കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊച്ചി ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരാജയപ്പെട്ടതായും ഹൈക്കോടതി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചി പുകയിൽ മുങ്ങിയ സാഹചര്യത്തിലായിരുന്നു ഹൈ്‌ക്കോടതി കേസ് പരിഗണിച്ചത്. ജസ്റ്റിസുമാരായ എസ് വി ഭട്ടി, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയം പരിഗണിച്ചത്.

കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് ഒരു കത്ത് നൽകിയിരുന്നു. ബ്രഹ്മപുരം തീപിടിത്തത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ദേവൻ രാമചന്ദ്രൻ കത്ത് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ ഹൈക്കോടതി ഇന്നലെ സ്വമേധയാ കേസെടുത്തിരുന്നു. ഇന്ന് വിഷയം പരിഗണിച്ചപ്പോഴാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് രൂക്ഷ വിമർശനം ഉണ്ടായത്.

ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിയെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. മാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരാജയപ്പെട്ടിരിക്കുകയാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കി. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ അറിയിച്ചു.

എന്നാൽ എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ സംഭവിച്ചത് എന്ന കാര്യത്തിൽ കോടതി വിശദീകരണം ചോദിച്ചു. കേരളത്തെ ഒരു മാതൃക സംസ്ഥാനമായാണ് കാണുന്നത്. കേരളത്തിൽ കാര്യമായ ഒരു വ്യവസായം പോലുമില്ല. എന്നിട്ടു പോലും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവുന്നു. വ്യവസായങ്ങൾ ഉണ്ടായിട്ടു പോലും ഹൈദരാബാദ്, സെക്കന്തരാബാദ് പോലെയുള്ള നഗരങ്ങളിൽ ഇങ്ങനെയൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഹൈക്കോതി ഇടപെടുന്നത്. ഇതിനായി കൂട്ടായ പരിശ്രമം ആവശ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. വിഷയത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, ജില്ലാ കലക്ടർ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി എന്നിവരോട് ഇന്ന് ഉച്ചയ്ക്ക് 1.45ന് ഹാജരാകാൻ കോടതി നിർദേശിച്ചു. വിഷയം ഉച്ചയ്ക്ക് കോടതി വീണ്ടും പരിഗണിക്കും.