കൊച്ചി: മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഈ ഘട്ടത്തിൽ അപക്വമെന്നു ഹൈക്കോടതി. ആവശ്യമെങ്കിൽ പൊലീസ് റഫറൽ റിപ്പോർട്ടിനെതിരെ മജിസ്‌ട്രേട്ട് കോടതിയെ ഹർജിക്കാരന് സമീപിക്കാമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കേസ് അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റിവച്ചു. അഭിഭാഷകൻ ബിജു നോയലാണ് പൊലീസ് റിപ്പോർട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

കേസിൽ സജി ചെറിയാനെതിരെ തെളിവില്ലെന്നായിരുന്നു അന്വേഷണസംഘത്തിന്റെ റഫർ റിപ്പോർട്ട്. സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്നും വിമർശനമാണ് നടത്തിയിട്ടുള്ളതെന്നും ആയിരുന്നു പൊലീസിന്റെ റഫർ റിപ്പോർട്ട്. അന്വേഷണ സംഘത്തിന്റെ റഫർ റിപ്പോർട്ടിനെതിരെ തടസ ഹർജിയുമായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.

വിവാദ മല്ലപ്പള്ളി പ്രസംഗവുമായി ബന്ധപ്പെട്ട് നേരത്തെ ഒരു ഹർജി ഹൈക്കോടതിയിൽ വന്നിരുന്നു. അന്ന് കേസ് കോടതി തള്ളിയിരുന്നു. അന്വേഷണ സംഘം കോടതിയിൽ നൽകിയ റിപ്പോർട്ട് സജി ചെറിയാനെ സംരക്ഷിക്കുന്നതാണെന്നും കേസിൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്. എന്നാൽ കേസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണയിലാണെന്നും ഹർജിക്കാരന് അവിടെ ഈ ആവശ്യം ഉന്നയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

മല്ലപ്പള്ളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 13 ദിവസം മുൻപ് തള്ളിയിരുന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തീരുമാനമാകും വരെ കേസ് അവസാനിപ്പിക്കരുതെന്ന ആവശ്യവും കോടതി നിരാകരിച്ചു.

ഹൈക്കോടതിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. എന്നാൽ ഹർജി തള്ളിയതുകൊണ്ട് റഫർ റിപ്പോർട്ട് കോടതി അംഗീകരിച്ചതായി കരുതാനാവില്ലെന്ന് ബൈജു നോയൽ പ്രതികരിച്ചു. കേസന്വേഷണം അവസാനിപ്പിക്കണമെന്ന പൊലീസ് റിപ്പോർട്ട് കോടതി അംഗീകരിച്ചാൽ തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. 

പൊലീസ് അന്വേഷണം പ്രതിയെ രക്ഷിക്കാൻ വേണ്ടി നടത്തിയതാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. കേസ് അവസാനിപ്പിച്ച് പൊലീസ് നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും സിബിഐക്കോ കർണാടക പൊലീസിനോ അന്വേഷണം കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു. സാക്ഷികളുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ജൂലൈയിൽ, മന്ത്രിയായിരിക്കെ പത്തനംതിട്ട മല്ലപ്പള്ളിയിൽ സജി ചെറിയാൻ നടത്തിയ പ്രസംഗമാണ് വിവാദമായത്. ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് നമ്മുടേത് എന്ന പരാമർശം കടുത്ത വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചു. പ്രതിഷേധം രൂക്ഷമായതോടെ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചു. സജി ചെറിയാനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ഈ മാസമാദ്യം വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.