- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവോയിസ്റ്റ് രൂപേഷ് കേസിൽ നിലപാട് മാറ്റി സർക്കാർ; യുഎപിഎ പുനഃസ്ഥാപിക്കണമെന്ന ഹർജി പിൻവലിക്കാൻ സുപ്രീംകോടതിയിൽ അപേക്ഷ നൽകി
ന്യൂഡൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസിൽ നിലപാട് മാറ്റി സർക്കാർ. രൂപേഷിനെതിരെ യുഎപിഎ പുനഃസ്ഥാപിക്കണമെന്ന ഹർജി പിൻവലിക്കാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. സർക്കാരിന്റെ അപേക്ഷ ജസ്റ്റിസ് എം ആർ ഷായുടെ അധ്യക്ഷതയിലുള്ള ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരുന്ന മൂന്ന് കേസുകളിൽ രൂപേഷിനെതിരായ യുഎപിഎ വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. കേസുകളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ അല്ല ഹൈക്കോടതി നടപടിയെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചിരുന്നു.
നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ച് 2013 ൽ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ രണ്ടു കേസിലും 2014 ൽ വളയം പൊലീസ് സ്റ്റേഷനിൽ ഒരു കേസിലുമാണ് രൂപേഷിനെതിരെ യുഎപിഎ നിയമം ചുമത്തിയിരുന്നത്. എന്നാൽ യുഎപിഎ അഥോറിറ്റിയിൽ നിന്ന് പ്രോസിക്യുഷൻ അനുമതി കൃത്യ സമയത്ത് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രൂപേഷ് നൽകിയ ഹർജിയിൽ ഹൈക്കോടതി സിംഗിൾ, ഡിവിഷൻ ബെഞ്ചുകൾ അനുകൂല ഉത്തരവുകൾ പുറപ്പടുവിക്കുകയായിരുന്നു.
ഈ ഉത്തരവ് റദ്ദാക്കണമെന്നും രൂപേഷിനെതിരെ യുഎപിഎ വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്നുമാണ് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഹർജിയിൽ ജസ്റ്റിസ് എം ആർ. ഷാ, ബി വി നാഗരത്‌ന എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. സെപ്റ്റംബർ 19 നകം മറുപടി നൽകാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്നാണ് ഹർജി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്.