ന്യഡൽഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ലോക്സഭാ സെക്രട്ടറിയേറ്റ് പിൻവലിച്ചു. അയോഗ്യത ചോദ്യംചെയ്ത് ഫൈസൽ നൽകിയ ഹർജിയിൽ സുപ്രീംകോടതി വാദംകേൾക്കുന്നതിന് തൊട്ടുമുമ്പാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നടപടി. വധശ്രമക്കേസിൽ ലക്ഷദ്വീപ് കോടതി ശിക്ഷിച്ചതിനെ തുടർന്നായിരുന്നു മുഹമ്മദ് ഫൈസലിനെ ലോക്സഭാ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. എന്നാൽ, ഇതിന് പിന്നാലെ ശിക്ഷയും അതിന്റെ നടപ്പാക്കലും ഹൈക്കോടതി തടഞ്ഞിരുന്നു.

രണ്ട് മാസം മുമ്പാണ് ഹൈക്കോടതി മുഹമ്മദ് ഫൈസലിന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നിട്ടും ഈ വിധി നടപ്പിലാക്കാൻ ലോക്‌സഭാ സെക്രട്ടറിയേറ്റ് വൈകിപ്പിച്ചത്. കേസിലെ സെഷൻസ് കോടതി വിധിയും ശിക്ഷയും കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യത പിൻവലിച്ചിട്ടില്ലെന്നാണു ഫൈസലിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഇത് അടിയന്തരമായി പരിഗണിക്കണമെന്ന് ഫൈസലിന്റെ അഭിഭാഷകരായ അഭിഷേക് മനു സിങ്‌വി, കെ.ആർ.ശശിപ്രഭു എന്നിവർ ആവശ്യപ്പെട്ടിരുന്നു.

തുടർന്നാണ് ഹർജി ഇന്നു പരിഗണിക്കാമെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ഹൈക്കോടതി സ്റ്റേക്കെതിരെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഹർജി ഇന്നു പരിഗണിക്കാനിരിക്കെയാണ് ഫൈസലും കോടതിയെ സമീപിച്ചത്. ഇവ ഒരുമിച്ചു പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഇന്നലെ ഹർജി എത്തിയെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു . ഫൈസലിന്റെ കുറ്റവും ശിക്ഷയും സ്റ്റേ ച്യെത ഹൈക്കോടതി വിധിക്കെതിരെ ലക്ഷ്വദ്വീപ് ഭരണസമിതി നൽകിയ ഹർജിയും പരിഗണനയ്ക്ക് എത്തുന്നുണ്ട്.

വധശ്രമക്കേസിൽ കവരത്തി സെഷൻസ് കോടതി ശിക്ഷിച്ചതിനെ തുടർന്ന് ജനുവരി 11മുതലാണ് ഫൈസലിനെ ലോക്സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് ജനുവരി 13ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. തന്റെ ശിക്ഷ ജനുവരി 25ന് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും വിജ്ഞാപനം പിൻവലിക്കാൻ ലോക്‌സഭാ സെക്രട്ടേറിയറ്റ് തയാറായിരുന്നില്ല.