കോഴിക്കോട്: കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരെ രൂക്ഷമായി അധിക്ഷേപിച്ച് ഇ കെ വിഭാഗം സമസ്ത നേതാവ് കുട്ടി ഹസ്സൻ ദാരിമി. നോളജ് സിറ്റി എന്ന പേരിൽ കുറേ കെട്ടിടങ്ങൾ ഉണ്ടാക്കിയാൽ അതൊരു യോഗ്യതയാകുമോ എന്നാണ് ദാരിമിയുടെ ചോദ്യം. ടൂറിസത്തിന്റെ പേരിൽ ഉടുക്കാതെയും ഉടുത്തിട്ടും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്വിമ്മിങ് പൂൾ ഉണ്ടാക്കുന്നത് വലിയ കാര്യമല്ല. മസ്ജിദിന്റെ പേരിൽ കുറേ മുറികളുള്ള കെട്ടിടം നോളജ് സിറ്റിയിൽ ഉണ്ടാക്കിയിട്ടുണ്ട്. അവിടെ ആദ്യമായി നിസ്‌ക്കരിച്ച ഇമാമിന് രോഗം വന്നില്ലേ. ഇതൊക്കെ മനസ്സിലാക്കേണ്ടവർക്ക് മനസ്സിലാകാൻ പടച്ച തമ്പുരാൻ കാണിച്ചു തരുന്ന ദൃഷ്ടാന്തങ്ങളാണ് എന്നൊക്കെയാണ് ദാരിമി പറയുന്നത്.

ദുബായ് ഷെയ്ക്ക് 125 നില ബിൽഡിങ് ഉണ്ടാക്കിയ ആളാണ്. ദുബായിൽ ഒരു കൊല്ലം കൊണ്ട് ആയിരക്കണക്കിന് കെട്ടിടങ്ങളാണ് ഉണ്ടാക്കിയത്. കുറേ കെട്ടിടങ്ങളുണ്ടാക്കിയെന്ന് കരുതി ദുബായ് ഷെയ്ക്കിന് വേറെന്ത് യോഗ്യതയാണുള്ളത്. ഇതുപോലെ ആരോടെങ്കിലും ഷെയറ് പിരിച്ച് നോളജ് സിറ്റി എന്ന പേരിൽ കുറേ കെട്ടിടങ്ങൾ ഉണ്ടാക്കിയാൽ അതൊരു യോഗ്യതയാകുമോ എന്നും ദാരിമി ചോദിക്കുന്നു.

കാന്തപുരം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതും ദാരിമി പ്രസംഗത്തിൽ പരാമർശിക്കുന്നുണ്ട്. കാന്തപുരത്തെ കോഴിക്കോട്ടെ മുജാഹിദുകളുടെ മൈത്ര ആശുപത്രിയിലാണ് ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് പരിഹാസത്തോടെയുള്ള ഇദ്ദേഹത്തിന്റെ സംസാരം. വർഷങ്ങൾക്ക് മുമ്പ് കാന്തപുരത്തിന്റെ സുന്നി ടൈഗർ പ്രവർത്തകർ കെ എസ് ആർ ടി സി ബസിൽ വെച്ച് തന്നെ അക്രമിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഇദ്ദേഹം ആരോപിക്കുന്നു.

കുറ്റിക്കാട്ടൂർ യമാനിയ്യ കോളെജിൽ നടന്ന പ്രസംഗം വലിയ വിവാദമായിരിക്കുകയാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എ പി ഉസ്താദിനെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിലാണ് കുട്ടി ഹസ്സൻ ദാരിമി എന്ന മനുഷ്യക്കോലം പരിഹസിക്കുന്നതെന്ന് ആരോപിച്ച് കാന്തപുരം അനുയായികൾ രംഗത്തെത്തിയിട്ടുണ്ട്. നോളജ് സിറ്റിയെയും അവിടുത്തെ പള്ളിയെയും വരെ ദാരിമി നിന്ദിക്കുകയാണ്.

അങ്ങേയറ്റം മനുഷ്യത്വ രഹിതമായ ആക്ഷേപങ്ങളാണ് ഇദ്ദേഹം നടത്തുന്നത്. പണ്ഡിതൻ പോയിട്ട് ഒരു സാധാരണ മനുഷ്യന് പോലും പറയാൻ പറ്റാത്ത വാക്കുകളാണ് ഇദ്ദേഹത്തിൽ നിന്നുണ്ടായിട്ടുള്ളത്. മനുഷ്യത്വം തൊട്ട് തീണ്ടാത്ത ഇത്തരം ആളുകൾ സമൂഹത്തിന് അപമാനകരമാണെന്നും ഇവർ വ്യക്തമാക്കുന്നു. നോളജ് സിറ്റിയെ ചെറുതാക്കി കാണിക്കാൻ ദുബായ് ഭരണാധികാരിയെ നിസ്സാരപ്പെടുത്തിയെന്നും ഇവർ കുറ്റപ്പെടുത്തുന്നു. എ പി, ഇ കെ വിഭാഗങ്ങൾ തമ്മിൽ യോജിപ്പിനായുള്ള ചർച്ചകൾ ഉൾപ്പെടെ അടുത്ത കാലത്തായി നടന്നിരുന്നു. സുന്നികൾക്കിടയിലുള്ള യോജിപ്പും ഐക്യവും തകർക്കുന്ന നിലപാടാണ് ദാരിമി സ്വീകരിക്കുന്നതെന്നും ആക്ഷേപം ശക്തമായിട്ടുണ്ട്.

നേരത്തെയും കാന്തപുരത്തെ വിമർശിച്ച് ദാരിമി രംഗത്തെത്തിയിരുന്നു. എറണാകുളത്ത് നടന്ന പൗരത്വ പ്രക്ഷോഭത്തിൽ മുഖ്യപ്രഭാഷണം നടത്തിയത് കാന്തപുരമായിരുന്നു. ഇത് അദ്ദേഹം ശാഠ്യം പിടിച്ച് നേടിയെടുത്തതാണ് എന്നായിരിരുന്നു ദാരിമിയുടെ പരിഹാസം.