക്കാട്ടിൽ നിന്നെത്തിയ പാമ്പുകടിയേറ്റാണ് കെഐ ബിനോയുടെയും ലയ ജോസിന്റെയും മകൾ ആവ്‌റിൻ മരിക്കുന്നത്. മകളുടെ മരണം തളർത്തിയെങ്കിലും പൊന്തക്കാടുകൾ വെട്ടി തെളിക്കണമെന്ന ആവശ്യവുമായി ഇരുവരും നിയമപോരാട്ടത്തിനിറങ്ങി. ഒടുവിൽ ജനങ്ങൾക്ക് ഒന്നാകെ ഗുണകരമായ അനുകൂല വിധി ഹൈക്കോടതിയിൽ നിന്നും നേടുകയായിരുന്നു.
കാടു വെട്ടിത്തെളിക്കാൻ പഞ്ചായത്തിനു നൽകിയ പരാതിയിൽ ഫലമുണ്ടാകാതിരുന്നതിന്റെ വിലയായി മകളുടെ ജീവനാണ് ഇവർക്കു നൽകേണ്ടിവന്നത്. വിദേശത്തെ ജോലിക്കിടയിലും മകൾക്കുവേണ്ടി ഇവർ തുടർന്ന നിയമപോരാട്ടം ഒടുവിൽ ഫലം കണ്ടു. പരാതിക്കിടയാക്കുംവിധം പൊന്തക്കാടുകൾ വളർന്നാൽ സ്വന്തം നിലയ്ക്കു വെട്ടിവൃത്തിയാക്കി ചെലവുതുക ഭൂവുടമയിൽനിന്ന് വാങ്ങാൻ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കും ഹൈക്കോടതി നിർദ്ദേശം നൽകി. ഇതോടെ സമാനമായ സാഹചര്യം നേരിടുന്നവർക്ക് പഞ്ചായത്തിനെ സമീപിക്കാൻ സാഹചര്യം ഒരുങ്ങും.
മാള കൃഷ്ണൻകോട്ടയിലെ ലയയുടെ വീട്ടിൽ 2021 മാർച്ച് 24ന് ആണ് ആവ്‌റിനു പാമ്പുകടിയേറ്റത്. പാമ്പുകടിയേറ്റയുടൻ ആവ്റിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്റിവെനം ഇല്ലെന്നായിരുന്നു മറുപടി. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഏറെ വൈകിയിരുന്നു. മകളുടെ മരണത്തിന് ഇടയാക്കിയ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് നിയമപോരാട്ടത്തിന് കുടംബത്തെ പ്രേരിപ്പിച്ചത്.
മൂന്ന് വയസ്സുകാരി പാമ്പുകടിയേൽക്കുന്നതിന് മൂന്ന് വർഷം മുൻപ് സമീപ പുരയിടത്തിലെ കാടു വെട്ടിത്തെളിക്കണമെന്നും ഇഴജന്തുശല്യം രൂക്ഷമാണെന്നും കാട്ടി ലയയുടെ അച്ഛൻ പി.ഡി.ജോസ് ഉൾപ്പെടെ പ്രദേശവാസികൾ പഞ്ചായത്തിനു പരാതി നൽകിയിരുന്നു. ഭൂവുടമയ്ക്കു നോട്ടിസ് നൽകിയതൊഴിച്ചാൽ പഞ്ചായത്ത് ഒന്നുംചെയ്തില്ല.
വിദേശത്തെ ജോലിക്കിടയിലും മകൾക്കുവേണ്ടി കെഐ ബിനോയും ലയ ജോസും തുടർന്ന നിയമപോരാട്ടമാണ് ഒടുവിൽ ഫലം കണ്ടത്. മകളുടെ മരണത്തിനു ശേഷം രക്ഷിതാക്കൾ വനംവകുപ്പിനും കലക്ടർക്കും പരാതി നൽകിയിരുന്നു. ജോലി ഇറ്റലിയിലായതിനാൽ ബിനോയിയും ലയയും പിതാവ് ജോസിനു പവർ ഓഫ് അറ്റോണി നൽകിയാണു കേസ് നടത്തിയത്. വനംവകുപ്പിനു നൽകിയ പരാതിയിൽ സ്ഥലപരിശോധനയ്ക്ക് ആളെത്തിയത് ഒന്നരവർഷത്തിനു ശേഷമാണ്. ആർഡിഒയുടെയും വില്ലേജ് ഓഫിസറുടെയും നിർദ്ദേശപ്രകാരം കാടു വെട്ടിത്തെളിച്ചു.ഓരോ മഴയ്ക്കു ശേഷവും വീണ്ടും കാടു വളർന്നതോടെയാണു ഹൈക്കോടതിയെ സമീപിച്ചത്.