- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇങ്ങനെയാണെങ്കിൽ നാം ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും പിന്മുറക്കാരാണെന്ന് എങ്ങനെ പറയും? ഹിന്ദു വിവാഹങ്ങൾ മതപരവും മതേതരത്വം പുലർത്തുന്നതും; ഹിന്ദു ആചാര പ്രകാരം വിവാഹിതരായ ദമ്പതികൾക്ക് വധുവിന്റെ അമ്മ മുസ്ലീമാണെന്ന കാരണത്താൽ രജിസ്ട്രേഷൻ അനുവദിക്കാതിരുന്ന കേസിൽ ശ്രദ്ധേയ പരാമർശവുമായി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ
കൊച്ചി: മിശ്രവിവാഹിതരുടെ മകൾ ഹിന്ദു ആചാരപ്രകാരം വിവാഹിതയായപ്പോൾ വിവാഹ രജിസ്ട്രേഷനെ ചുറ്റിപ്പറ്റി നൂലാമാലകൾ. വിവാഹ രജിസ്ട്രേഷന് അപേക്ഷ നൽകിയപ്പോൾ വിവാഹം ഹൈന്ദവ ആചാരണപ്രകാരമാണ് നടന്നതെന്ന കാര്യത്തിൽ അവ്യക്തത ഉണ്ടെന്നും വധുവിന്റെ മാതാവ് മുസ്ലീമാണെന്നുമുള്ള കാരണത്തിൽ രജിസ്ട്രേഷന് നടത്താൻ ഉദ്യോഗസ്ഥർ വിസമ്മതിച്ച സംഭവത്തിൽ ഹൈക്കോടതി നിർണായകമായ പരാമർശങ്ങളോടെയാണ് വിധി പുറപ്പെടുവിച്ചത്. വിവാഹ രജിസ്ട്രേഷൻ ഫോം രണ്ട് ദമ്പതികൾ പൂരിപ്പിച്ചു നൽകിയാൽ രജിസ്ട്രേഷൻ നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. അല്ലാത്ത പക്ഷം ഒരു ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം ചേർത്ത് അംഗീകരിക്കണമെന്നും രജിസ്ട്രാർ ജനറൽക്ക് കോടതി നിർദ്ദേശം നല്കി.
മുമ്പ് ശ്രദ്ധേയമായ പരാമർശങ്ങളിലൂടെ വിധി പ്രസ്താവം നടത്തിയ ഹൈക്കോടതി ജഡ്ജി പി വി കുഞ്ഞിക്കണ്ണനാണ് എറണാകുളം സ്വദേശികളായ ദമ്പതികൾ നൽകിയ ഹർജി തീർപ്പാക്കിയത്. വിവാഹ രജിസ്ട്രേഷനുള്ള ചീഫ് രജിസ്ട്രാർ ജനറലിനെ എതിർകക്ഷിയായി നല്കിയ ഹർജിയാണ് കോടതി തീർപ്പാക്കിയത്. ഹിന്ദു വിശ്വാസം പിന്തുടർന്നാണ് ധീരവ സമുദായത്തിൽ പെട്ട യുവാവാണ് വിവാഹിതനായത്. ഭാര്യയുടെ പിതാവ് ധീരവ സമുദായക്കാരനും മാതാവ് മുസ്ലിം വിശ്വാസിയുമായിരുന്നു.
പിൽക്കാലത്ത് സുപ്രിംകോടതി നിർദ്ദേശപ്രകാരം വിവാഹ രജിസ്ട്രേഷന് വേണ്ടി സമീപിച്ചപ്പോൾ ഭാര്യയുടെ മാതാവ് മുസ്ലീമാണെന്ന കാരണത്താലും ഭാര്യയുടെ എസ്എസ്എൽസി ബുക്കിൽ മുസ്ലിം എന്നു രേഖപ്പെടുത്തിയതു കൊണ്ടും രജിസ്ട്രേഷൻ അനുവദിക്കാൻ സാധ്യമല്ലെന്ന നിലപാടാണ് പ്രാദേശിക രജിസ്‌ട്രേഷൻ ഉദ്യോഗസ്ഥർ സ്വീകരിച്ചത്. ഹിന്ദു മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്നതിന് തെളിവില്ലെന്നുമായിരുന്നു ഇവരുടെ നിലപാട്. പകരം സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാനുമാണ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചത്. ഇതോടയാണ് വിഷയം കോടതി കയറിയതും.
