ന്യൂഡൽഹി: സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ വിധിയിൽ സംസ്ഥാന സർക്കാറിന് വീണ്ടും തിരിച്ചടി. വിധിക്കെതിരെ മുൻ വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസ് നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് പുനഃപരിശോധനാ ഹർജി തള്ളിയത്. ഇത് കൂടാതെ മുൻവിധിയിലെ വിശദാംശങ്ങളിലും കോടതി വ്യക്തത വരുത്തി.

നിയമനം റദ്ദാക്കിയ വിധിയിൽ ഇതുവരെ ലഭിച്ച ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് ഒരു നിലപാടും വ്യക്തമാക്കിയിട്ടില്ലെന്ന് പുനഃപരിശോധന ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം വൈസ് ചാൻസലർ ആയിരുന്ന കാലയളവിലുള്ള പെൻഷന് രാജശ്രീക്ക് അർഹത ഉണ്ടായിരിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജഡ്ജിമാർ ചേമ്പറിൽ പരിഗണിച്ചാണ് ഡോ. രാജശ്രീ എം എസിന്റെ പുനഃപരിശോധന ഹർജി തള്ളിയത്. രാജശ്രീയുടെ നിയമനം വോയ്ഡ് അബ് ഇനിഷ്യോ എന്നാണ് ജസ്റ്റിസുമാരായ എം.ആർ ഷായും, സി.ടി രവികുമാറും അടങ്ങിയ ബെഞ്ച് നേരത്തെ വിധിച്ചിരുന്നത്. അതിനാൽ തന്നെ ഈ സേവനം പെൻഷന് കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിധിക്ക് മുൻകാല പ്രാബല്യം നൽകരുത് എന്നാണ് പുനഃപരിശോധന ഹർജിയിൽ രാജശ്രീ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.

വൈസ് ചാൻസലർ സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രം ശുപാർശ ചെയ്ത സെലക്ഷൻ കമ്മിറ്റിയുടെ നടപടി തെറ്റാണെങ്കിൽ അതിന് നിരപരാധിയായ താൻ ഇരയാകുക ആയിരുന്നുവെന്നും പുനഃപരിശോധന ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി സമൂഹത്തിന് മുന്നിലും, സഹപ്രവർത്തകർക്ക് മുന്നിലും തന്നെ അപമാനിതയാക്കി. തന്നെ ബഹുമാനത്തോടെ കണ്ടിരുന്ന വിദ്യാർത്ഥികൾക്ക് മുന്നിലും താൻ അപമാനിതയായെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത പുനഃപരിശോധന ഹർജിയിൽ ഡോ. രാജശ്രീ എം.എസ് വ്യക്തമാക്കിയിരുന്നു.

പുനഃപരിശോധന ഹർജി തള്ളിയതോടെ തിരുത്തൽ ഹർജി നൽകുക എന്ന നിയമപരമായ സാധ്യത മാത്രമാണ് രാജശ്രീക്ക് മുന്നിൽ ഇനി അവശേഷിക്കുന്നത്. അതേസയം സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ ആ ഹർജി ഇത് വരെയും ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടില്ല.

ഡോ രാജശ്രീയുടെയുടെ ഹർജി ആദ്യം ഫയൽ ചെയ്തത് കാരണമാണ് ആദ്യം ലിസ്റ്റ് ചെയ്തത് എന്ന് സുപ്രീം കോടതി വൃത്തങ്ങൾ വ്യക്തമാക്കി. മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്റെ നിയമ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ആണ് സംസ്ഥാന സർക്കാർ പുനഃപരിശോധന ഹർജി ഫയൽ ചെയ്തത്. സർക്കാർ താൽപ്പര്യം മുൻനിർത്തിയുള്ള കേസിൽ നിയമ നടപടികൾക്കായി ഖജനാവിൽ നിന്നും ലക്ഷങ്ങളാണ് സർക്കാർ ചെലവാക്കുന്നത്.