ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് കേന്ദ്ര ജലകമ്മിഷനും സുപ്രീംകോടതി രൂപീകരിച്ച മേൽനോട്ട സമിതിയും. ഇതുസംബന്ധിച്ച റിപ്പോർട്ട് ജല കമ്മിഷനും മേൽനോട്ടസമിതിയും സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകി. അണക്കെട്ടിന് പ്രശ്‌നം ഉള്ളതായി കേരളവും തമിഴ്‌നാടും ഉന്നയിച്ചിട്ടില്ലെന്ന് മേൽനോട്ട സമിതി കോടതിയെ അറിയിച്ചു.

സമീപപ്രദേശങ്ങളിൽ കഴിയുന്നവരുടെ ആശങ്ക അറിയിക്കാനും ഡാമിന്റെ പ്രവർത്തനങ്ങളിൽ സൂക്ഷ്മ മേൽനോട്ടം ഉറപ്പാക്കാനും ഉൾപ്പെടെ വ്യക്തമായ ഉദ്ദേശ്യത്തോടെയാണു സുപ്രീം കോടതി തന്നെ മേൽനോട്ട സമിതിയെ വച്ചത്.

2022 മെയ് 9-നാണ് മേൽനോട്ട സമിതി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച് പരിശോധന നടത്തിയത്. കേരളത്തിന്റെയും തമിഴ് നാടിന്റെയും സാങ്കേതിക അംഗങ്ങളും ഈ പരിശോധനയിൽ പങ്കെടുത്തിരുന്നു. അണക്കെട്ടിന് കാര്യമായ എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്ന് മേൽനോട്ട സമിതിയുടെ ശ്രദ്ധയിൽ ആരും പെടുത്തിയിട്ടില്ലെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ മേൽനോട്ട സമിതി നിർദ്ദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഈ 27-ന് മേൽനോട്ട സമിതി അണകെട്ട് സന്ദർശിക്കും. 28-ന് മേൽനോട്ട സമിതിയുടെ യോഗം ചേരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്വതന്ത്ര സമിതിയെക്കൊണ്ട് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളം കഴിഞ്ഞ ആഴ്ച സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. ഒരു വർഷത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കാൻ നിർദ്ദേശിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. പരിശോധന നടത്തുമ്പോൾ കേരളത്തിന്റെയും തമിഴ്‌നാടിന്റേയും ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പുവരുത്തണം. പരിശോധന മുഴുവനായി വീഡിയോയിൽ ചിത്രീകരിക്കണെമെന്നും സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ജൂണിലും ഓഗസ്റ്റിലും ചേർന്ന യോഗങ്ങളിൽ സുരക്ഷ പരിശോധന നടത്തണമെന്ന നിർദേശമുണ്ടായെന്നു വ്യക്തമാക്കുന്നതാണ് സംസ്ഥാന ജലസേചന വകുപ്പിലെ ചീഫ് എൻജിനീയർ കെ കെ രാഘവൻ നൽകിയ സത്യവാങ്മൂലം. ഡാമിന്റെ കാലപ്പഴക്കം മറ്റു സുരക്ഷ പ്രശ്‌നങ്ങൾ തുടങ്ങിയവയും സത്യവാങ്മൂലത്തിൽ ചേർത്തിട്ടുണ്ട്. അപകടമുണ്ടായാൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം തൃശൂരിന്റെ ചിലഭാഗങ്ങൾ എന്നിവിടങ്ങളെ ബാധിക്കുമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. സുപക്ഷ പരിശോധന വേണമെന്ന നിർദ്ദേശം 2022ലെ സുപ്രീം കോടതി വിധിയിലുണ്ടായിരുന്നു.

പരിശേധനയ്ക്ക് സുപ്രീം കോടതി സമയപരിധി നിശ്ചയിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നവംബറി കോതമംഗലം സ്വദേശി ജോ ജോസഫ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷനും മേൽനോട്ട സമിതിയും വ്യക്തമാക്കിയിരിക്കുന്നത്.