- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാടുകയറിയ മകനെ അമ്മ പോലും കണ്ടിരുന്നത് വിരളമായി; കാട്ടിലെങ്കിലും ജീവനോടെയുണ്ടാകുമെന്നാശ്വസിച്ച അമ്മ ഒരിക്കൽ കേട്ടത് മകന്റെ അപ്രതീക്ഷിത മരണം; പിന്നിലെ ശക്തികളെ തിരിച്ചറിഞ്ഞെങ്കിലും പിന്നാലെ നേരിട്ടത് ഭീഷണിയും സാക്ഷികളുടെ കൂറുമാറ്റവും; നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമർപ്പിച്ച മല്ലിയമ്മയുടെ പോരാട്ടം വിജയം കാണുമ്പോൾ
മണ്ണാർക്കാട്: സമാനതകളില്ലാത്ത ഒരമ്മയുടെ പോരാട്ടം അതിലപ്പുറം ഒന്നുകൊണ്ടും വിശേഷിപ്പിക്കാനാവില്ല മധുവിനെത്തേടി നീതിയെത്തിയ വിധി പ്രസ്താവത്തെ.കേരളം കേട്ടിട്ടുപോലുമില്ലാത്തവണ്ണം സാക്ഷികൾ കൂറുമാറിയിട്ടും ഇരയുടെ കുടുംബത്തെ വേട്ടയാടിയിട്ടും അതിലൊന്നും കുലുങ്ങാതെ നിയമവ്യവസ്ഥയിൽ മാത്രം വിശ്വാസം അർപ്പിച്ച് തന്റെ മകന് നീതി ലഭിക്കുമെന്ന ഒരൊറ്റ പ്രതീക്ഷയിൽ മല്ലിയമ്മ നടത്തിയ പോരാട്ടമാണ് ഇവിടെ വിജയം കണ്ടത്.വിചാരണ തുടങ്ങിയ സമയം മുതൽ കൂറുമാറ്റം മാത്രമായിരുന്നു കേസിൽ.അതും പ്രധാന സാക്ഷികളെല്ലാം.എന്നിട്ടും പ്രധാന പ്രതികൾക്കെതിരെ നരഹത്യക്കുറ്റം ചുമത്തുമ്പോൾ നിർണ്ണായകമായത് ഡിജിറ്റൽ തെഴിവുകൾ തന്നെയാണ്.
ദേശീയ തലത്തിൽ തന്നെ ശ്രദ്ധനേടിയ കേസിനാസ്പദമായ സംഭവം നടന്ന് 5 വർഷം പൂർത്തിയാകുമ്പോഴാണ് കേസിൽ വിധി വരുന്നത്.വിധി പ്രസ്്താം പോലും നിരവധി തവണയാണ് മാറ്റി വച്ചത്.മാർച്ച് 10നു വാദം പൂർത്തിയായി.മാർച്ച് 18നു വിധി പറയുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് 30ലേക്കു മാറ്റി.30നു കേസ് പരിഗണിച്ചപ്പോഴാണ് ഏപ്രിൽ 4നു വിധി പറയാനായി വീണ്ടും മാറ്റിയത്.അഞ്ച് വർഷത്തെ ഒരമ്മയുടെ പോരാട്ടം കൂടി ഫലം കാണുമ്പോൾ ആ നാൾ വഴികൾ ഇങ്ങനെയാണ്..
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരിൽ നിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണു താമസിച്ചിരുന്നത്.ഏഴാംതരംവരെ പഠിച്ചു.അച്ഛന്റെ മരണത്തെത്തുടർന്നാണ് പഠിപ്പു നിർത്തേണ്ടിവന്നത്. സംയോജിത ഗോത്രവികസന പദ്ധതിക്ക് (ഐ.ടി.ഡി.പി.) കീഴിൽ പാലക്കാട്ട് മരപ്പണിയിൽ പരിശീലനം നേടി ജോലിക്കായി ആലപ്പുഴയ്ക്ക് പോയെങ്കിലും അവിടെവെച്ച് ഒരു സംഘർഷത്തിനിടയിൽപ്പെട്ട് തലയ്ക്കു പരിക്കേറ്റു.നാട്ടിൽ മടങ്ങിയെത്തി അലഞ്ഞുനടപ്പായി.ഇതിനിടെ സമീപത്തെ കാടുകയറി ഗുഹകളിലും മറ്റും താമസിക്കാൻ തുടങ്ങി. വല്ലപ്പോഴും നാട്ടിലിറങ്ങും, മടങ്ങും.ഇതായിരുന്നു മധു..കൊല്ലപ്പെടുമ്പോൾ വെറും 27 വയസ്സ് മാത്രമായിരുന്നു മധുവിന് പ്രായം.
കാടിനുസമീപത്തെ കവലയായ മുക്കാലിയിലെ കടയിൽനിന്ന് അരിയും മറ്റു പലവ്യഞ്ജനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം മധുവിനെ മർദിച്ചത്. സംഭവദിവസം കാട്ടിൽ മരത്തടികൾ ശേഖരിക്കാൻ പോയ ഒരാൾ ഗുഹയ്ക്കുള്ളിൽ മധുവിനെ കാണുകയും മുക്കാലിയിൽനിന്ന് ആളുകളെ വിളിച്ചുവരുത്തുകയുമാണുണ്ടായത്.
