കൊച്ചി :സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വി സി യായി സിസ തോമസിനെ നിയമിച്ച വിഷയത്തിൽ വിമർശനവുമായി ഹൈക്കോടതി.വി സി യുടെ നിയമന കാര്യത്തിൽ ഗവർണർക്കും സർക്കാരിനും ഹൈക്കോടതിയുടെ വിമർശനമേറ്റു.സർവ്വകലാശാലകളിൽ ആരെയെങ്കിലും വിസിയായി നിയമിക്കാനാകില്ലെന്നായിരുന്നു കെടിയു കേസിൽ ഹൈക്കോടതിയുടെ പരാമർശം.താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെ ചാൻസിലർ കൂടിയായ ഗവർണർ നിയമിച്ചത് ഫോണിൽ പോലും വിളിച്ച് ചോദിക്കാതെയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. ചുമതല പ്രോ വിസിക്ക് നൽകുന്നതിൽ നിയമതടസമില്ലെന്നും കോടതിയിൽ സർക്കാർ വാദിച്ചു.

കെടിയു താൽക്കാലിക വിസി യായി നിയമനത്തിനെതിരെയാണ് സർക്കാർ കോടതി കയറിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഡോ. സിസ തോമസിനെ താൽക്കാലിക വിസിയായി നിയമിച്ചത് ഒരു കൂടിയാലോചനയുമില്ലാതെയാണെന്നാണ് സർക്കാർ ഹൈക്കോടതിയിൽ വാദിച്ചത്. വിസിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി ഫോണിൽ പോലും ചാൻസിലർ ആശയ വിനിമയം നടത്തിയില്ല. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിയമനമുണ്ടായത്. വൈസ് ചാൻസിലറുടെ ചുമതല പ്രോ വൈസ് ചാൻസലർക്ക് നൽകുന്നതിൽ നിമയ തടസമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

വൈസ് ചാനസിലറെ നിയമക്കുമ്പോൾ ചാൻസിലർ സർക്കാരുമായി കൂടിയാലോചന നടത്തണമെന്നാണ് നിയമമെന്നും സർക്കാർ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇത് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.ഇതിന് മറുപടിയായി വിസിയുടെ ചുമതല വഹിക്കാൻ പറ്റിയ പ്രൊഫസർമാർ സാങ്കേതിക സർവകലാശാലയിൽ ഇല്ലായിരുന്നോയെന്ന് സർക്കാരിനോട് കോടതി ആരാഞ്ഞു.അത്തരത്തിലുള്ളവർ ഉണ്ടായിരുന്നില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. യോഗ്യരായ മറ്റ് വൈസ് ചാൻസലർമാർക്ക് ചുമതല കൈമാറാമായിരുന്നെന്നും സർക്കാർ കോടതിയെ അറിയിച്ചു.

എന്നാൽ ഏറെ പ്രധാനപ്പെട്ട തസ്തികയാണ് വൈസ് ചാൻസലറുടേതെന്ന് നിരീക്ഷിച്ച കോടതി, അതീവ ശ്രദ്ധയോടെയും കരുതലോടെയുമാണ് ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും ആരെയെങ്കിലും വിസിയായി നിയമിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി.

താൽക്കാലിക വി സി നിയമനത്തിൽ ഗവർണർക്കും കോടതിയുടെ വക വിമരശനമുണ്ടായി.വിസി സ്ഥാനത്തേക്ക് ഡോ. സിസ തോമസിന്റെ പേര് ആരാണ് നിർദ്ദേശിച്ചതെന്ന് കോടതി ഗവർണറോട് ചോദിച്ചു.മറ്റ് വിസിമാർക്ക് ചുമതല നൽകാമായിരുന്നില്ലേയെന്നും പ്രോ വിസി ലഭ്യമായിരുന്നോയെന്നും ഇതൊക്കെയുണ്ടെങ്കിൽ എങ്ങനെ സിസ തോമസിന്റെ പേരിലേക്കെത്തി തുടങ്ങിയ ചോദ്യങ്ങളും കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായി.വിസി എന്നത് കൂടുതൽ ഉത്തരവാദിത്തമുള്ള ജോലിയാണെന്ന് ഓർമ്മിപ്പിച്ച കോടതി ഒരു ദിവസമാണ് വിസിയുടെ പോസ്റ്റിൽ ഇരിക്കുന്നതെങ്കിൽ പോലും അയാൾ വി സി തന്നെയാണെന്നും സെലക്ഷൻ കമ്മിറ്റി പരിശോധന നടത്തിയതിന് ശേഷമേ തിരഞ്ഞെടുപ്പ് നടത്താൻ പാടുള്ളൂവെന്നും കോടതി നിർദ്ദേശിച്ചു.

അദ്ധ്യാപന പരിചയവും വേണ്ടത്ര യോഗ്യതകളും സിസ തോമസിനുണ്ടെന്നായിരുന്നു ഇതിന് ഗവർണറുടെ അഭിഭാഷകൻ മറുപടി നൽകിയത്. സർക്കാർ നൽകിയ പേരുകളിലുള്ളവർക്ക് വേണ്ട യോഗ്യതയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് സ്വന്തം നിലയിൽ സിസ തോമസിനെ തെരഞ്ഞെടുത്തതെന്നും ഗവർണറുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.എന്നാൽ എങ്ങനെയാണ് സിസ തോമസിലേക്ക് എത്തിയതെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടില്ലല്ലോയെന്നായിരുന്നു ഇതിനുള്ള കോടതിയുടെ മറുപടി.