- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തിൽ രണ്ട് പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ; 1.65 ലക്ഷം രൂപ കൊല്ലപ്പെട്ട വനിതയുടെ സഹോദരിക്ക് പിഴയായി നൽകണം; വിധി പ്രഖ്യാപനം കൊലപാതകം നടന്ന് നാല് വർഷത്തിന് ശേഷം; ശിക്ഷ വിധിച്ചത് ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ
തിരുവനന്തപുരം: കോവളത്ത് ലാത്വാനിയൻ സ്വദേശിനിയായ വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. 1.65 ലക്ഷം രൂപ പിഴയായും നൽകണമെന്നും വിചാരണാ കോടതി വിധിച്ചു. പിഴത്തുക കൊല്ലപ്പെട്ട വനിതയുടെ സഹോദരിക്ക് പണം നൽകണമെന്നാണ് കോടതി ഉത്തരവിൽ വ്യക്തമാക്കി. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്.
ജീവിതാവസാനം വരെ പ്രതികൾ ജയിലിൽ കഴിയണമെന്നും കോടതി വിധിയിൽ പറയുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിലൂടെ രാജ്യത്തിനു തന്നെ മോശം പ്രതിച്ഛായയുണ്ടായി. കേരളത്തിലെത്തിയ വിനോദസഞ്ചാരി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത് ആദ്യമായാണ്. വിനോദസഞ്ചാരികൾക്കുമേൽ ഇത്തരം സംഭവങ്ങളുണ്ടാകുന്നത് തടയാൻ കഴിയുന്ന വിധിയുണ്ടാകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകളില്ലെന്നും സാഹചര്യതെളിവുകൾ മാത്രമാണുള്ളതെന്നും ഇരുവരും കുറ്റക്കാരല്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രായവും ജീവിത പശ്ചാത്തലവും പരിഗണിച്ച് വധശിക്ഷ നൽകരുതെന്നും പ്രതിഭാഗം പറഞ്ഞു.
നിങ്ങൾ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ തൂക്കുകയറാണെന്ന് അറിയാമോയെന്ന് ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പ്രതികളോട് കോടതി ചോദിച്ചിരുന്നു. ഞങ്ങൾക്ക് ജീവിക്കണമെന്ന് പറഞ്ഞ പ്രതികൾ കുറ്റബോധമുണ്ടെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് തങ്ങൾ കുറ്റം ചെയ്തിട്ടില്ലെന്നും പറഞ്ഞു. പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കുറ്റകൃത്യത്തിന്റെ ഗൗരവം, പ്രായം, വിദ്യാഭ്യാസം എന്നിവ കണക്കിലെടുത്ത് പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കോടതി വധശിക്ഷ ഒഴിവാക്കിയെങ്കിലും ജീവിതാവസാനം വരെ ശിക്ഷ വിധിച്ചത് പ്രതികൾക്ക കനത്ത ശിക്ഷയായി മാറുകയായിരുന്നു.
376 (എ) (ബലാൽസംഗം ചെയ്തു കൊലപ്പെടുത്തൽ), 376 (ഡി) (കൂട്ടബലാൽസംഗം) എന്നീ രണ്ടു വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും ഇതിനു വെവ്വേറെ ശിക്ഷയാണോ ആവശ്യമെന്നും കോടതി ആരാഞ്ഞിരുന്നു. ആയുർവേദ ചികിൽസയ്ക്കായി കേരളത്തിലെത്തിയ ലാത്വിയൻ സ്വദേശിയായ യുവതിയെ 2018 മാർച്ച് 14നാണ് കാണാതായത്. കടുത്ത വിഷാദരോഗത്തെ തുടർന്നാണ് യുവതിയെ സഹോദരി ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്. മാർച്ച് 14നു രാവിലെ ഒൻപതിനു പതിവു നടത്തത്തിനിറങ്ങിയ യുവതിയെ കാണാതാകുകയായിരുന്നു. ചൂണ്ടയിടാൻപോയ യുവാക്കളാണ് ഒരുമാസത്തിനുശേഷം അഴുകിയ നിലയിൽ മൃതദേഹം കാണുന്നത്. ഡിഎൻഎ പരിശോധനയിലൂടെയാണ് മരിച്ചത് വിദേശവനിതയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
സമീപത്ത് ചീട്ടുകളിച്ചിരുന്ന ആളുകളാണ് പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിനു നൽകിയത്. കോവളം ബീച്ചിൽ നിന്നു വാഴമുട്ടത്തെ കണ്ടൽക്കാടിന് അടുത്തുള്ള ക്ഷേത്ര ഓഡിറ്റോറിയം വരെ നടന്നെത്തിയ വനിതയെ ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന ഉമേഷ് കെണിയിൽ വീഴ്‌ത്തിയെന്നാണ് പൊലീസ് പറയുന്നത്. ലാത്വിയയിലാണു കുടുംബ വീടെങ്കിലും അയർലൻഡിലായിരുന്നു യുവതിയുടെ താമസം. ഹോട്ടൽ മാനേജ്‌മെന്റ് രംഗത്തായിരുന്നു യുവതിയും സഹോദരിയും പ്രർത്തിച്ചിരുന്നത്. ഇന്റർനെറ്റിലൂടെയാണു പോത്തൻകോട്ടെ ആയുർവേദ സെന്ററിനെക്കുറിച്ചറിഞ്ഞു രജിസ്റ്റർ ചെയ്തത്. മാർച്ച് 14നു രാവിലെ ഒൻപതിനു പതിവു നടത്തത്തിനിറങ്ങിയ യുവതിയെ കാണാതായതായി അന്നുതന്നെ സഹോദരിയും ആശുപത്രി ജീവനക്കാരും കോവളം, പോത്തൻകോട് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു.
