കൊച്ചി: ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്ത എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ജാമ്യം അനുവദിക്കരുതെന്ന ഇഡി വാദം കോടതി അംഗീകരിച്ചു. കോഴക്കേസിൽ ശിവശങ്കറിന് കൃത്യമായ പങ്ക് സ്ഥിരീകരിക്കുന്ന വ്യക്തമായ തെളിവുണ്ടെന്നായിരുന്നു ഇഡിയുടെ വാദം.

നേരത്തെ കൊച്ചി പിഎംഎൽഎ കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ശിവശങ്കർ വാദിച്ചത്.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കേസ് കൊണ്ടുപോകാനാണ് തന്നെ കരുവാക്കുന്നത്. സമാനമായ കേസിൽ നേരത്തെ തനിക്ക് ജാമ്യം കോടതി അനുവദിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ തനിക്ക് ജാമ്യം അനുവദിക്കണമെന്നും ശിവശങ്കർ വാദിച്ചു. അതുപോലെ തനിക്ക് കേസുമായി നേരിട്ട് യാതൊരു ബന്ധവുമില്ലെന്നും ശിവശങ്കർ വാദിച്ചു. എന്നാൽ ഇവയൊക്കെ കേസ് പരിഗണിച്ച ബെഞ്ച് തള്ളുകയായിരുന്നു. ശിവശങ്കറാണ് ലൈഫ് മിഷൻ കോഴക്കേസിലെ മുഖ്യപ്രതിയെന്നാണ് ഇഡി കോടതിയെ ബോധിപ്പിച്ചത്.

ഇതു സംബന്ധിച്ച് വ്യക്തമായ തെളിവുകളുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. സമാനമായ കേസിൽ തനിക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്ന ശിവശങ്കർ ഇഡിയെ അറിയിച്ചെങ്കിലും രണ്ടും രണ്ടു കേസാണെന്നാണ് ഇഡി വ്യക്തമാക്കിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിലാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചത്.

സ്വർണക്കടത്ത് കേസ് അന്വേഷണത്തിനിടെയാണ് ലൈഫ് മിഷൻ കേസ് വരുന്നതെന്നും ഇത് വേറെ കേസായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.

നിലവിൽ കാക്കനാട് ജയിലിലാണ് ശിവശങ്കർ കഴിയുന്നത്. ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15നാണ് ശിവശങ്കർ അറസ്റ്റിലാവുന്നത്. മൂന്നു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റുണ്ടായത്.

കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിൽ നടന്ന ചോദ്യം ചെയ്യലിനൊടുവിൽ ഡൽഹിയിലെ ഉന്നത ഉദ്യോ?ഗസ്ഥരുമായി ചർച്ച ചെയ്ത ശേഷമാണ് അറസ്റ്റുണ്ടായത്. ലോക്കറിൽ നിന്ന് ലഭിച്ച ഒരു കോടി രൂപ ലൈഫ് മിഷൻ ഇടപാടിൽ ശിവശങ്കറിന് ലഭിച്ചതാണെന്നാണ് വിലയിരുത്തുന്നത്. എന്നാൽ ശിവശങ്കർ ഇത് നിഷേധിച്ചു. അതേസമയം, ജാമ്യം തേടി ശിവശങ്കർ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വിവരം.