തിരുവനന്തപുരം: സിപിഎം നേതാക്കളായ എം സ്വരാജിനും എം സ്വരാജിനും ഒരു വർഷം തടവ്. ഉമ്മൻ ചാണ്ടി സർക്കാരിനെതിരായ എസ്.എഫ്.ഐയുടെ വിദ്യാഭ്യാസ സമരവുമായി ബന്ധപ്പെട്ട കേസിലാമ് എ.എ റഹീം എംപിക്കും എം. സ്വരാജിനും ഒരു വർഷം തടവ് ശിക്ഷ ലഭിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു. മജിസ്‌ട്രേട്ട് ശ്വേതാ ശശികുമാറിന്റേതാണ് ഉത്തരവ്.

7700 രൂപ വീതം പിഴയും വിധിച്ചു. ഇരുവരും കുറ്റക്കാരെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവർക്കും ശിക്ഷ വിധിച്ചത്. 2013ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ പ്ലസ്ടു കോഴയ്‌ക്കെതിരായ പ്രതിഷേധമാണ് കേസിനാധാരം. വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുറബ്ബിന്റെ വസതിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയതിനാണ് കേസ്.

മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. പൊലീസ് ബാരിക്കേഡും വാഹനങ്ങളും തകർക്കപ്പെട്ടു. പൊതുമുതൽ നശിപ്പിച്ചതിനാണ് മ്യൂസിയം പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്. നിയമസഭാ മാർച്ചിനിടെ നടന്ന സംഘർഷത്തിൽ പൊലീസ് ബാരിക്കേഡ് തകർത്തെന്നും വാഹനങ്ങൾ നശിപ്പിച്ചെന്നുമാണ് കേസ്.

പത്ത് പ്രതികളാണ് ആകെയുള്ളത്. ആറും ഏഴും പ്രതികളാണ് സ്വരാജും റഹീമും. ഐപിസി 332 വകുപ്പ് അനുസരിച്ച് ഒരു വർഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. ഐപിസി 143 വകുപ്പ് അനുസരിച്ച് 1000 രൂപയും ഐപിസി 147 വകുപ്പ് അനുസരിച്ച് 1000 രൂപയും ഐപിസി 283 വകുപ്പ് അനുസരിച്ച് 200 രൂപയും കെപി ആക്ട് പ്രകാരം 500 രൂപയും ഒരാൾ പിഴ നൽകണം. 2014 ജൂലൈ 30ന് വൈകിട്ടാണ് സംഭവം. വേഗത്തിൽ കേസ് തീർപ്പാക്കണമെന്ന് ഇരുവരും ഹൈക്കോടതിയിൽനിന്ന് വിധി സമ്പാദിച്ചിരുന്നു. മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.