- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക തർക്കം പരസ്പരം ചർച്ച ചെയ്ത് പരിഹരിച്ചുകൂടേ? കേന്ദ്രത്തോടും കേരളത്തോടും സുപ്രീംകോടതിയുടെ ചോദ്യം; തയ്യാറാണെന്ന് അറിയിച്ചു ഇരുകക്ഷികളും; ചർച്ചയുണ്ടെങ്കിൽ ഇന്നോ നാളെയോ ധനമന്ത്രി ഡൽഹിയിലെത്തും; കടമെടുക്കാൻ അടിയന്തര അനുമതി വേണമെന്ന് കേരളം
ന്യൂഡൽഹി: സാമ്പത്തിക വിഷയത്തിൽ കേരളവും കേന്ദ്രസർക്കാറുമായുള്ള തർക്കത്തിൽ ഇടപെട്ട് സുപ്രീംകോടതി. കേന്ദ്ര സർക്കാരുകൾക്ക് ചർച്ച നടത്തി പരിഹാരം കണ്ടെത്തിക്കൂടേയെന്ന ചോദ്യവുമായി സുപ്രീം കോടതി രംഗത്തുവന്നു. കേന്ദ്ര സർക്കാർ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളസർക്കാർ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ ചോദ്യം.
ചർച്ചയ്ക്കു തയാറാണെന്ന് കേരളവും കേന്ദ്രവും മറുപടി നൽകി. കേരള ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും കേന്ദ്രവുമായി ചർച്ച നടത്തട്ടെയെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഇന്ന് രണ്ടു മണിക്ക് നിലപാട് അറിയിക്കാൻ സുപ്രീം കോടതി പറഞ്ഞു. ചർച്ചയുണ്ടെങ്കിൽ ഇന്നോ നാളെയോ ധനമന്ത്രി ഡൽഹിയിൽ എത്തുമെന്ന് കേരളം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചത് അടക്കമുള്ള കേന്ദ്ര തീരുമാനങ്ങൾക്കെതിരെയാണ് കേരള സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.
സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമായി അടിയന്തിരമായി കടമെടുക്കാനുള്ള അനുവാദവും കേരളം തേടിയിട്ടുണ്ട്. കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് പരാജയമായതിനാലാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ഹർജി തള്ളണമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വാദം. എ ജി ഇക്കാര്യത്തിൽ വിശദമായ കുറിപ്പും ധനകാര്യ മന്ത്രാലയം സത്യവാങ്മൂലവും സമർപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ സത്യവാങ്മൂലത്തിന് മറുപടി സമർപ്പിക്കാൻ മൂന്നാഴ്ചത്തെ സമയവും കേന്ദ്രം തേടിയിട്ടുണ്ട്.
കേരളത്തിന് ഇനിയും കടമെടുക്കാൻ അനുമതി നൽകുന്നത് സാമ്പത്തിക ചട്ടക്കൂടിനെ ദോഷകരമായി ബാധിക്കും. സംസ്ഥാനങ്ങളുടെ മോശം സാമ്പത്തിക മാനേജ്‌മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാകും. കടമെടുപ്പിന് അനുമതി നൽകുന്നത് ദീർഘകാല അടിസ്ഥാനത്തിൽ നല്ലതല്ല. വായ്പാച്ചെലവ് കൂട്ടുകയും സാമ്പത്തികപ്രതിസന്ധിയിലേക്കു നയിക്കുകയും ചെയ്യും. ഭരണഘടനാ വ്യവസ്ഥകൾ ഉപയോഗിച്ചു കേരളത്തിന്റെ കടമെടുപ്പു തോത് കേന്ദ്രം നിയന്ത്രിച്ചില്ലായിരുന്നെങ്കിൽ കേരളം ഇതിലും വലിയ പ്രതിസന്ധിയിലാകുമായിരുന്നുവെന്നും മറുപടിയിൽ പറയുന്നു.
ഏതു സർക്കാർ സ്ഥാപനം എടുക്കുന്ന വായ്പയും സംസ്ഥാനകടമായി കേന്ദ്രം പരിഗണിക്കുന്നുവെന്ന കേരളത്തിന്റെ വാദവും സത്യവാങ്മൂലത്തിൽ തള്ളി. കെഎസ്ആർടിസി, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്ക് എടുക്കുന്ന വായ്പകൾക്ക് എതിരല്ലെന്നും കേന്ദ്രം അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