കാര്യമായ അന്വേഷണം ഉണ്ടായില്ല. ഓട്ടോറിക്ഷയിൽ കോവളം ബീച്ചിൽ എത്തിയ യുവതി 800 രൂപ ഓട്ടോറിക്ഷക്കാരനു നൽകിയെന്നും തുടർന്നു നടന്നുപോയെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കോവളത്തെ ചില സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും കാര്യമുണ്ടായില്ല. വിഷാദരോഗിയായ യുവതി കടലിൽ അപകടത്തിൽപ്പെട്ടിരിക്കാമെന്ന സാധ്യതയിൽ കടൽത്തീരങ്ങൾ മാത്രം കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ ആദ്യഘട്ട അന്വേഷണം.
ചൂണ്ടയിടാൻപോയ യുവാക്കളാണ് ഒരുമാസത്തിനുശേഷം അഴുകിയ നിലയിൽ മൃതദേഹം കാണുന്നത്. ഡിഎൻഎ പരിശോധനയിലൂടെ മരിച്ചത് വിദേശവനിതയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സമീപത്ത് ചീട്ടുകളിച്ചിരുന്ന ആളുകളാണ് പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിനു നൽകിയത്. പ്രതികളുടെ വീടിനടുത്തുള്ളവരും നിർണായക വിവരങ്ങൾ നൽകി. കോവളം ബീച്ചിൽ നിന്നു വാഴമുട്ടത്തെ കണ്ടൽക്കാടിന് അടുത്തുള്ള ക്ഷേത്ര ഓഡിറ്റോറിയം വരെ നടന്നെത്തിയ വനിതയെ ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന ഉമേഷ് കെണിയിൽ വീഴ്‌ത്തിയെന്നാണ് പൊലീസ് പറയുന്നത്.
സുഹൃത്തായ ഉദയനുമൊത്തു യുവതിക്കു ലഹരി മരുന്നു നൽകി കാടിനുള്ളിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്തു. വൈകിട്ടോടെ ബോധം വീണ്ടെടുത്ത യുവതി കണ്ടൽക്കാട്ടിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസ് ഭാഷ്യം. ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ മൃതദേഹം സമീപത്തുള്ള മരത്തിൽ കാട്ടുവള്ളി ഉപയോഗിച്ചു കെട്ടിത്തൂക്കി. പിന്നീടുള്ള പല ദിവസങ്ങളിലും പ്രതികൾ സ്ഥലത്തെത്തി മൃതദേഹം നിരീക്ഷിച്ചു. ദിവസങ്ങൾ കഴിഞ്ഞു വള്ളി അഴുകിയതിനെത്തുടർന്നു ശരീരം പൊട്ടിവീണു. ശിരസ്സ് അറ്റുപോയി. ഉമേഷ് ലഹരിമരുന്ന്, അടിപിടി ഉൾപ്പെടെ 13 കേസുകളിലും ഉദയൻ ആറു കേസുകളിലും പ്രതിയാണ്. ഇയാളുടെ അതിക്രമത്തിനിരയായ ചിലർ നൽകിയ സൂചനകളാണ് ഉമേഷിലേക്കു പൊലീസിനെ എത്തിച്ചത്. ഇരുവരും ലഹരിമരുന്നിന് അടിമകളാണ്.