കേസ് പരിഗണിച്ച് വിധി പറഞ്ഞ ഹൈക്കോടതി ജഡ്ജി നടത്തിയ പരാമർശങ്ങളാണ് ഏറെ ശ്രദ്ധമായത്. രജിസ്ട്രേഷൻ അധികാരികളുടെ ഭാഗത്തു നിന്നുമുണ്ടായ തീരുമാനം ആശ്ചര്യപ്പെടുത്തുന്നതാണെന്ന് കോടതി പറഞ്ഞു. സ്ത്രീകളുടെ കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് 2008ൽ വിവാഹ രജിസ്ട്രേഷൻ നിർബന്ധമാക്കി സുപ്രീംകോടതി ഉത്തരവിറക്കിയത്. വ്യത്യസ്ത മതവിഭാഗത്തിൽ പെട്ടവരുടെ വിവാഹം രജിസ്റ്റർ ചെയ്യാനും അതിന്റേതായ വഴികളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇങ്ങനെയാണെങ്കിൽ നാം ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും പിന്മുറക്കാരാണെന്ന് എങ്ങനെ പറയുമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ചോദിച്ചു. ഹിന്ദു വിവാഹങ്ങൾ പൊതുവേ മതപരവും മതേതരത്വം പുലർത്തുന്നതുമാണന്നും കോടതി നിരീക്ഷിച്ചു. ശങ്കരാചാര്യരുടെ ദർശന പ്രകാരം ഹിന്ദു വിവാഹം എന്നത് 16 തത്വങ്ങളിൽ ഒന്നാണെന്ന കാര്യവും വിധിയിൽ പരാമർശിക്കുന്നു. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി വിവാഹം രജിസ്‌ട്രേഷൻ തടയുന്നത് നല്ലകാര്യല്ല. 2008ലെ ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നത് തടയുന്ന സ്ഥിതി പരിഹരിക്കപ്പെടേതാണെന്നും വിധി പ്രസ്താവത്തിൽ പറയുന്നു.
2001 ഡിസംബർ രണ്ടിനായിരുന്നു ദമ്പതികൾ കടവന്ത്ര ക്ലബ് ഹാളിൽ വെച്ച് വിവാഹിതരായത്. ഹിന്ദു ചടങ്ങുകൾ പ്രകാരമായിരുന്നു വിവാഹം. ഇപ്പോൾ രണ്ട് കുട്ടികളുമായി താമസിക്കുകയാണ് ദമ്പതികൾ. ഹിന്ദു ജീവിതാനുഷ്ടാനങ്ങളാണ് ഭാര്യ പിന്തുടരുന്നതും. ഇതിനിടെയാണ് വിവാഹ രജിസ്ട്രേഷൻ നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയത്. ഇത് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ ഒരുങ്ങിയപ്പോഴാണ് നൂലാമാലകൾ പോലും ഉണ്ടായതും.
ജാതിഭേദം മതദ്വേഷം, ഏതുമില്ലാതെ സർവ്വരും, സോദരത്വേന വാഴുന്ന, മാതൃകാ സ്ഥാനമാണിത് ശ്രീനാരായണ ഗുരുവിന്റെ വാക്കുകളും കോടതി ഉത്തരവിൽ ചേർത്തിട്ടുണ്ട്. ജനാധിപത്യ രാജ്യത്ത് അവർക്ക് ഇഷ്ടമുള്ള മതവും വിശ്വാസവും പിന്തുടരാൻ അവകാശമുണ്ടെന്ന കാര്യവും കോടതി ഉത്തരവിൽ ഓർമ്മപ്പെടുന്നു. ശ്രീനാരാണയ ഗുരുവും അയ്യാങ്കാളിയും അടക്കമുള്ള മഹാന്മാർ മതേതര ആശയത്തിനായി നിലകൊണ്ടവരാണ്. എന്നാൽ ഈ ദിവസങ്ങളിൽ ഈ മഹന്മാരുടെ പേരുകൾ ചില വിഭാഗക്കാർ കൈയടക്കി വെച്ചിരിക്കയാണ്. ഇത് ആ മഹാന്മാരോടു ചെയ്യുന്ന തെറ്റാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിരീക്ഷിക്കുന്നു. വിവാഹ രജിസ്ട്രേഷനായി ഫോം രണ്ട് പ്രകാരമുള്ള അപേക്ഷ സ്വീകരിച്ച് ദമ്പതികളുടെ വിവാഹ രജിസ്ട്രേഷൻ നടത്തി കൊടുക്കണമെന്നും വിധിയിൽ നിർദ്ദേശിച്ചു.
