ചെന്നൈ: കമ്പത്തിനു സമീപത്തുനിന്നും തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെയെത്തിക്കണം എന്നാവശ്യപ്പെട്ടുള്ള കൊച്ചി സ്വദേശിനി റബേക്ക ജോസഫിന്റെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഫോറസ്റ്റ് ബെഞ്ചിന് വിട്ടു. കേസ് അടിയന്തരമായി പരിഗണിക്കണം എന്ന ഹർജിക്കാരിയുടെ ആവശ്യം കോടതി തള്ളി.

അടിയന്തര പ്രാധാന്യമുള്ള ഹർജിയാണെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചുവെങ്കിലും തങ്ങൾ ഈ കേസ് കേൾക്കുന്നതിൽ വിദഗ്ധരല്ലെന്നാണ് ജസ്റ്റിസുമാരായ ആർ സുബ്രഹ്‌മണ്യവും വിക്ടോറിയ ഗൗരിയും അറിയിച്ചത്. അതുകൊണ്ടാണ് ഫോറസ്റ്റ് ബെഞ്ച് കേസ് കേൾക്കെട്ടെ എന്ന് പറഞ്ഞത്.

എന്നാൽ കേസിന് അടിയന്തര പ്രാധാന്യമുണ്ട് എന്ന് ഹർജിക്കാരി ആവർത്തിച്ചത് കോടതിയുടെ വിമർശനത്തിന് ഇടയാക്കി. ആനയെ അവിടെയും ഇവിടെയും കൊണ്ടുപോയി വിടണമെന്ന് കോടതിക്ക് പറയാനാകില്ല. ഈ ഹർജി പൊതു താൽപ്പര്യത്തിൽ അല്ലെന്നും ഹർജിക്കാരിയുടെ പ്രശസ്തിക്കുവേണ്ടിയാണെന്നും കോടതി പരിഹസിച്ചു. സാഹചര്യം മനസ്സിലാക്കാതെയുള്ള ആവശ്യമെന്നും കോടതിയുടെ ഹർജിയെ നിരീക്ഷിച്ചു.

റെബേക്കയുടെ ഹർജിയിൽ, കഴിഞ്ഞ ദിവസം അരിക്കൊമ്പനെ തുറന്നുവിടുന്നത് കോടതി ആദ്യം തടഞ്ഞിരുന്നു. തുടർന്ന് കളക്കാട് മുണ്ടൻതുറൈ കടുവസങ്കേതത്തിലേക്കു പൊതുജനങ്ങൾക്കു ശല്യമുണ്ടാകാത്തവിധം മാറ്റുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചതോടെ ആനയെ തുറന്നുവിടാൻ കോടതി അനുവദിച്ചിരുന്നു.

ആനയെ മതികെട്ടാൻചോല മേഖലയിൽ വിടണമെന്നാവശ്യപ്പെട്ടിയിരുന്നു റെബേക്ക ജോസഫ് ഹർജി നൽകിയത്. ഈ ഹർജിയിലാണ് അരിക്കൊമ്പനെ തുറന്നുവിടുന്നത് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ആദ്യം തടഞ്ഞത്. ആനയെ കേരളത്തിനു കൈമാറണമെന്നാവശ്യപ്പെട്ട് തേനി സ്വദേശിയായ അഭിഭാഷകൻ ഗോപാൽ നൽകിയ ഹർജിയും ഇന്നലെ കോടതിയുടെ പരിഗണനയ്‌ക്കെത്തിയിരുന്നു.

ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്ന് കമ്പത്തിനു സമീപം ഇന്നലെ പുലർച്ചെ ഒന്നിനാണ് തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. കാട്ടാനയെ വൈകിട്ടോടെ തിരുനെൽവേലി അംബാസമുദ്രത്തിലെ കളക്കാട് മുണ്ടൻതുറൈ കടുവസങ്കേതത്തിലെത്തിച്ചിരുന്നു.