- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എഫ്ഐക്കാരനായ മകനെ ആക്രമിക്കാൻ എത്തിയ സംഘത്തെ തടയാൻ ശ്രമിച്ചപ്പോൾ കൊലക്കത്തിക്ക് ഇരയായത് അച്ഛൻ; മന: പൂർവം കൊല്ലുക എന്ന ഉദ്ദേശ്യത്തോടെയാണ് സംഘം എത്തിയതെന്ന് കോടതി; ആനാവൂർ നാരായണൻ നായർ കൊലക്കേസിലെ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് ജീവപര്യന്തം
നെയ്യാറ്റിൻകര: ആനാവൂർ നാരായണൻ നായർ കൊലക്കേസിലെ പതിനൊന്ന് പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ആർ.എസ്. എസ് പ്രവർത്തകരായ പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
തടവിന് പുറമേ ഒന്നും രണ്ടും നാലും പ്രതികൾക്ക് ഒരു ലക്ഷം രൂപ വീതം കോടതി പിഴയിട്ടു. പിഴത്തുക ആനാവൂർ നാരായണൻ നായരുടെ കുടുംബത്തിന് നൽകണം. കീഴാറൂർ സ്വദേശിയും ബി എം എസ് ട്രാൻസ്പോർട്ട് എംപ്‌ളോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ രാജേഷ്, പ്രസാദ്, അനിൽ, ഗിരീഷ്‌കുമാർ , പ്രേംകുമാർ, അരുൺ കുമാർ, അജയൻ, ബൈജു, സജികുമാർ, ബിനുകുമാർ, ഗിരീഷ് എന്നിവരാണ് പ്രതികൾ. രാജേഷാണ് ഒന്നാം പ്രതി.ഗൂഢാലോചന, വധശ്രമം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത്. മനഃപൂർവ്വം കൊല്ലുക എന്ന ഉദ്ദേശ്യത്തോടെയാണ് നാരായണൻ നായരുടെ വീട്ടിൽ ഇവരെത്തിയതെന്നും നാരായണൻ നായരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ജാമ്യത്തിലായിരുന്ന പ്രതികളെ വെള്ളിയാഴ്ച തന്നെ ജാമ്യം റദ്ദാക്കി ജയിലിലേക്കു മാറ്റിയിരുന്നു.
2013 നവംബർ 11ന് അർദ്ധരാത്രിയിലായിരുന്നു സംഭവം. എസ് എഫ് ഐക്കാരനായ മകൻ ശിവപ്രസാദിനെ ആക്രമിക്കാനായി വീട്ടിലെത്തിയ പ്രതികളെ തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാരൻ കൂടിയായ നാരായണൻ നായർ കൊല ചെയ്യപ്പെട്ടത്. വീടിനുള്ളിൽ കയറാൻ ശ്രമിച്ച അക്രമികളെ തടയുന്നതിനിടെ നാരായണൻ നായർക്ക് വെട്ടേൽക്കുകയായിരുന്നു.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽകോളേജിലും എത്തിക്കുന്നതിനിടെ നാരായണൻ നായർ മരിച്ചു. രാഷ്ട്രീയപ്പകയാണ് കൊലപാതകത്തിലെത്തിയത്. സിപിഎം സംസ്ഥാന സമിതി അംഗമായ ആനാവൂർ നാഗപ്പന്റെ അടുത്ത ബന്ധുവായ നാരായണൻ നായരുടെ കൊലപാതകക്കേസ് കോടതിയിൽ എത്തിയപ്പോൾ ആനാവൂരിന്റെ ജ്യേഷ്ഠനും ഒന്നാംസാക്ഷിയുമായ അഡ്വ.വേലായുധൻ നായരുടെ മൊഴിയാണ് നിർണ്ണായകമായത്.
പബ്ലിക് പ്രോസിക്യൂട്ടർ മുരുക്കുംപുഴ വിജയകുമാരൻ നായരാണ് വാദി ഭാഗത്തിന് വേണ്ടി കോടതിയിൽ ഹാജരായത്. തന്റെ ഭർത്താവിനെ ഇല്ലാതാക്കിയവർക്ക് കനത്ത ശിക്ഷ നൽകണമെന്നും കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും അദ്ദേഹത്തിന്റെ ഭാര്യ വിധി പ്രസ്താവിച്ചതിന് പിന്നാലെ പ്രതികരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