ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സമയപരിമിതിയുള്ളതിനാൽ 6 ആഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കേസ് ഇതുവരെ 32 തവണ ലിസ്റ്റ് ചെയ്തു മാറിപ്പോയി. ഹർജികൾ പലതവണ ലിസ്റ്റ് ചെയ്തിട്ടും മാറിപ്പോകുന്നതു പരിഗണിച്ച് ഇനി മാറ്റില്ലെന്നു വ്യക്തമാക്കിയാണ് സെപ്റ്റംബർ 13ന് കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് കേസ് തലേന്ന് ലിസ്റ്റ് ചെയ്തത്. എന്നാൽ, ഭരണഘടനാ ബഞ്ചിൽ വാദം കേൾക്കേണ്ടത് മൂലം അന്നും കേസ് മാറ്റി വച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ വിചാരണ നേരിടണമെന്നാണ് സിബിഐയുടെ ആവശ്യം. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉൾപ്പെടെ നാല് മുതിർന്ന അഭിഭാഷകരാണ് സിബിഐക്ക് വേണ്ടി ഹാജരാകുന്നത്. 2018 ജനുവരിയിൽ നോട്ടിസ് അയച്ചശേഷം കേസ് 32ാം തവണ വിചാരണ മാറ്റുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ സെക്രട്ടറിയായിരുന്ന കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറിയായിരുന്ന എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ എത്തിയത്.

വിധി റദ്ദാക്കണമെങ്കിൽ വ്യക്തമായ കാരണങ്ങൾ അറിയിക്കണമൊന്നാണ് സുപ്രീംകോടതി സിബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലാവ്ലിൻ കരാർ മൂലം കെഎസ്ഇബിക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് സിബിഐയുടെ വാദം. കൺസൾട്ടൻസി കരാർ സപ്ലൈ കരാറായി മാറ്റിയതു ലാവ്ലിൻ കമ്പനിക്കാണ് ഗുണമുണ്ടാക്കിയതെന്നും സിബിഐ വ്യക്തമാക്കുന്നു.

പിണറായി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേസിൽ, വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. തങ്ങളെയും കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നൽകിയ അപ്പീൽ ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.