കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറെ അഞ്ച് ദിവസത്തേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കണം. എറണാകുളത്തെ സാമ്പത്തിക കുറ്റവിചാരണ കോടതിയുടേതാണ് നടപടി. 20-ാം തീയതി ഉച്ചയ്ക്ക് 2.30 വരെയാണ് കസ്റ്റഡിയിൽവിട്ടത്.

രണ്ട് മണിക്കൂർ ചോദ്യം ചെയ്യലിനുശേഷം ഇടവേള അനുവദിക്കണമെന്നും ആവശ്യമെങ്കിൽ വൈദ്യസഹായം നൽകണമെന്നും കോടതി നിർദേശിച്ചു. കേസിൽ അഞ്ചാം പ്രതിയായ ശിവശങ്കറെ ചൊവ്വാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശി യദു കൃഷ്ണൻ ഉൾപ്പെടെ ആറ് പേരാണു കേസിലെ പ്രതികൾ.

കഴിഞ്ഞ ദിവസം 12 മണിക്കൂർ ചോദ്യം ചെയ്‌തെന്നു ശിവശങ്കർ കോടതിയിൽ പറഞ്ഞു. ഇതു ശാരീരിക ബുദ്ധിമുട്ടുണ്ടാക്കി, കൃത്യമായി ഭക്ഷണം കഴിക്കാനായില്ലെന്നും ശിവശങ്കർ പരാതിപ്പെട്ടു. അപ്പോഴാണ് 2 മണിക്കൂർ ചോദ്യം ചെയ്യലിനുശേഷം ഇടവേള അനുവദിക്കണമെന്നു കോടതി നിർദേശിച്ചത്.

ലൈഫ് മിഷൻ കരാറിൽ നടന്നത് മൂന്നുകോടി 38 ലക്ഷം രൂപയുടെ കോഴ ഇടപാട് എന്നാണ് എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ട്. കരാറിന് ചുക്കാൻ പിടിച്ച എം ശിവശങ്കറിന് ഒരു കോടി രൂപയും മൊബൈൽ ഫോണും ലഭിച്ചതിന് തെളിവുണ്ടെന്ന് ഇഡിയുടെ അറസ്റ്റ് റിപ്പോർട്ടിലുണ്ട്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കുന്നതിന് മുൻപ് തന്നെ മുൻകൂറായി കമ്മീഷൻ ഇടപാട് നടന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

മൂന്ന് മില്യൺ ദിർഹത്തിന് ആയിരുന്നു ഇടപാട് ഉറപ്പിച്ചത്. യൂണിറ്റാക്കിന് തന്നെ കരാർ ലഭിക്കാൻ മുഖ്യമന്ത്രിയെ കൊണ്ട് സമ്മതിപ്പിച്ചതിനാണ് എം ശിവശങ്കറിന് ഒരു കോടി രൂപ ലഭിച്ചതെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി. കമ്മീഷൻ ആയി ലഭിച്ച പണം തന്റെ പേരിലുള്ള ലോക്കറിൽ സൂക്ഷിക്കാൻ നിർദ്ദേശിച്ചതും ശിവശങ്കർ എന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. കരാർ ഉറപ്പിക്കുന്നതിന് മുൻപ് എം ശിവശങ്കറും സ്വപ്ന സുരേഷും നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകൾ കോഴ ഇടപാടിനും കള്ളപ്പണക്കേസിനും തെളിവാണെന്ന് ഇഡി വ്യക്തമാക്കുന്നു.

ലൈഫ് മിഷൻ കള്ളപ്പണ ഇടപാടിൽ ശിവശങ്കറിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫിസിനെ വീണ്ടും സംശയനിഴലിലാക്കി. മുഖ്യമന്ത്രിക്കും കോഴ ഇടപാടിൽ പങ്കുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. അറസ്റ്റ് സർക്കാരിനു തിരിച്ചടിയല്ലെന്നും മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയനീക്കമായി കരുതുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. അഴിമതിയും കള്ളപ്പണ ഇടപാടും നടത്തുന്നവർ എത്ര ഉന്നതരായാലും അഴിയെണ്ണുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.

സ്വർണക്കടത്ത് കേസിനേക്കാൾ ലൈഫ് മിഷൻ കേസിൽ ശിവശങ്കറിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫിസിനെ കുഴപ്പത്തിലാക്കുമോ എന്ന ആശങ്ക സർക്കാരിനുണ്ടെന്നാണു സൂചന. മുഖ്യമന്ത്രിയുടെ ഓഫിസിലെ കൂടുതൽ പേരെ ചോദ്യം ചെയ്യുമോ, മുഖ്യമന്ത്രിയെ മൊഴിയെടുപ്പിക്കാൻ വിളിപ്പിക്കുമോ തുടങ്ങി നിരവധി സംശയങ്ങൾ സിപിഎം കേന്ദ്രങ്ങൾക്കുണ്ട്.

ശിവശങ്കർ ഇടതുമുന്നണിയുടെ ഭാഗമല്ലെന്നും അറസ്റ്റിനു പിന്നിൽ രാഷ്ട്രീയമുണ്ടോ എന്ന് ഇപ്പോൾ പറയുന്നില്ലെന്നുമായിരുന്നു കാനത്തിന്റെ പ്രതികരണം. നിയമസഭാ സമ്മേളനം പുനരാരംഭിക്കാനിരിക്കെ ശിവശങ്കറിൽ ചാരി പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ തിരിയുമ്പോൾ പ്രതിരോധിക്കുക ബുദ്ധിമുട്ടാവും. മുഖ്യമന്ത്രിയിലേക്ക് എത്തുന്നതുവരെ നിലവിലെ അന്വേഷണത്തിൽ രാഷ്ട്രീയമുണ്ടെന്നു പറയാൻ സർക്കാരിനാവില്ല. എന്നാൽ വിജിലൻസ് അന്വേഷണത്തിന്റെ പേരിൽ ലൈഫ് മിഷൻ ഫയലുകളെല്ലാം സർക്കാർ കസ്റ്റഡിയിൽതന്നെ വച്ചിരിക്കുന്നത് എന്തിനെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടിവരും.