- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിക്ക് മുപ്പത്തിയൊന്നര വർഷത്തെ അദ്ധ്യാപന പരിചയം; ചാൻസലറായ ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ സർക്കാരിന് കഴിയില്ല; സാങ്കേതിക സർവകലാശാല താൽക്കാലിക വിസി നിയമനത്തിൽ സർക്കാരിന്റെ ഹർജി ചോദ്യം ചെയ്ത് ഡോ.സിസ തോമസ്; ചുമതല ഏറ്റെടുത്തപ്പോൾ നേരിടേണ്ടി വന്ന എതിർപ്പും പ്രതിഷധവും രേഖപ്പെടുത്തി സത്യവാങ്മൂലം; സുപ്രീം കോടതിയിൽ പുനഃ പരിശോധന ഹർജി നൽകി മുൻ വിസി ഡോ.രാജശ്രീ
കൊച്ചി: ഡോ. എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിസി നിയമനത്തിന് എതിരായ സർക്കാരിന്റെ ഹർജി ചോദ്യം ചെയ്ത് ഡോ.സിസ തോമസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. വിസിയാവാൻ തനിക്ക് യോഗ്യതയുണ്ടെന്നാണ് ഡോ.സിസ തോമസ് സത്യവാങ്മൂലത്തിൽ പറയുന്നത്.
''തനിക്ക് മുപ്പത്തിയൊന്നര വർഷത്തെ അദ്ധ്യാപന പരിചയമുണ്ട്. പ്രൊഫസർ എന്ന നിലയിൽ 13 വർഷത്തെ പ്രവർത്തി പരിചയവുമുണ്ട്. ചാൻസലറായ ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ സർക്കാരിന് കഴിയില്ല'' സത്യവാങ്മൂലത്തിൽ പറയുന്നു. സിസാ തോമസിന്റെ നിയമനം ചട്ടവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം.
കെടിയു താൽക്കാലിക വി സി നിയമനത്തിൽ പ്രഥമദൃഷ്ട്യാ നിയമപ്രശ്നമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വി സി നിയമനത്തിനെതിരായ സർക്കാർ വാദത്തിൽ കഴമ്പുണ്ടെന്നും കോടതി പറഞ്ഞിരുന്നു. വി സി നിയമനത്തിന് മുൻപായി വിദ്യാഭ്യാസ യോഗ്യത പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. വി സി നിയമനത്തിലെ നിയമപ്രശ്നങ്ങൾ സർക്കാർ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടൽ. ഗവർണർ നടത്തിയ നിയമനം സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള സർക്കാരിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു.
എന്നാൽ, സർക്കാരിന്റെ ഹർജി നിലനിൽക്കില്ലെന്നാണ് സിസ തോമസിന്റെ വാദം. സർക്കാരിന് വേണ്ടി കോടതിയെ സമീപിക്കാൻ അഡീഷണൽ സെക്രട്ടറിക്ക് അധികാരമുണ്ടോയെന്ന് പരിശോധിക്കണമെന്നും സത്യവാങ്മൂലത്തിൽ സിസ തോമസ് വ്യക്തമാക്കുന്നു. ചുമതലയേറ്റെടുക്കാൻ എത്തിയപ്പോഴുണ്ടായ ദിവസം മുതൽ സർവകലാശാല ഉദ്യോഗസ്ഥരുടെയടക്കം ഭാഗത്ത് നിന്നുമുണ്ടായ എതിർപ്പും പ്രതിഷേധവും ഉൾപ്പെടുത്തിയാണ് ഡോ. സിസ തോമസ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
ഇക്കാര്യത്തിൽ മറുപടി നൽകുന്നതിനായി യുജിസിയുടെ നിയമങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് ചാൻസലർ കൂടിയായ ഗവർണർ കോടതിയെ അറിയിച്ചിരുന്നു. മറുപടി നൽകാൻ ഗവർണർ കൂടുതൽ സമയം തേടി. നവംബർ 18ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് വിഷയം വീണ്ടും പരിഗണിക്കും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ഡോ. സിസ തോമസിന് ചാൻസലർ വിസിയുടെ ചുമതല നൽകിയത് കെടിയു ആക്ടിന്റെ ലംഘനമാണെന്ന് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കെടിയു ആക്ട് പ്രകാരം വൈസ് ചാൻസലറുടെ ഒഴിവുണ്ടായാൽ മറ്റേതെങ്കിലും വിസിക്കോ, കെടിയു പ്രോ വൈസ് ചാൻസലർക്കോ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ ചുമതല കൈമാറണമെന്നാണ് ചട്ടമെന്നും സർക്കാർ വ്യക്തമാക്കുന്നു.
അതേസമയം, കെടിയു വിസി നിയമനം റദ്ദാക്കിയ വിധിക്ക് മുൻകാല പ്രാബല്യം നൽകരുതെന്നാവശ്യപ്പെട്ടാണ് ഡോ. രാജശ്രീ സുപ്രീംകോടതിയിൽ പുനപരിശോധനാ ഹർജി നൽകി. നിയമനം റദ്ദാക്കിയതിന് മുൻകാല പ്രാബല്യം നൽകി, ശമ്പളവും മറ്റ് അനുകൂല്യം തിരിച്ചുപിടിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. വിസി സ്ഥാനത്തേക്ക് ഒരാളുടെ പേരുമാത്രം ശുപാർശ ചെയ്ത സേർച്ച് കമ്മിറ്റിയുടെ നടപടി തെറ്റാണെങ്കിൽ, അതിന് നിരപരാധിയായ താൻ ഇരയാകുകയായിരുന്നു എന്നും ഡോ.രാജശ്രീയുടെ ഹർജിയിൽ വാദിക്കുന്നു, ഡോ. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെ ടി യു) വൈസ് ചാൻസലരായി ഡോ. രാജശ്രീ എം എസിന്റെ നിയമനം സുപ്രീം കോടതിയാണ് റദ്ദാക്കിയത്.
നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന ഹർജിയിലായിരുന്നു ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. കെ ടി യു വൈസ് ചാൻസലറായി ഡോ. എം എസ് രാജശ്രീയെ നിയമിച്ചത് ചോദ്യം ചെയ്തുകൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ പി എസ് ശ്രീജിത്താണ് കോടതിയെ സമീപിച്ചത്. യുജിസി ചട്ടങ്ങൾ ഒരിക്കൽ അംഗീകരിച്ചിട്ടുണ്ടെങ്കിൽ, അത് നടപ്പാക്കാൻ ബാധ്യത ഉണ്ടെന്ന സുപ്രീംകോടതിയുടെ സമീപകാല വിധിയുടെ അടിസ്ഥാനത്തിയിരുന്നു നടപടി.