കൊച്ചി: സർവകലാശാലകളിലെ വൈസ് ചാൻസലർമാർ സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നടത്തിയ പരാമർശങ്ങൾ സർക്കാറിനെ വെട്ടിലാക്കുന്നു. കേരള സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് മറ്റ് സർവകലാശാലകൾക്കും ബാധകമാണെന്നാണ് മനസിലാക്കാൻ കഴിയുന്നതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ഗവർണർ രാജിവെക്കാൻ ആവശ്യപ്പെട്ടതിനെതിരെ സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വൈസ് ചാൻസലർമാർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം പറഞ്ഞത്. നിയമനത്തിൽ ക്രമക്കേട് ഉണ്ടെങ്കിൽ എന്ത് ചെയ്യുമെന്ന് കോടതി വി സിമാരോട് ചോദിച്ചു. വിസിമാരുടെ നിയമനത്തിൽ യുജിസി ചട്ടം ബാധകമാണെന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ വിധി വന്നശേഷവും പദവിയിൽ തുടരുന്നത് തെറ്റല്ലേയെന്നും കോടിത ചോദിച്ചു.

വിസിമാരെ നിയമിച്ചിരിക്കുന്നത് ചാൻസലറാണ്. നിയമനാധികാരി ചാൻസലർ തന്നെയാണെന്നും കോടതി വ്യക്തമാക്കി. തന്റെ നിയമനം നേരത്തെ ഹൈക്കോടതി ശരിവെച്ചതാണെന്ന് കണ്ണൂർ വി സിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ സുപ്രീം കോടതിയുടെ പുതിയ വിധിയുടെ അടിസ്ഥാനത്തിലല്ലേ ചാൻസലറുടെ നടപടിയെന്നും ഹൈക്കോടതി ചോദിച്ചു. യോഗ്യതയില്ലാതെ സ്ഥാനത്ത് തുടർന്നത് തെറ്റായ സന്ദേശമല്ലേ നൽകുന്നതെന്നും കോടതി ചോദിച്ചു.

വൈസ് ചാൻസലർമാരെ തീർത്തും പ്രതിരോധത്തിലാക്കുന്ന പരാമർശങ്ങളാണ് ഹർജികൾ പരിഗണിച്ചു തുടങ്ങിയപ്പോൾ തന്നെ കോടിതിയിൽ നിന്ന് ഉണ്ടായത്. അതേസമയം രാജിവെക്കാത്ത സംസ്ഥാനത്തെ 9 സർവകലാശാല വൈസ് ചാൻസലർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. അടുത്ത മാസം മൂന്നാം തിയതി അഞ്ച് മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് നോട്ടിസിൽ പറയുന്നത്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, ഡിജിറ്റൽ സർവകാലാശാല വിസിമാർക്കെതിരെയും നടപടി സ്വീകരിക്കും. ചെപ്പടി വിദ്യ കാണിക്കുന്നവരെ നിയന്ത്രിക്കാൻ പിപ്പിടി വിദ്യ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. രാജിവയ്ക്കണമെന്നുള്ള തന്റെ നിർദ്ദേശം സർവകലാശാല വിസിമാർ തള്ളിയതിനു പിന്നാലെ രാജ്ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗവർണറുടെ പരാമർശം.

കണ്ണൂർ വിസിക്കെതിരായ വിമർശനത്തെ ഗവർണർ ന്യായീകരിച്ചു. കുറ്റകൃത്യം ചെയ്തയാളെ ക്രിമിനൽ എന്നല്ലാതെ എന്ത് വിളിക്കണമെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഹൈക്കോടതിയും കണ്ണൂർ വിസിയെ വിമർശിച്ചു. തന്റെ ഉത്തരവുകൾ നടപ്പാക്കുന്നില്ല. കത്തിന് പ്രതികരണം നൽകുന്നില്ല. കേരള വൈസ് ചാൻസലർ രാഷ്ട്രപതിയെ വരെ അവഹേളിച്ചാണ് മറുപടി നൽകിയത്. ഞാൻ അദ്ദേഹത്തെ അങ്ങോട്ട് ആറുവട്ടം വിളിച്ചു. എന്നാൽ തിരിച്ചുവളിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല. ഭരണഘടനാപരമായ പല കാര്യങ്ങളും നടപ്പാക്കാൻ അദ്ദേഹം തയാറായില്ല. യാതൊരു ഓണം പരിപാടിയും തിരുവനന്തപുരത്ത് നടത്തുന്നില്ലെന്നാണ് തന്നോട് പറഞ്ഞത്. എന്നാൽ തലസ്ഥാനത്ത് ഓണം നടന്നോ എന്നത് എല്ലവാർക്കും അറിയാം. അതുകൊണ്ടാണ് അട്ടപ്പാടിയിൽ ആദിവാസികൾക്കൊപ്പം ഓണം ആഘോഷിക്കാൻ പോയത്.

സുപ്രീം കോടതി വിധി വളരെ കൃത്യമാണ്. സാങ്കതിക സർവകലാശാല വിസിക്ക് യോഗ്യതയില്ലെന്ന് വ്യക്തമായി പറഞ്ഞു. ആ വിധി കണ്ണൂർ സർവകലാശാല വിസിക്കും ബാധകമാണ്. വിസി തിരഞ്ഞെടുത്ത പ്രക്രിയ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞു. ആരാണ് യോഗ്യരെന്നും അയോഗ്യരെന്നം പറഞ്ഞത് താൻ അല്ല. ഭരണഘടനയും സുപ്രീം കോടതി വിധിയും ഉയർത്തിപ്പിടിക്കാനുള്ള ബാധ്യത ഗവർണർ എന്ന നിലയ്ക്ക് തനിക്കുന്നുണ്ട്. 9 പേരുടെ മാത്രമല്ല. മറ്റ് രണ്ട് വിസിമാരുടെ കാര്യവും താൻ പഠിക്കുകയാണ്. നിയമോപദേശം തേടിയിട്ടുണ്ട്. താൻ ഒരു അഭിഭാഷകനാണെന്നും ദീർഘ കാലം പ്രവർത്തിച്ചിട്ടുണ്ടെന്നുമുള്ള കാര്യം മറക്കരുത്. എന്നിരുന്നാലും മുതിർന്ന പലരിൽ നിന്നും നിയമോപദേശം തേടിയശേഷമാണ് തീരുമാനം എടുക്കുന്നത്.

സുപ്രീം കോടതി വിധി അനുസരിച്ച് പുതിയ ആളെ തിരഞ്ഞെടുക്കുകയേ വഴിയുള്ളു. രണ്ടു, മൂന്ന് വൈസ് ചാൻസലർമാരോട് എനിക്ക് സഹതാപമുണ്ട്. രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും ആരും രാജിവച്ചില്ല. അതിനാൽ കാരണം കാണിക്കൽ നോട്ടിസ് അയച്ചതായി ഗവർണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു