- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.കെ.ലതികയെ നിയമസഭയിൽ വച്ച് കൈയേറ്റം ചെയ്തുവെന്ന പരാതി; മുൻ എംഎൽഎമാരായ വാഹിദിനും ജോർജിനുമെതിരെ വാറണ്ട്; നടപടി, നിരന്തരം ആവശ്യപ്പെട്ടിട്ടും ഇരുവരും ഹാജരാകാത്തതിനാൽ
തിരുവനന്തപുരം: കുറ്റ്യാടി എംഎൽഎ ആയിരുന്ന കെ.കെ. ലതികയെ നിയമസഭയിൽ വച്ച് കൈയേറ്റം ചെയ്തുവെന്ന കേസിൽ കോൺഗ്രസിലെ രണ്ട് മുൻ എംഎൽഎമാർക്കെതിരെ വാറണ്ട്. 2015 മാർച്ച് 13ന് നിയമസഭയിൽ കയ്യാങ്കളി നടന്ന ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എംഎൽഎമാരായിരുന്ന എം.എ വാഹിദ്, എ.ടി ജോർജ് എന്നിവർക്കെതിരേയാണ് വാറണ്ട്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
2015 മാർച്ച് 13ന് അന്ന് ധനമന്ത്രി ആയിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ ഇടത് എംഎൽഎമാർ സഭയ്ക്കുള്ളിൽ നടത്തിയ പ്രതിഷേധം കയ്യാങ്കളിയിലേക്കെത്തിയതിനിടെയാണ് കുറ്റ്യാടി എംഎൽഎ ആയിരുന്ന ലതികയ്ക്ക് മർദ്ദനമേറ്റത്. കെ.കെ.ലതിക തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് നൽകിയ പരാതിയിലാണ് കോടതി കേസെടുത്തിരുന്നത്. ഈ കേസിലാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇരുവരോടും ഹാജരാകണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും എത്താത്തിനെ തുടർന്നാണ് വാറണ്ട്.
ബജറ്റ് അവതരണം തടയാൻ ഇടത് എംഎൽഎമാർ പ്രതിഷേധിച്ചപ്പോൾ യുഡിഎഫ് എംഎൽഎമാർ പ്രതിരോധിച്ചിരുന്നു. ഇതിനിടെ പ്രതിരോധം മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിക്കുന്നതിനിടെയാണ് കെകെ ലതികയ്ക്ക് മർദ്ദനമേറ്റത് എന്നാണ് കേസ്. എം.എ വാഹിദ് കഴക്കൂട്ടത്തേയും എ.ടി ജോർജ് പാറശ്ശാലയിൽ നിന്നുമുള്ള എംഎൽഎമാരായിരുന്നു. ഇരുവരും സിറ്റിങ് മണ്ഡലങ്ങളിൽ 2021ൽ തോൽക്കുകയും ചെയ്തിരുന്നു.