- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ മകൾ കരിമണൽ കർത്തായുടെ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങിയത് അഴിമതി; ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിൽ അന്വേഷണം വേണം; മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി
കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. ഇതേ ആവശ്യം നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയിരുന്നു. ആരോപണം തെളിയിക്കുന്നതിനാവശ്യമായ പ്രാഥമിക തെളിവുകൾ പോലും ഹർജിയിൽ ഇല്ലെന്നായിരുന്നു കണ്ടെത്തൽ. ഈ ഉത്തരവ് ചോദ്യം ചെയ്താണ് റിവിഷൻ ഹർജി.
മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും അവരുടെ സ്ഥാപനത്തിനും കൊച്ചിയിലെ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി നൽകിയെന്ന ഇൻകം ടാക്‌സ് കണ്ടെത്തൽ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഹർജിയിലെ പ്രധാന വാദം. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു മുൻഹർജിയിലെ ആവശ്യം. മുഖ്യമന്ത്രിയെന്ന പദവിയുടെ തണലിലാണോ മകൾ വീണ പണം വാങ്ങിയതെന്ന് പരിശോധിക്കണം. കൊച്ചിയിലെ സിഎംആർഎൽ കമ്പനി പണം നൽകിയ രാഷ്ടീയ നേതാക്കൾക്കെതിരെ അന്വേഷണം വേണം എന്നിങ്ങനെയുള്ള ആവശ്യങ്ങളായിരുന്നു ഹർജിക്കാരൻ ഉന്നയിച്ചിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് തുടങ്ങി 12 പേരെ എതിർകക്ഷികളാക്കിയായിരുന്നു ഹർജി. തെളിവുകളുടെ അഭാവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിടാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹീംകുഞ്ഞ് എന്നിവർക്കെതിരേ അന്വേഷണം വേണമെന്ന ഹർജിയും കോടതി അംഗീകരിച്ചില്ല കുറ്റകൃത്യം നടന്നുവന്ന തെളിയിക്കാനുള്ള രേഖകളില്ല. പത്രവാർത്തകളുടെ പേരിൽ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. പിണറായി വിജയന്റെ മകൾ വീണ വിജയനടക്കം കരിമണൽ കമ്പനിയോട് വാങ്ങിയത് മാസപ്പടിയാണെന്നും അന്വേഷിച്ച് നടപടിയെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്ന് വീണ 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു നേരത്തെ ഉയർന്ന ആരോപണം. കൂടാതെ മുൻ വർഷങ്ങളിൽ 81.48 ലക്ഷം രൂപ വേറെയും വാങ്ങിയതായി രേഖകളുണ്ടെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു. അതേസമയം വിഷയത്തിൽ മുഖ്യമന്ത്രിയും മകൾ വീണയും ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.
സിഎംആർഎൽ മാസപ്പടി വിവാദത്തിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്ന ആവശ്യം യാഥാർഥ്യബോധത്തിന് നിരക്കുന്നതല്ലെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്. പാർട്ടി മുഖപത്രം ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എക്സാ ലോജിക് കമ്പനിക്കും അതിന്റെ ഡയറക്ടർ ടി വീണയ്ക്കും 1.72 കോടി രൂപ ലഭിച്ചത് ബാങ്ക് വഴി സുതാര്യമായാണ്. ഈ തുകയുമായി ബന്ധപ്പെട്ട് ആദായ നികുതി റിട്ടേണുകൾ രേഖപ്പെടുത്തുകയും നികുതി അടയ്ക്കുകയും ചെയ്തിട്ടുണ്ടെന്നുമാണ് സിപിഎം നിലപാട്. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് വീണ വിജയൻ സേവനങ്ങളൊന്നും നൽകാതെ പണം കൈപ്പറ്റിയെന്നാണ് വിവാദം.
മറുനാടന് മലയാളി ബ്യൂറോ