കൊച്ചി: കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നതിനെതിരായ ഹർജികൾ പുനഃപരിശോധിക്കേണ്ടതില്ലെന്നും ഹർജികൾ തള്ളണമെന്നും സെൻസർ ബോർഡ് ഹൈക്കോടതിയിൽ. സെൻസർ ബോർഡ് നിയമത്തിനെതിരായ ഭാഗങ്ങൾ സിനിമയിൽനിന്ന് നീക്കിയതിന് ശേഷമാണ് പ്രദർശനാനുമതി നൽകിയതെന്നും സെൻസർ ബോർഡ് മുംബൈ റീജിയണൽ ഓഫീസർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അതേസമയം സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഹൈക്കോടതി ഉയർത്തി.

കേരള സ്റ്റോറി എന്ന സിനിമക്കെതിരായ വാദങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനിടെ സിനിമ പ്രദർശിപ്പിക്കുന്നതിന് എന്താണ് തടസ്സമെന്ന് കോടതി ചോദിച്ചു. കൂടാതെ സാങ്കൽപികമായ കാര്യങ്ങളാണ് സിനിമക്കുള്ളിലുള്ളതെന്നും അത് എന്തിന് എതിർക്കണമെന്നും ഹൈക്കോടതി ചോദിച്ചു. സെൻസർ ബോർഡ് വിശദമായ പരിശോധനകൾക്ക് ശേഷമാണ് സിനിമക്ക് പ്രദർശനാനുമതി നൽകിയിരിക്കുന്നത്. അതിൽ ഇടപെടേണ്ടുന്നതിന്റെ ആവശ്യമെന്താണെന്നാണ് കോടതി ചോദിക്കുന്നത്.

മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിച്ചോളും. ചിത്രം പ്രദർശിപ്പിക്കുന്നതു കൊണ്ട് ഒന്നും സംഭവിക്കില്ല. ചിത്രത്തിന്റെ ടീസർ ഇറങ്ങിയത് നവംബറിലാണ്. ആരോപണവുമായി വരുന്നത് ഇപ്പോഴല്ലേയെന്നും കോടതി ചോദിച്ചു. അതേസമയം നിഷ്‌കളങ്കരായ ജനങ്ങളുടെ മനസ്സിൽ വിഷം കുത്തിവയ്ക്കുകയാണ് ചിത്രത്തിലൂടെയെന്ന് ഹർജിക്കാർ വാദിച്ചു. കുറ്റകരമായ എന്താണ് ചിത്രത്തിലുള്ളതെന്ന് ഹർജിക്കാരോട് കോടതി ചോദിച്ചു.

അല്ലാഹുവാണ് ഏകദൈവം എന്ന് ചിത്രത്തിൽ പറയുന്നതിൽ എന്താണ് തെറ്റ് ഒരാൾക്ക് തന്റെ മതത്തിലും ദൈവത്തിലും വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും ഉള്ള അവകാശം രാജ്യം പൗരന് നൽകുന്നുണ്ട്. കുറ്റകരമായ എന്താണ് ട്രെയിലറിലുള്ളതെന്ന് ഹർജിക്കാരോട് കോടതി ചോദിച്ചു. ചിത്രത്തിന്റെ ടീസറും ,ട്രെയിലറും ഹൈക്കോടതി പരിശോധിച്ചു. ഇസ്ലാം മതത്തിനെതിരെ ചിത്രത്തിന്റെ ട്രെയിലറിൽ പരാമർശം ഒന്നും ഇല്ല. ഐഎസിനെതിരെയല്ലെ പരാമർശം ഉള്ളതെന്നു കോടതി ചോദിച്ചു.

ഇത്തരം ഓർഗനൈസേഷൻസിനെപ്പറ്റി എത്രയോ സിനിമകളിൽ ഇതിനകം വന്നിരിക്കുന്നു. ഹിന്ദു സന്യാസിമാർക്കെതിരെയും ക്രിസ്ത്യൻ വൈദികർക്കെതിരെയും മുൻപ് പല സിനിമകളിലും പരാമർശങ്ങളും മറ്റും ഉണ്ടായിട്ടുണ്ടല്ലോയെന്ന് കോടതി ചോദിച്ചു. ഫിക്ഷൻ എന്ന രീതിയിലല്ലേ ഇതിനെയൊക്കെ കണ്ടത്. ഇപ്പോൾ മാത്രമെന്താണ് ഇത്ര പ്രത്യേകതഈ സിനിമ ഏതു തരത്തിലാണ് സമൂഹത്തിൽ വിഭാഗീയതയും സംഘർഷവും സൃഷ്ടിക്കുന്നതെന്നും കോടതി ചോദിച്ചു. കേരളത്തിൽ ലൗജിഹാദ് ഉണ്ടെന്ന് ഇതുവരെ ഒരു ഏജൻസിയും കണ്ടെത്തിയിട്ടില്ലെന്ന് ഹരജിക്കാർ വാദിച്ചു.

കോടതിയിൽ സെൻസർ ബോർഡ് വിശദമായ എതിർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സെൻസർ നിയമപ്രകാരമാണ് സിനിമക്ക് അനുമതി നൽകിയിട്ടുള്ളത്. എല്ലാ രേഖകളും വിശദമായി പരിശോധിച്ചിരുന്നു. ചലച്ചിത്ര പ്രവർത്തകർ സെൻസർ ബോർഡിന് മുമ്പാകെ സമർപ്പിച്ച സിനിമക്ക് അതേപടി അനുമതി നൽകുകയായിരുന്നില്ല. അതിൽ ചില മാറ്റങ്ങൾക്ക് നിർദ്ദേശിച്ചിരുന്നു. ആ മാറ്റങ്ങളോടുകൂടിയാണ് സിനിമക്ക് എ സർട്ടിഫിക്കറ്റ് നൽകുകയും പ്രദർശനത്തിന് അനുമതി നൽകുകയും ചെയ്തത്. കേരളത്തെ മോശമാക്കുന്നതോ കേരളത്തിൽ ആഭ്യന്തര പ്രശ്നങ്ങളുണ്ടാകുന്നതോ തരത്തിലുള്ള യാതൊന്നും ചിത്രത്തിൽ വരരുതെന്ന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് രേഖാമൂലം കോടതിയെ അറിയിച്ചിട്ടുണ്ട്.