- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വന്യമൃഗങ്ങൾക്കു സ്വൈര്യമായി കഴിയണം'; മുതുമല കടുവാ സങ്കേതത്തിൽ നിന്നും 495 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്; മാറ്റിപ്പാർപ്പിക്കുന്ന കുടുംബങ്ങൾക്ക് 15 ലകഷം വീതം നഷ്ടപരിഹാരം നൽകണം
ചെന്നൈ: മുതുമല കടുവാ സങ്കേതത്തിൽ പെട്ട 495 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ഉത്തരവിട്ടു മദ്രാസ് ഹൈക്കോടതി. വന്യ മൃഗങ്ങൾക്കു സ്വൈര്യമായി കഴിയുന്നതിനായി ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. മുതുമലൈ കടുവ സങ്കേതത്തിലെ 495 കുടുംബങ്ങളെ പതിനഞ്ചു ലക്ഷം വീതം നഷ്ടപരിഹാരം നൽകി മാറ്റിപ്പാർപ്പിക്കാനാണ് ജസ്റ്റിസുമാരായ എൻ സതീഷ് കുമാർ, ഡി ഭരത ചക്രവർത്തി എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ വിധി.
നഷ്ടപരിഹാരത്തുകയായ 74.25 കോടി രൂപ കേന്ദ്ര സർക്കാരിനു കീഴിലുള്ള കോംപൻസേറ്ററി അഫോറസ്റ്റേഷൻ ഫണ്ട് മാനേജ്മെന്റ് ആൻഡ് പ്ലാനിങ് അഥോറിറ്റി (സിഎഎംപിഎ) നാഷനൽ ടൈഗർ കൺസർവേഷൻ അഥോറിറ്റിക്കു (എൻടിസിഎ) കൈമാറണണമെന്ന് കോടതി ഉത്തരവിട്ടു. എൻടിസിഎ പണം രണ്ടു മാസത്തിനകം തമിഴ്‌നാട് ഫോറസ്റ്റ് കൺസർവേറ്റർക്കു നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഫോറസ്റ്റ് കൺസർവേറ്ററാണ് ജനങ്ങൾക്കു നഷ്ടപരിഹാരം നൽകി മാറ്റിപ്പാർപ്പിക്കൽ നടപ്പാക്കേണ്ടത്.
മുതുമലൈ കടുവ സങ്കേതത്തിനകത്തുള്ള തെങ്കുമരാദ ഗ്രാമത്തിൽ ജനങ്ങളും വന്യമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ പെരുകിവരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. എല്ലാ ജിവി വർഗങ്ങളേയും സംരക്ഷിക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും പണമില്ലെന്നു പറഞ്ഞ് അതിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
കടുവ സങ്കേതത്തിന് അകത്തുള്ള ഗ്രാമവാസികളെ മാറ്റിപ്പാർപ്പിക്കാൻ 2011ൽ തന്നെ തമിഴ്‌നാട് വനംവകുപ്പ് നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. എന്നാൽ എൻടിസിഎയുടെ പക്കൽ പണമില്ലെന്ന കാരണത്താൽ അതു നടന്നില്ല.
ആളുകളെ മാറ്റിപ്പാർപ്പിക്കുകയെന്നത് നിർണായകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗ്രാമവാസികളുടെയും വന്യമൃഗങ്ങളുടെയും സ്വൈര്യവിഹാരവും ജീവനുമായി ബന്ധപ്പെട്ട കാര്യമാണിത്. വന്യജീവി സങ്കേതത്തിലെ ജീവജാലങ്ങളുടെ സംരക്ഷണത്തിൽ ഇതു പ്രധാനമാണന്നും കോടതി പറഞ്ഞു. ഭരണഘടനയുടെ അനുഛേദം 21 പ്രകാരം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം എല്ലാ ജീവജാലങ്ങൾക്കുമുള്ളതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ അവകാശം സംരക്ഷിക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു.
മറുനാടന് ഡെസ്ക്