നേരത്തെയും സാമൂഹ്യശ്രദ്ധ നേടിയ ശ്രദ്ദേയ വിധികൾ ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണൻ നടത്തിയിരുന്നു. ആരാധനാലയങ്ങൾ അനുമതിയില്ലാതെ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെടുമ്പോൾ ചർച്ചയാകുന്നതും ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണന്റെ നീതി ബോധമായിരുന്നു. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ 36 മോസ്‌കുകൾ ഉണ്ടന്ന് കാണിച്ച് മലപ്പുറത്ത് മറ്റൊരു പള്ളി പണിയാനുള്ള അനുമതി നിഷേധിച്ച പഞ്ചായത്ത് നടപടി ശരിവെച്ചു കൊണ്ടായിരുന്നു അന്ന് പി വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥന ഹാളുകളും എത്രയും വേഗം അടച്ചുപൂട്ടണമെന്നും കോടതി നിർദ്ദേശിക്കുകയുണ്ടായി. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഇതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്.
ഇത് കൂടാതെ വ്യക്തിയുടെ ജനന സർട്ടിഫിക്കറ്റിലും തിരിച്ചറിയൽ രേഖകളിലും അമ്മയുടെ പേരു മാത്രം ഉൾപ്പെടുത്താൻ പൗരന് അവകാശമുണ്ടെന്ന ഹൈക്കോടതി വിധിയും കുഞ്ഞികൃഷ്ണന്റേതായിരുന്നു. പ്രായപൂർത്തിയാകുന്നതിനു മുൻപേ അമ്മയായ ഒരു സ്ത്രീയുടെ മകൻ നൽകിയ ഹർജിയിലായിരുന്നു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ആ ഉത്തരവ്. ജനന സർട്ടിഫിക്കറ്റിലും സ്‌കൂൾ രേഖകളിലും പാസ്പോർട്ടിലുമുള്ള പിതാവിന്റെ പേരു നീക്കം ചെയ്ത് അമ്മയുടെ പേരു മാത്രം ചേർത്തു നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജിക്കാരൻ കോടതിയിലെത്തിയത്. വാദങ്ങൾ കേട്ട ശേഷം നീതി ഉറപ്പാക്കേണ്ടതിന്റെ സാമൂഹിക സാഹചര്യം വിശദീകരിച്ചായിരുന്നു ഉത്തരവ്.
കുന്തി വെളിപ്പെടുത്തുന്നതുവരെ മാതാപിതാക്കളാരെന്നറിയാത്ത കർണൻ അനുഭവിക്കുന്ന മനോവിഷമം വേദവ്യാസൻ മഹാഭാരതത്തിൽ വിവരിക്കുന്നുണ്ട്. ഈ കഥയെ ആസ്പദമാക്കി മാലി മാധവൻ നായർ രചിച്ച 'കർണശപഥം' ആട്ടക്കഥയിലെ ''എന്തിഹ മന്മാനസേ... '' എന്നു തുടങ്ങുന്ന പദത്തിൽ കർണന്റെ മാനസിക സംഘർഷം വിവരിച്ചിട്ടുണ്ട്. ഈ പദം കലാമണ്ഡലം ഹൈദരാലി പാടി കലാമണ്ഡലം ഗോപി അവതരിപ്പിക്കുമ്പോൾ കഥകളി പ്രേമികളല്ലാത്തവർപ്പോലും കണ്ണീരണിയും-കോടതി ഉത്തവിൽ വിശദീകരിച്ചിരുന്നു.