- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബുവിന് വധശിക്ഷ
കൊച്ചി: അങ്കമാലി മൂക്കന്നൂരിൽ സഹോദരനടക്കം ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്ന കേസിൽ പ്രതി ബാബുവിന് വധശിക്ഷ. മൂക്കന്നൂർ സ്വദേശി ശിവന്റെ മകൾ സ്മിതയെ(33) കൊലപ്പെടുത്തിയ കേസിലാണ് വധ ശിക്ഷ വിധിച്ചത്. മറ്റ് രണ്ട് കൊലപാതകങ്ങളിൽ ഇരട്ട ജീവപര്യന്തം തടവും പ്രതി അനുഭവിക്കണം. കേസിലെ വിവിധ വകുപ്പുകളിൽ നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും ബാബു അടയ്ക്കണം.
കൊച്ചിയിലെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി കെ സോമൻ ബാബുവിന് വധശിക്ഷ വിധിച്ചത്.
ബാബുവിനെതിരെ കൊലപാതകവും കൊലപാതക ശ്രമവും അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി പറഞ്ഞിരുന്നു. പ്രതിയായ ബാബു സഹോദരൻ ശിവൻ, ഭാര്യ വൽസല, മകൾ സ്മിത എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് കോടതി പറഞ്ഞു. സ്മിതയെ കൊലപ്പെടുത്തിയ രീതി ഭയാനകമായിരുന്നു. 35ഓളം വെട്ടുകളാണ് സ്മിതയുടെ ശരീരത്തിലുണ്ടായിരുന്നത്. കൊലപാതക രീതി കണക്കിലെടുത്താണ് ബാബുവിന് വധശിക്ഷ വിധിച്ചത്. വിധി സ്വാഗതം ചെയ്യുന്നതായി പബ്ലിക് പ്രോസിക്യൂട്ടർ ബിന്ദു പറഞ്ഞു. കേസിൽ ഒന്നര വർഷത്തോളം വാദം നടന്നു. മുറിവുകളാണ് കേസിലെ പ്രധാന തെളിവുകൾ. കൊലപാതകം കൊലപാതകശ്രമം ഉൾപ്പെടെ ആറ് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ പ്രതി ബാബു മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്നും ജയിലിലെ നല്ല നടപ്പ് പരിഗണിക്കണമെന്നും പ്രതിഭാഗവും വാദിച്ചു. തന്റെ അച്ഛൻ മരിച്ചതിനു ശേഷം മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നും ഇതിന് ചികിത്സയിലാണെന്നും ബാബു കോടതിയെ അറിയിച്ചിരുന്നു. കുടുംബ പാശ്ചാത്തലം പരിഗണിക്കണം. കുറ്റകൃത്യത്തിനു മുമ്പ് സമൂഹത്തിൽ വിലയുള്ള ആളായിരുന്നു എന്നാൽ അമ്മയുടെ സ്വത്തുമായ ബന്ധപ്പെട്ട തർക്കത്തിൽ സംഭവിച്ചുപോയതാണെന്നും പ്രതിഭാഗം വാദം ഉന്നയിച്ചിരുന്നു.
സഹോദരനെയും കുടുംബത്തെയും കൊല്ലുകയെന്ന ലക്ഷ്യത്തോടെ മൂന്നു പേരുടെയും തലയ്ക്ക് പ്രതി പലപ്രാവശ്യം വെട്ടുകയായിരുന്നു. മൂക്കന്നൂർ സ്വദേശിയായ ശിവൻ, ഭാര്യ വത്സല, മകൾ സ്മിത എന്നിവരെയാണ് ബാബു കൊലപ്പെടുത്തിയത്. 2018 ഫെബ്രുവരി 11നാണ് കേസിനാസ്പദമായ സംഭവം. ബാബുവിന്റെ സഹോദരനാണ് ശിവൻ. അക്രമം തടയാൻ ശ്രമിച്ച സ്മിതയുടെ ഇരട്ട ക്കുട്ടികളെയും ബാബു വെട്ടിപ്പരിക്കേൽപ്പിച്ചു.
ശിവനെ വീട്ടുമുറ്റത്ത് വെച്ചും, ഭാര്യ വത്സലയെ വീട്ടിനകത്ത് വെച്ചും, സ്മിതയെ കുളിമുറിയിൽ വെച്ചുമാണ് പ്രതി വെട്ടി കൊലപ്പെടുത്തിയത്. സ്മിതയുടെ ഇരട്ടകുട്ടികളായ അപർണയ്ക്കും അശ്വിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കൃത്യത്തിന് ശേഷം കൊരട്ടിയിലെ ക്ഷേത്രക്കുളത്തിൽ സ്കൂട്ടറുമായി ചാടി ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു.
പ്രതി മറ്റൊരു സഹോദരന്റെ ഭാര്യയെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ പിന്നീട് പിന്മാറുകയായിരുന്നു.അഞ്ച് വർഷത്തിന് ശേഷമാണ് വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞത്.