ന്യൂഡൽഹി: മീഡിയാ വൺ കേസിൽ സുപ്രീംകോടതിയിൽ വിചാരണ പൂർത്തിയായി വിധി പറയാനായി മാറ്റിവെച്ചു. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന വാദപ്രതിവാദങ്ങൾക്ക് ഒടുവിലാണ് കേസ് വിധി പറയാനായി കോടതി മാറ്റിവെച്ചത്. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസിലെ വിശദാശങ്ങൾ പരിശോധിച്ചത്. മീഡിയവണിന് ലൈസൻസ് പുതുക്കി നൽകാത്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയാണ് നിയമയുദ്ധത്തിന് ഇടയാക്കിയത്. ഹൈക്കോടതി തള്ളിയ കേസാണ് അന്തിമവിധികാത്ത് സുപ്രീംകോടതിയിൽ എത്തിയത്്.

ഇന്നലെ നടന്ന വിചാരണാ ഘട്ടത്തിലും മീഡിയവണിന് ലൈസൻസ് പുതിക്കി നൽകാൻ സാധിക്കില്ലെന്ന മുൻനിലപാട് കേന്ദ്രം ആവർത്തിച്ചു. അതേസമയം മീഡിയവണ്ണിന് എതിരെ മുദ്രവെച്ച കവറിൽ ഹാജരാക്കിയ ഫയലിലെ ആരോപണങ്ങൾ അവ്യക്തമാണെന്ന സുപ്രീം കോടതി നിരീക്ഷണം ചാനലിന് പ്രതീക്ഷ നൽകുകയും ചെയ്യുന്നു. മുദ്രവെച്ച കവറിലെ പ്രസക്തമായ നാല് പേജുകൾ പരിശോധിച്ച ശേഷമാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ചാനലിന്റെ ലൈസെൻസ് പുതുക്കുന്ന സമയത്ത് സുരക്ഷാ അനുമതി ആവശ്യമാണെന്ന കേന്ദ്ര സർക്കാർ വാദത്തോട് സുപ്രീം കോടതി യോജിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയത് സുരക്ഷാ പ്രശ്‌നം ആണ് എന്നത് ചാനലിനെ ആശങ്കയിലാഴ്‌ത്തുന്നുമുണ്ട്. സംപ്രേഷണ വിലക്കിന് എതിരെ മീഡിയവൺ ഉടമകളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സുരക്ഷാ അനുമതി നിഷേധിക്കുന്നതിന് കാരണമായ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് പരിശോധിച്ചത്. ഫയലിലെ 807 - 808 പേജുകളിലെ അഞ്ചാം ഖണ്ഡികയും, 839 -840 പേജുകളിലെ മിനുട്സും പരിശോധിച്ച ശേഷമാണ് ആരോപണങ്ങൾ അവ്യക്തമാണെന്ന് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചത്. കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിലെ രണ്ട് ഖണ്ഡികകളിൽ ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ഈ നാല് പേജുകളും വായിച്ചുനോക്കാൻ ബെഞ്ച് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ. എം. നാടരാജിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. തുടർന്ന് അഡീഷണൽ സോളിസിസ്റ്റർ ജനറൽ പേജുകൾ പരിശോധിച്ചു. ഫയലിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് തനിക്ക് അഭിപ്രായം കഴിയില്ലെന്ന് അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. ഫയൽ മീഡിയ വണ്ണിന്റെ അഭിഭാഷകർക്ക് കൈമാറുന്നതിനെ കേന്ദ്ര സർക്കാർ ശക്തമായി എതിർത്തിരുന്നു. ഇതേത്തുടർന്നാണ് ജഡ്ജിമാർ മാത്രം ഫയൽ പരിശോധിച്ചത്. വിധി എഴുതുന്നതിനായി ഫയൽ കേന്ദ്ര സർക്കാരിൽ നിന്ന് ബെഞ്ച് വാങ്ങി.

ഇതിനിടെ മീഡിയവൺ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ ഓഹരി ഘടനയെ സംബന്ധിച്ച വിശദാംശങ്ങൾ കൈമാറാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. 67000- ഓളം ഓഹരി ഉടമകൾ ഉണ്ടെന്ന് ചാനൽ കോടതിയെ അറിയിച്ചു. ഇവരുടെ വോട്ടവകാശം ഉൾപ്പടെയുള്ള കാര്യങ്ങൾ അറിയിക്കാനാണ് സുപ്രീം കോടതി നിർദ്ദേശം.ഇവരുടെ പൗരത്വം അടക്കമുള്ള കാര്യങ്ങൾ കോടതി പരിശോധിക്കും. നേരത്തം കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന വിവരമാണ് ചാനൽ കോടതിയെ അറിയിച്ചിരുന്നത്. മീഡിയവണ്ണിന് വേണ്ടി സീനിയർ അഭിഭാഷകരായ ദുഷ്യന്ത് ദാവെ, മുകുൾ റോത്തഗി, ഹുസേഫാ അഹമദി, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവരാണ് ഹാജരായത്.

സുരക്ഷാ ഭീഷണിയാണെങ്കിൽ എന്തുകൊണ്ടാണ് മീഡിയ വൺ ചാനലിന് ഡൗൺ ലിങ്കിങ് ലൈസെൻസ് പുതുക്കി നൽകിയതെന്ന് വാദം കേൾക്കലിനിടയിൽ സുപ്രീം കോടതി ആരാഞ്ഞു. ഇതിന് പുറമെ ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകാതെ അഡീഷണൽ സോളിസിസ്റ്റർ ജനറലിനെ കൊണ്ട് വാദം എഴുതി നൽകിയതിലും സുപ്രീം കോടതി അത്ഭുതം രേഖപ്പെടുത്തി. മുദ്രവെച്ച കവറിൽ രേഖകൾ കൈമാറുന്നതിനോട് തനിക്ക് വിയോജിപ്പാണെങ്കിലും ദേശസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ അതിൽ ഇളവ് നൽകേണ്ടിവരുമെന്നും ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ജനുവരി 31 നാണ് ചാനലിന്റെ പ്രവർത്തനാനുമതി വിലക്കി കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. സിഗിംൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷൻ ബെഞ്ചും വ്യക്തമാക്കി. കേന്ദ്ര സർക്കാർ മുദ്ര വെച്ച കവറിൽ ഹാജരാക്കിയ രഹസ്യ രേഖകൾ പരിശോധിച്ച ശേഷമായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം. എന്നാൽ ഇതിന് പിന്നാലെ മീഡിയാവൺ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. ചാനലിനെ വിലക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച ഹൈക്കോടതി വിധി മാർച്ച് 15-ന് സുപ്രീംകോടതി സ്റ്റേ ചെയ്തു.