- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹമ്മദ് ഫൈസലിന് എം പി സ്ഥാനം വീണ്ടും തിരിച്ച് കിട്ടും; വധശ്രമക്കേസിൽ കുറ്റക്കാരനെന്ന സെഷൻസ് കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി; ഉത്തരവ് ലക്ഷദ്വീപ് സർക്കാരിന്റെ ശക്തമായ എതിർപ്പ് അവഗണിച്ച്
കൊച്ചി: അയോഗ്യതാ വിഷയത്തിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വിധി അടിക്കടി മാറിമറിയുന്നു. വധശ്രമക്കേസിൽ മുഹമ്മദ് ഫൈസൽ കുറ്റക്കാരനെന്നു കണ്ടെത്തിയ സെഷൻസ് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. മുഹമ്മദ് ഫൈസൽ നൽകിയ ഹർജി പരിഗണിച്ചാണ് നടപടി. ഹർജി നാലാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ലക്ഷദ്വീപ് സർക്കാരിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ ഫൈസലിന് എംപി. സ്ഥാനം തിരിച്ച് ലഭിക്കും. ഫൈസലിന്റെ ഹർജിയിൽ ലക്ഷദ്വീപ് സർക്കാർ ഉൾപ്പെടെയുള്ള കേസിലെ എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസയച്ചു. നാലാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ സുപ്രീംകോടതി നിർദ്ദേശിച്ചു.
കേസിൽ മുഹമ്മദ് ഫൈസലിനു പത്തു വർഷം തടവു ശിക്ഷ വിധിച്ച സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചിരുന്നു. എന്നാൽ കുറ്റക്കാരനെന്നു കണ്ടെത്തിയതു സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. ഇതിനെതിരെയാണ് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവിനു പിന്നാലെ ലോക്സഭാ സെക്രട്ടേറിയറ്റ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയിരുന്നു.
നേരത്തെ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സസ്പെൻഡ് ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതിക്കു പിഴവു പറ്റിയെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ആറാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിച്ചത്.
മുൻ കേന്ദ്രമന്ത്രി പിഎം സയിദിന്റെ മരുമകൻ മുഹമ്മദ് സാലിയയെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് മുഹമ്മദ് ഫൈസലും മറ്റു മൂന്നു പേരും കുറ്റക്കാരാണെന്നു കവറത്തി സെഷൻസ് കോടതി കണ്ടെത്തിയത്. ഇവർക്കു പത്തു വർഷം തടവുശിക്ഷ വിധിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