ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസ് ചൊവ്വാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി സുപ്രീംകോടതി. പിണറായി വിജയൻ ഉൾപ്പടെ മൂന്നു പേർ വിചാരണ നേരിടേണ്ടതില്ല എന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹർജിയാണ് സുപ്രീം കോടതിയിലെത്തിയിട്ടുള്ളത്.

നിലവിലെ പ്രതികൾ നൽകിയ അപ്പീലും കക്ഷി ചേരാനുള്ള വി എം.സുധീരന്റെ അപേക്ഷയും ഉൾപ്പെടെ ആകെ അഞ്ചു ഹർജികളാണ് സുപ്രീം കോടതി പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് രണ്ടാമത്തെ കേസായാണ് ലാവലിൻ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചിലെ നടപടികൾ പൂർത്തിയായാലേ മറ്റു കേസുകൾ പരിഗണിക്കൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹർജി പരിഗണിക്കുന്നതിൽ ചില സംശയങ്ങൾ ഇപ്പോഴുമുണ്ട്.

സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള ഹർജികളാണ് ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് പരിഗണിക്കുന്നത്. ഇത് ഏറെ നിർണ്ണായകമായ കേസാണ്. ഈ വാദം നീണ്ടു പോയാൽ അത് ലാവ്‌ലിൻ നീളുന്നതിന് കാരണമാകും. എങ്കിലും അധികം വൈകാതെ ലാവ്‌ലിനും സുപ്രീംകോടതിയുടെ തീർപ്പിന് എത്തുമെന്ന് ഉറപ്പാണ്. ഈ കേസിന് ഏറെ രാഷ്ട്രീയ മാനങ്ങളുണ്ട്. ഈ കേസിൽ സുപ്രീംകോടതിയുടെ ഉത്തരവ് സിപിഎമ്മിന് ഏറെ നിർണ്ണായകമാണ്. വിധി സിബിഐയ്ക്ക് അനുകൂലമായാൽ അത് കേരളാ മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടിയാകും.

പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവച്ചത്. ഹർജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേർന്ന ടി.പി.നന്ദകുമാറിന്റെ അഭിഭാഷക എം.കെ.അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കോടതി ഇനി മാറ്റരുതെന്ന പുതിയ നിർദ്ദേശം നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവും കോടതി ഇറക്കിയിട്ടുണ്ട്.

പിണാറായി വിജയൻ, മുൻ ഊർജ വകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ എത്തിയത്. നേരത്തെ കേസ് പരിഗണിച്ച കോടതി കെ.ജി.രാജശേഖരൻ നായർ, മുൻ ബോർഡ് ചെയർമാൻ ആർ. ശിവദാസൻ, ജനറേഷൻ വിഭാഗം മുൻ ചീഫ് എൻജിനീയർ എം കസ്തൂരിരംഗ അയ്യർ എന്നിവർ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ നോട്ടീസ് അയച്ചിരുന്നു.

കേസിൽ നന്ദകുമാറിന്റെ ഇടപെടലാണ് നിർണ്ണായകമായത്. ഇതിനൊപ്പം പരിവാർ നേതാവായ പ്രതീഷ് വിശ്വനാഥും കേസ് കോടതിയുടെ പരിഗണനയിൽ എത്തിക്കാൻ ഡൽഹി കേന്ദ്രീകരിച്ച് ചില ഇടപെടൽ നടത്തി. ഇതെല്ലാം സുപ്രീംകോടതിയുടെ ഇടപെടലുകളിൽ നിർണ്ണായകമായി. ഹർജികൾ സുപ്രീം കോടതി സെപ്റ്റംബർ 13നു പരിഗണിക്കുമെന്നു മുൻപു വ്യക്തമാക്കിയിരുന്നു. ഹർജികൾ പലതവണ ലിസ്റ്റ് ചെയ്തിട്ടും മാറിപ്പോകുന്നതു ഹർജിക്കാരിൽ ഒരാളായ ടി.പി.നന്ദകുമാറിന്റെ അഭിഭാഷക എം.കെ.അശ്വതി കോടതിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു സെപ്റ്റംബർ 13ലെ പട്ടികയിൽനിന്ന് ഹർജികൾ നീക്കരുതെന്നു ജസ്റ്റിസ് യു.യു.ലളിത് നിർദ്ദേശിച്ചത്.

എന്നാൽ ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ നടപടികൾ പൂർത്തിയാവുകയോ ഭരണഘടനാ ബെഞ്ച് ചേരാതിരിക്കുകയോ ചെയ്‌തെങ്കിലേ ലാവ്ലിൻ ഹർജികൾ മുൻപ് അറിയിച്ചിരുന്നതുപോലെ ചൊവ്വാഴ്ച പരിഗണിക്കുകയുള്ളൂ. നിലവിലെ സാഹചര്യത്തിൽ അതിനുള്ള സാധ്യത വിരളമാണെന്നും റിപ്പോർട്ടുണ്ട്.