കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽകുമാറിശന്റ ജാമ്യാപേക്ഷയിൽ വിധിപറയുന്നത് ഹൈക്കോടതി മാറ്റിവെച്ചു. അതിജീവിത നേരിട്ടത് ക്രൂരമായ അതിക്രമമാണെന്ന് ഹർജി പരിഗണിക്കവേ ഹൈക്കോടതി പരാമർശിച്ചു. നടിയുടെ മൊഴി ഇത് തെളിയിക്കുന്നതാണെന്നും കോടതി വിലയിരുത്തി. പൾസർ സുനിക്കെതിരെ ചുമത്തിയിട്ടുള്ളത് ഗുരുതരമായ വകുപ്പുകളാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണ് ഹൈക്കോടതി ജാമ്യഹർജി പരിഗണിച്ചത്.

ആറ് വർഷമായി താൻ ജയിലിൽ കഴിയുന്നതെന്ന് പൾസർ സുനി ജാമ്യഹർജിയിൽ പറയുന്നു. ആറ് വർഷമായി ജയിലിൽ കഴിയുന്ന ഒരാൾക്ക് ജാമ്യം അവകാശമല്ലേയെന്ന് ഹൈക്കോടതി പ്രോസിക്യൂട്ടറോട് ചോദിച്ചു. എന്നാൽ പ്രതി വിചാരണ തീരാതെ ജയിലിൽ കഴിയുകയാണ്. അതിനാൽ പ്രതി ചെയ്തിരിക്കുന്ന കുറ്റകൃത്യത്തിന്റെ ആഴം കൂടി പരിഗണിക്കണമെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

നടിയെ തൃശ്ശൂരിലെ വീട്ടിൽ നിന്നും കൊച്ചിയിലെ സ്റ്റുഡിയോയിലേക്ക് എത്തിക്കാനായി പോയ കാർ ഡ്രൈവറായിരുന്ന പൾസർ സുനി തന്റെ സംഘവുമായി ചേർന്ന് യാത്രാമധ്യേ നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് നടിയെ മറ്റൊരു കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ഈ സംഭവത്തിലെ ഗൂഢാലോചന കുറ്റമാണ് പൊലീസ് എട്ടാം പ്രതിയായ ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ അറസ്റ്റിലായ അന്ന് മുതൽ ജയിലിലായ പൾസർ സുനിക്ക് ഇതുവരെ പുറത്തിറങ്ങാനും സാധിച്ചിട്ടില്ല.

കഴിഞ്ഞ ആറ് വർഷത്തോളമായി വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന പൾസർ സുനി ജാമ്യം നേടി പുറത്തിറങ്ങാനായി പല ശ്രമങ്ങളും നടത്തിയിരുന്നെങ്കിലും ഒന്നും വിജയം കണ്ടിരുന്നില്ല. ജാമ്യം തേടി പൾസർ സുനി കോടതിയിലെത്തുമ്പോഴെല്ലാം ശക്തമായ എതിർപ്പായിരുന്നു പ്രോസിക്യൂഷനും സർക്കാറും ഉയർത്തിയിരുന്നത്. ഹർജിയിൽ അതിജീവിതയുടേത് ഉൾപ്പടെ പൾസർ സുനിക്കെതിരായ മൊഴികൾ ഹാജരാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.

ആറ് വർഷമായി വിചാരണ തടവുകാരനായി കഴിയുകയാണ്. ഇതുവരെ ഒരുതവണ പോലും പുറത്തിറങ്ങിയിട്ടില്ല. തന്റെ കൂടെ പ്രതികളായിരുന്ന എല്ലാവരും പുറത്തിറങ്ങി. അതിനാൽ ജാമ്യത്തിന് അർഹനാണെന്നാണ് പൾസർ സുനിയുടെ വാദം. അതേസമയം പൾസർ സുനിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യതയില്ലെന്നാണ് നിയമവിദഗ്ദ്ധർ വ്യക്തമാക്കുന്നത്. 'പ്രതികളെ വിചാരണ തടവുകാരായി തുടരുമ്പോൾ അവർക്ക് ജാമ്യത്തിന് സാധ്യത ഉണ്ട്. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ അത്തരത്തിലൊരു സാധ്യത ഇല്ല. അതിന് പ്രധാന കാരണം വിചാരണ തുടരുമ്പോൾ തന്നെ പൾസർ സുനിയുടെ ആവശ്യം സുപ്രീം കോടതി തള്ളിയതാണ്. അതുകൊണ്ട് തന്നെ ഹൈക്കോടതി പൾസർ സുനിയുടെ ആവശ്യം പരിഗണിക്കാൻ സാധ്യത ഇല്ല'- എന്നാണ് അഭിഭാഷകനായ പ്രിയദർശൻ തമ്പി വ്യക്തമാക്കിയത്.

പൾസർ സുനിയെ ഇത്രയും വർഷം വിചാരണ തടവുകാരനായി ജയിലിലിടാൻ സാധിക്കില്ലെന്നും പ്രധാന സാക്ഷിയെ അടക്കം കേസിൽ വിസ്തരിച്ച് കഴിഞ്ഞുവെന്നും ആകും പൾസർ സുനിയുടെ അപേക്ഷയിൽ പറയുന്നത്.