ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന് ഗുരുതര രോഗമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. നട്ടെല്ലിലാണ് രോഗം. ഇദ്ദേഹത്തിന് നട്ടെല്ല് സ്വയം പൊടിഞ്ഞു പോകുന്ന രോഗമെന്നാണ് വിവരം. ഇത് നിമിത്തം സുഷുമ്‌നാ നാഡിയിൽ മാറ്റങ്ങളുണ്ടാവുന്നതായും കഴുത്തും നടുവും രോഗബധിതമാണെന്നും സുപ്രീംകോടിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

പുതുച്ചേരി ജിപ്മെറിലെ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ടാണ് സുപ്രീംകോടതിക്ക് കൈമാറിയത്. മെഡിക്കൽ റിപ്പോർട്ട് അടുത്ത ആഴ്ച സുപ്രീംകോടതി പരിഗണിക്കും. ജിപ്മെറിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ തയ്യാറാക്കിയ റിപ്പോർട്ടാണ് സുപ്രീംകോടതിക്ക് കൈമാറിയിരുന്നത്. ലൈഫ് മിഷൻ കേസിൽ ജാമ്യത്തിൽ കഴിയുകയാണ് നിലവിൽ ശിവശങ്കർ.

നട്ടെല്ല് സ്വയം പൊടിഞ്ഞ് പോകുന്ന അസുഖമാണ് എം.ശിവശങ്കറിന്റേത്. ഇതുമൂലം സുഷുമ്നാ നാഡിയിൽ മാറ്റങ്ങൾ ഉണ്ടാകുകയാണെന്നും കഴുത്തും നടുവും രോഗ ബാധിതമാണ്. വേദന സംഹാരികളും ഫിസിയോതെറാപ്പിയും തുടരണമെന്ന് മെഡിക്കൽ ബോർഡ് നിർദേശിച്ചിട്ടുണ്ട്. കഴുത്തിൽ കോളറും, ഇടുപ്പിൽ ബെൽറ്റും ഇടണം. കഴുത്തോ, നട്ടെല്ലോ വളയ്ക്കാൻ പാടില്ല. പെട്ടെന്നുള്ള വീഴ്ചയോ, അനക്കമോ ഒഴിവാക്കണം. ഭാരം എടുക്കാനോ, ദീർഘ സമയം നിൽക്കാനോ പാടില്ല. പുതിയ രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ചികിത്സയ്ക്ക് വിധേയമാകണം. ആവശ്യമായി വന്നാൽ മുൻകരുതൽ സ്വീകരിച്ച ശേഷം ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്.

ജിപ്മെറിലെ ഫിസിക്കൽ മെഡിസിൻ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ.നവീൻ കുമാർ ആണ് മെഡിക്കൽ ബോർഡിന്റെ ചെയർമാൻ. ഡോ. പ്രദീപ് പങ്കജാക്ഷൻ നായർ, ഡോ സാത്യ പ്രഭു എന്നിവരാണ് മെഡിക്കൽ ബോർഡിലെ രണ്ട് അംഗങ്ങൾ. ഇഡി ആവശ്യപ്പെട്ടതിനെ തുടർന്നാണ് പുതുച്ചേരി ജിപ്മെറിലെ ഡോക്ടർമാരുടെ മെഡിക്കൽ ബോർഡിനോട് ശിവശങ്കറിനെ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി നിർദേശിച്ചത്.

റിപ്പോർട്ട് അടുത്ത ആഴ്ച സുപ്രീം കോടതി പരിഗണിക്കുന്നത് വരെ ശിവശങ്കറിന്റെ ഇടക്കാല ജാമ്യം സുപ്രീംകോടതി നീട്ടി. മെഡിക്കൽ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ജാമ്യത്തിൽ എന്ത് നിലപാട് സ്വീകരിക്കണം എന്ന് ഇഡി അടുത്ത ആഴ്ച കോടതിയിൽ വ്യക്തമാക്കും.