അഹമ്മദാബാദ്: 2013ൽ ശിഷ്യയെ പീഡിപ്പിച്ച കേസിൽ, 81 കാരനായ ആസാറാം ബാപ്പുവിന് ജീവപര്യന്തം. ഗാന്ധിനഗർ സെഷൻസ് കോടതിയുടേതാണ് വിധി. ആസാറാം ബാപ്പു കുറ്റവാളിയാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കേസിൽ പങ്കുണ്ടായിരുന്ന ബാപ്പുവിന്റെ ഭാര്യയേയും മക്കളെയും കോടതി വെറുതെവിട്ടു. ആസാറാം ബാപ്പു നിലവിൽ 2018ലെ ബലാത്സംഗ കേസിൽ ജോധ്പുർ സെൻട്രൽ ജയിലിൽ തടവിലാണ്.

10 വർഷം മുമ്പ് അഹമ്മദാബാദിലെ മൊട്ടേരയിലുള്ള ആശ്രമത്തിൽ വച്ച് തന്നെ ആസാറാം ബാപ്പു പലതവണ ബലാത്സംഗം ചെയ്തതായി സൂറത്ത് സ്വദേശിയായ ഒരു സ്ത്രീ ആരോപിച്ചിരുന്നു. ശിഷ്യയെ ആസാറാം ബാപ്പു പത്തു വർഷം തുടർച്ചയായി പീഡിപ്പിച്ചതായി തെളിഞ്ഞെന്ന് ശിക്ഷ വിധിച്ച ഗുജറാത്തിലെ ഗാന്ധിനഗർ സെഷൻസ് കോടതി ജഡ്ജി ഡി.കെ.സോണി വ്യക്തമാക്കി.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 342, 354 എ (ലൈംഗിക പീഡനം), 370 (4) (കടത്ത്), 376 (ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 120 (ബി) (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരമാണ് ആസാറാം ബാപ്പുവിനെതിരെ കേസെടുത്തിരിക്കുന്നത്. ആശാറാമിന്റെ മകൻ നാരായൺ സായിയും കേസിൽ പ്രതിയായിരുന്നു. ആസാറാമിന്റെ ഭാര്യ ലക്ഷ്മി, മകൾ ഭാരതി, നാല് അനുയായികളായ ധ്രുവ്‌ബെൻ, നിർമല, ജാസി, മീര എന്നിവരും കേസിൽ പ്രതികളായിരുന്നു. എന്നാൽ ഇവരെയെല്ലാം ഗാന്ധിനഗർ കോടതി വെറുതെവിട്ടു.

മൊട്ടേരയിലെ ആശ്രമത്തിൽ 2001-06 കാലഘട്ടത്തിൽ നടന്ന പീഡനവുമായി ബന്ധപ്പെട്ട് 2013-ലാണ് ചാന്ദ്ഖേഡ പൊലീസ് കേസെടുത്തത്. സൂറത്തുകാരിയായ ശിഷ്യയെ ആശ്രമത്തിൽ 2001 മുതൽ 2006 വരെയുള്ള കാലത്ത് പലവട്ടം പീഡിപ്പിച്ചെന്നാണ് പരാതി. ബലാത്സംഗം, പ്രകൃതിവിരുദ്ധപീഡനം, അന്യായമായി തടങ്കലിൽവെക്കൽ തുടങ്ങിയ വിവിധവകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗംചെയ്തതിന് രാജസ്ഥാനിലെ ജോധ്പുർ കോടതി 2018-ൽ ആസാറാമിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതാണ്. 2013 മുതൽ ജയിലിലാണ് ഇയാൾ. ഇവിടെ നിന്നാണ് വീഡിയോ കോൺഫറൻസ് വഴി ഗാന്ധിനഗറിലെ വിചാരണയിൽ പങ്കെടുത്തത്. ഇതിലെ പരാതിക്കാരിയുടെ സഹോദരിയെ ബലാത്കാരം ചെയ്‌തെന്ന കേസിൽ സൂറത്ത് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച നാരായൺ സായി, ആസാറാമിന്റെ മകനാണ്. പ്രതാപകാലത്ത് രാജ്യത്തിനകത്തും പുറത്തുമായി നാനൂറോളം ആശ്രമങ്ങളും കോടികളുടെ ആസ്തികളുമാണ് ആസാറാമിനും കൂട്ടർക്കും ഉണ്ടായിരുന്നത്.