ന്യൂഡൽഹി: മോദി സർനെയിം പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ താൻ നിരപരാധിയെന്ന് വാദിച്ച് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ എതിർസത്യവാങ്മൂലം സമർപ്പിച്ചു. തന്റെ രണ്ടുവർഷത്തെ തടവുശിക്ഷ സ്റ്റേ ചെയ്യണമെന്നും, നിലവിലുള്ള ലോക്‌സഭാ സമ്മേളനത്തിലും, വരാനിരിക്കുന്നവയിലും പങ്കെടുക്കാൻ വഴിയൊരുക്കണമെന്നും ആവശ്യപ്പെട്ടു.

2019 ഏപ്രിലിൽ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗമാണ് രാഹുലിനെതിരേ കേസെടുക്കുന്നതിലും തുടർന്ന് എംപി.സ്ഥാനത്ത് നിന്ന് അയോഗ്യനാകുന്നതിലേക്കും നയിച്ചത്. മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ടെന്ന പരാമർശം അപകീർത്തിയുണ്ടാക്കിയെന്ന കേസിലാണു കഴിഞ്ഞ മാർച്ചിൽ രാഹുലിനു 2 വർഷം തടവുശിക്ഷ വിധിച്ചത്. മോദി സമുദായത്തെ ഒട്ടാകെ അപമാനിക്കുന്നതാണ് രാഹുലിന്റെ പരാമർശമെന്ന് കാണിച്ച് ഗുജറാത്തിൽനിന്നുള്ള എംഎ‍ൽഎ. പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.

അപകീർത്തി പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് രാഹുൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഹർജിക്കാരൻ നിയമത്തെ ദുരുപയോഗം ചെയ്യുകയാണ്. മാപ്പ് പറയാനായി നിർബന്ധിക്കുകയാണ് തുടങ്ങിയ കാര്യങ്ങളാണ് രാഹുൽ ഗാന്ധി എതിർ സത്യവാങ്മൂലത്തിൽ ഉന്നയിക്കുന്നത്. കീഴ്കോടതി വിധികൾക്കെതിരെയും രാഹുൽ ഗാന്ധി വിമർശനം ഉന്നയിക്കുന്നുണ്ട്. താൻ കുറ്റക്കാരനല്ലെന്നും ആരോപിക്കപ്പെട്ട കുറ്റം നിലനിൽക്കുന്നതല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മാപ്പു പറയണമായിരുന്നെങ്കിൽ അത് നേരത്തെ ആകാമായിരുന്നെന്നും രാഹുൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്

താൻ മാപ്പ് പറയാൻ വിസമ്മതിച്ചെന്ന ഒറ്റക്കാരണത്താലാണ് പൂർണേഷ് മോദി തന്നെ വിശേഷിപ്പിക്കാൻ 'ധിക്കാരി' തുടങ്ങിയ പ്രയോഗങ്ങൾ ഉപയോഗിച്ചതെന്നും സത്യവാങ്മൂലത്തിൽ രാഹുൽ ചൂണ്ടിക്കാണിക്കുന്നു.തന്റേതല്ലാത്ത കുറ്റത്തിന് മാപ്പുപറയാൻ നിർബന്ധിക്കുക വഴി ജുഡീഷ്യൽ പ്രക്രിയയെ കടുത്ത ചൂഷണം ചെയ്യുകയാണ്.

നിസാര കുറ്റത്തിന് അസാധാരണകേസാണ് എടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പക്കപ്പെട്ട ജനപ്രതിനിധി എന്ന നിലയിൽ തനിക്ക് അപരിഹാര്യമായ നഷ്ടമാണ് സംഭവിക്കുന്നത്. അതേസമയം, പരാതിക്കാരന് ഇക്കാര്യത്തിൽ ഉപദ്രവം ഉണ്ടാകുന്നുമില്ല. ഈ പശ്ചാത്തലത്തിൽ, തനിക്ക് കീഴ്‌ക്കോടതി വിധിച്ച രണ്ടുവർഷത്തെ തടവുശിക്ഷ സ്‌റ്റേ ചെയ്യണമെന്നും രാഹുൽ ഗാന്ധി എതിർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനുള്ളിൽ കേസ് പരിഗണിക്കാനിരിക്കെയാണ് രാഹുൽ ഗാന്ധി എതിർസത്യവാങ്മൂലം സമർപ്പിച്ചത്.