ഈ ആൾക്കൂട്ടം മധുവിനെ ചോദ്യംചെയ്യുകയും അതിക്രൂരമായി മർദിക്കുകയും ചെയ്‌തെന്ന് രേഖകളിൽ പറയുന്നു.കൈകൾ ലുങ്കികൊണ്ട് ബന്ധിച്ച്, കനമുള്ള ചാക്കുകെട്ട് തലച്ചുമടായി വെച്ച്, നാലുകിലോമീറ്റർ അകലെയുള്ള മുക്കാലി കവലയിലേക്കു നടത്തിച്ചു. നടത്തത്തിനിടയിലും മുക്കാലിയിലെത്തിയശേഷവും മർദിച്ചു.മുക്കാലിയിലെത്തുമ്പോൾ സമയം ഏതാണ്ട് ഉച്ചകഴിഞ്ഞ് 2.30. കൂട്ടത്തിലാരോ പൊലീസിനെ വിവരമറിയിച്ചു. മൂന്നുമണിയോടെ പൊലീസെത്തി. അവശനായ മധുവിനെ മൂന്നരയോടെ പൊലീസ് ജീപ്പിൽ ആശുപത്രിയിലേക്കു കൊണ്ടുപോയി.
ജീപ്പിൽവെച്ച് മധു ഛർദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു.4.15-ഓടെ ആശുപത്രിയിലെത്തി.മധു മരിച്ചുകഴിഞ്ഞതായി ഡോക്ടർമാർ വ്യക്തമാക്കി.പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതരക്ഷതമാണു മരണകാരണമെന്ന് വ്യക്തമായി. തലയ്ക്കു പിന്നിൽ മാരകമാംവിധം മുറിവേറ്റിരുന്നു. വാരിയെല്ലുകൾ തകർന്നിരുന്നു. ശരീരത്തിൽ 42 മുറിവുകളെന്ന് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ റിപ്പോർട്ടിലും പറയുന്നു.
മധുവിനെ മർദിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും മൊബൈൽ ഫോണിൽ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയെന്ന നികൃഷ്ടതകൂടി പ്രതികളുടെ ഭാഗത്തുനിന്നുണ്ടായി.അവശനായിരിക്കുന്ന മധുവിന്റെ സമീപം നിന്ന് സെൽഫിയെടുത്ത് പ്രചരിപ്പിച്ചു, പ്രതികളിലൊരാൾ. ജുഗുപ്സാവഹമായ ഈ ദൃശ്യങ്ങൾ സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ചു. ദേശീയ-അന്തർദേശീയ മാധ്യമങ്ങളിൽവരെ വാർത്തയായി. ജനവികാരമുയർന്നതോടെ പൊലീസ് 16 പേരെ അറസ്റ്റുചെയ്തു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെയും (ഐ.പി.സി.) പട്ടികജാതി-വർഗ പീഡന നിരോധന നിയമത്തിലെയും വിവിധ വകുപ്പുകൾപ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തത്. മൂവായിരത്തോളം പേജുള്ള കുറ്റപത്രം 2018 മെയ് മാസത്തിൽ കോടതിയിൽ സമർപ്പിച്ചു. പ്രതികളുടെ ആക്രമണത്തിലേറ്റ പരുക്കു മൂലമാണു മധു കൊല്ലപ്പെട്ടതെന്നാണു പ്രോസിക്യൂഷൻ കേസ്.വനത്തിൽ ആണ്ടിയളച്ചാൽ ഭാഗത്തു മധു ഉണ്ടെന്നു വിവരം ലഭിച്ച പ്രതികൾ കാട്ടിൽ അതിക്രമിച്ചു കയറിയെന്നു വനംവകുപ്പ് കേസും നിലവിലുണ്ട്.
2022 ഏപ്രിൽ 28-ന് വിചാരണ തുടങ്ങിയതുമുതൽ നടന്ന സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം വിവാദമായിരുന്നു.നേരിട്ടുകണ്ടു എന്ന് ആദ്യം പറഞ്ഞവർ പോലും പിന്നീട് മൊഴിമാറ്റി.ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് കേസിന്റെ വിചാരണനടപടി പൂർത്തിയാക്കിയത്.
കഴിഞ്ഞ വർഷം ഏപ്രിൽ 28-നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. വിസ്തരിച്ച 100 സാക്ഷികളിൽ 76 പേർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. 24 പേർ കൂറുമാറി. രണ്ടുപേർ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഒഴിവാക്കി. കേസിൽ 16 പേരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. വധക്കേസിൽ വിചാരണ തുടങ്ങിയശേഷം പ്രോസിക്യൂട്ടർമാർ ചുമതലയേൽക്കാതിരുന്നതും പിന്നീട് ചുമതലയേറ്റ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. രാജേന്ദ്രനെ മാറ്റാൻ കുടുംബം തന്നെ ആവശ്യപ്പെട്ടതും കേസിന്റെ നാൾവഴികളിൽ വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