തിരുവനന്തപുരം: ലാവലിൻ കേസിൽ കാലതാമസം വരുത്തുന്നതിൽ അന്വേഷണം വേണമെന്ന് ബെന്നി ബഹനാൻ എംപി. ലാവലിൻ കേസ് ഇനി ഒരിക്കൽപോലും മാറ്റിവയ്ക്കാൻ ആവശ്യപ്പെടില്ല എന്ന് പരാതിക്കാരനും എതിർകക്ഷികളും 2021 ഏപ്രിൽ മാസം തീരുമാനിച്ചിരുന്നു. ഇതിന് ശേഷവും, കേസ് ബെഞ്ചിൽ വരാതെ ഒന്നര വർഷക്കാലം കാലതാമസം വരുത്തിയ സംഭവത്തിലാണ് സുപ്രീംകോടതി രജിസ്ട്രിക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയത്

മറ്റൊരു കേസ്, കോടതി തയാറായിട്ടും ബെഞ്ചിൽ വരാതെ ഒരു വർഷം താമസിപ്പിച്ച രജിസ്ട്രിയുടെ തീരുമാനം വിശദീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഈയിടെ നോട്ടിസ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലാവ്ലിൻ കേസിലെ കാലതാമസവും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

കഴിഞ്ഞ മാസം, എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി 33ാം തവണയും മാറ്റിയിരുന്നു. ആറാഴ്ച കഴിഞ്ഞ് നവംബർ അവസാനം പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചത്. 2018 ജനുവരിയിൽ നോട്ടിസ് അയച്ച ശേഷം നാലര വർഷത്തിലേറെയായി കേസ് തുടർച്ചയായി മാറ്റിവയ്ക്കുകയാണ്. വിശദമായ വാദം കേൾക്കാൻ നിലവിൽ സമയക്കുറവുള്ളതിനാലാണ് കേസ് മാറ്റിയതെന്നായിരുന്നു കോടതി അറിയിച്ചത്.