കൊച്ചി: പാതയോരങ്ങിലെ അനധികൃത ഫ്‌ളക്‌സ് ബോർഡുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന നിസ്സംഗതയെ വിമർശിച്ചു കൊണ്ടാണ് ഹൈക്കോടതി രംഗത്തുവന്നത്. ഫ്‌ളക്‌സുകൾ നീക്കം ചെയ്യണമെന്ന ഉത്തരവുകൾ നടപ്പാക്കുന്നില്ല. കോടതിയുടെ ക്ഷമ ദൗർബല്യമായി കാണരുതെന്ന് പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അനധികൃത ബോർഡുകൾ മാറ്റാൻ സർക്കാരിന് ഉദ്ദേശ്യമില്ലേയെന്ന് ചോദിച്ചു.

സർക്കാരിന് എന്തും ചെയ്യാമെന്ന നിലപാട് പാടില്ല. വിഷയത്തിൽ വ്യവസായ സെക്രട്ടറിയോട് സത്യവാങ്മൂലം സമർപിക്കാൻ കഴി്ഞ്ഞ 24ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ സത്യവാങ്മൂലം സമർപ്പിക്കാത്തതിനാലാണ് കോടതി വിമർശനം ഉന്നയിച്ചത്. അനധികൃത കൊടിതോരണങ്ങളും ബാനറുകളും നീക്കം ചെയ്യണമെന്ന ഹരജികളിലാണ് വിമർശനം. മാറ്റിയ പഴയ ബോർഡുകളുടെ സ്ഥാനത്ത് പുതിയവ എത്തിയെന്ന് അമിക്വസ് ക്യൂറി കോടതിയെ അറിയിച്ചു.

ഫ്‌ളക്‌സ് നീക്കം ചെയ്യുന്നതിൽ പൊലീസ് സഹകരിക്കുന്നില്ലെന്നും തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ മുഖമാണ് ഫ്‌ളക്‌സുകളിൽ മുഴുവൻ. ഇത് ആരോട് പറയാനാണെന്നും കോടതി ചോദിച്ചു. എന്നാൽ ഉത്തരവ് നടപ്പാക്കാതെ കോടതിയെ തോൽപിക്കാനാവില്ലെന്നും സിംഗിൾ ബഞ്ച് മുന്നറിയിപ്പ് നൽകി.

പാതയോരങ്ങളിലെ അനധികൃത കൊടി തോരണങ്ങളും ബാനറും നീക്കം ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ തദ്ദേശ ഭരണ സ്ഥാപനത്തിലെ സെക്രട്ടറിക്കും സമിതിയംഗങ്ങൾക്കും വ്യക്തിപരമായി ഉത്തരവാദിത്വം ചുമത്തുമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രിന്റ് ചെയ്തവരുടെയും സ്ഥാപിച്ചവരുടെയും വിവരങ്ങൾ ബാനറിൽ രേഖപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയാൽ അവരുടെ ലൈസൻസ് റദ്ദാക്കണം.

ഇവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക - ജില്ലാതല സമിതികൾക്ക് രൂപം നൽകണമെന്ന ഉത്തരവിന്മേൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി കേസ് വീണ്ടും പരിഗണിക്കുന്ന ഇന്ന് റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നു. കൊടിതോരണങ്ങളും ബാനറുകളും നീക്കം ചെയ്യാൻ പ്രദേശിക തലത്തിൽ സമിതികളുണ്ടാക്കാനും ഇവയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ജില്ലാതല സമിതികളുണ്ടാക്കാനും കോടതി മുൻപ് തന്നെ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ഡിസംബർ 12 ന് സർക്കാർ ഉത്തരവിറക്കി. തുടർന്ന് ഇതിൽ അമിക്കസ് ക്യൂറിയോട് നിർദ്ദേശങ്ങൾ നൽകാൻ സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.