ന്യൂഡൽഹി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീംകോടതിയുടെ അനുമതി. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹരജി പരിഗണിച്ചുകൊണ്ടാണ് സുപ്രംകോടതി ഉത്തരവു പുറപ്പെടുവിച്ചത്. ജാമ്യകാലത്തുകൊല്ലത്തെ വീട്ടിൽ താമസിക്കാം. 15 കൂടുമ്പോൾ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം.

കൊല്ലം ജില്ലയിൽ ആയിരിക്കണം അബ്ദുൽ നാസർ മഅദനി തങ്ങേണ്ടത്. എന്നാൽ ചികിത്സാർത്ഥം വേണമെങ്കിൽ കൊല്ലം ജില്ല വിട്ട് പുറത്തുപോകാൻ അനുമതി ഉണ്ട്. ഇത്തരത്തിലുള്ള സാഹചര്യത്തിൽ പൊലീസിനെ വിവരം അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. . ചികിത്സക്കായി കൊല്ലം എസ്‌പിയുടെ അനുമതിയോടെ വേണം എറണാകുളത്തേക്ക് പോകാനെന്നും കോടതി പറഞ്ഞു. സുരക്ഷാ അകമ്പടിയുടെ നിർദ്ദേശവും കോടതി മുന്നോട്ട് വെച്ചിട്ടില്ല.

മഅദനിയുമായി ബന്ധപ്പെട്ട കേസിലെ വിസ്താരം ഏറെക്കുറെ പൂർണമായിട്ടുണ്ട്. കോടതി നടപടികളിലും മറ്റും മഅദനിയുടെ സാന്നിധ്യം ആവശ്യമില്ല. ഈ സാഹചര്യത്തിലാണ് മഅദനിക്ക് ബെംഗളൂരുവിൽ നിന്ന് സ്വന്തം നാട്ടിലേക്ക് പോയി താമസിക്കാൻ സുപ്രീം കോടതി അനുമതി നൽകിയത്. വിചാരണകോടതി ആവശ്യപ്പെട്ടാൽ തിരികെ ബെംഗളൂരുവിൽ എത്തണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

നേരത്തെ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന് മഅദ്നി കോടതിയെ അറിയിച്ചിരുന്നു. ജാമ്യവ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങുകയായിരുന്നു. ക്രിയാറ്റിൻ വർധിച്ചു നിൽക്കുന്നതിനാൽ വൃക്ക മാറ്റിവയ്ക്കൽ ഉൾപ്പെടെയുള്ള ചികിത്സ വേണ്ടിവരും. ഇത്രയും രോഗബാധിതനായ ഒരാൾക്ക് കടുത്ത ജാമ്യവ്യവസ്ഥ ഏർപ്പെടുത്തരുതെന്നും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

നിലവിൽ മഅ്ദനിക്ക് ബംഗളൂരുവിൽ മാത്രമാണ് താമസിക്കാൻ അനുമതിയുള്ളത്. നേരത്തെ പിതാവിനെ സന്ദർശിക്കാൻ കോടതിയിൽനിന്ന് പ്രത്യേക അനുമതി വാങ്ങി കേരളത്തിലെത്തിയ മഅ്ദനി പിതാവിനെ കാണാനാവാതെയാണ് മടങ്ങിയത്. ജൂൺ 26ന് കൊച്ചിയിലെത്തിയ മഅ്ദനിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മോശം ആരോഗ്യസ്ഥിതി കാരണം അൻവാർശേരിയിലേക്ക് പോകാനായില്ല. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ അദ്ദേഹത്തെ കൊച്ചിയിലേക്കും എത്തിക്കാനായില്ല. തുടർന്ന് ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു.