കൊച്ചി: വാഹനങ്ങൾ രൂപമാറ്റം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെ നടപടി എടുക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകി ഹൈക്കോടതി. പൊതുസ്ഥലങ്ങളിൽ ഇത്തരത്തിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ വ്ലോഗർമാർ ഉപയോഗിച്ചാൽ അതിലും നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വലിയ രീതിയിൽ രൂപമാറ്റം വരുത്തി വിഡീയോകൾ ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായി ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാർ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ശബരിമല സ്പെഷൽ കമീഷണറുടെ 'സേഫ് സോൺ പ്രൊജക്ട്' റിപ്പോർട്ടിന്മേൽ കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ കർശന നടപടിക്ക് നിർദേശിച്ചിരിക്കുന്നത്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ രൂപമാറ്റം വരുത്തിയ സർക്കാർ വാഹനങ്ങൾ ഉൾപ്പെടെയുള്ളവക്കെതിരെ നടപടിയെടുക്കണം. അനധികൃതമായ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഉടമകൾക്കെതിരെയും വീഡിയോകൾ പ്രചരിപ്പിച്ച് രൂപമാറ്റത്തിന് പ്രോത്സാഹനം നൽകുന്ന യൂട്ഊബർമാർക്കെതിരെയും വ്ലോഗർമാർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശത്തിൽ പറയുന്നു.

'എ.ജെ ടൂറിസ്റ്റ് ബസ് ലവർ', 'നസ്രു വ്ലോഗർ', 'നജീബ് സൈനുൽസ്', 'മോട്ടോർ വ്ലോഗർ' തുടങ്ങിയ യൂട്യൂബ് ചാനലുകളിലെ വീഡിയോകൾ കോടതി പരിശോധിച്ചു. പിടികൂടുന്ന വാഹനങ്ങളിൽ അനധികൃതമായ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കാനാണ് കോടതി പൊലീസിന് നിർദ്ദേശം നൽകിയത്.