- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടി മധുവധക്കേസ്: കൂറുമാറിയ സാക്ഷിക്ക് കാഴ്ച പ്രശ്നമില്ലെന്ന് പരിശോധന ഫലം; താത്കാലിക ജീവനക്കാരനായ സുനിൽ കുമാറിനെ വനം വകുപ്പ് പിരിച്ചുവിട്ടു; കൂറുമാറിയ സാക്ഷി വ്യാഴാഴ്ച ഹാജരാകണമെന്ന് കോടതി
പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ കൂറുമാറിയ സാക്ഷി സുനിൽകുമാറിന്റെ കാഴ്ചയ്ക്ക് പ്രശ്‌നമില്ലെന്നും മികച്ച കാഴ്ചശക്തിയുണ്ടെന്നും പരിശോധനാഫലം. കോടതി നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്.
താനും മധുവും ഉൾപ്പെട്ട ദൃശ്യങ്ങൾ കാണാനാകുന്നില്ലെന്ന് കോടതിയിൽ പറഞ്ഞ സാക്ഷി സുനിൽകുമാറിന്റെ കാഴ്ചശക്തി പരിശോധിക്കാൻ മണ്ണാർക്കാട് എസ്സി-എസ്ടി കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. ഇതിലാണ് സുനിൽകുമാറിന് മികച്ച കാഴ്ചശക്തിയാണുള്ളതെന്ന് തെളിഞ്ഞത്.
മധുവിനെ മർദിച്ച സ്ഥലമായ മുക്കാലിയിലേക്ക് കൊണ്ടുവരുന്ന ദൃശ്യമാണ് കോടതിയിൽ കാണിച്ചത്. ഈ വീഡിയോയിൽ കാഴ്ചക്കാരാനായി സുനിൽ കുമാർ നിൽക്കുന്നത് കാണാം. ബാക്കിയുള്ളവർക്കെല്ലാം കാണാൻ കഴിയുന്നുണ്ടല്ലോയെന്നും കോടതി ചോദിച്ചു.
കേസിൽ 29ാം സാക്ഷിയാണ് സുനിൽ കുമാർ. മധുവിനെ വനത്തിൽനിന്ന് പിടിച്ചുകൊണ്ടുവരുന്നത് കണ്ടു എന്നായിരുന്നു ഇയാൾ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ ഇക്കാര്യം വിസ്താര വേളയിൽ നിഷേധിച്ചു. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം പതിനാറായി.
അതേസമയം, കേസിൽ കൂറുമാറ്റം നടത്തിയതിന് പിന്നാലെ സുനിൽകുമാറിനെ വനംവകുപ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സൈലന്റ് വാലി ഡിവിഷനിൽ താത്ക്കാലിക വനം വാച്ചറായിരുന്നു സുനിൽകുമാർ. ഇതോടെ കൂറുമാറിയതിനെ തുടർന്ന് പിരിച്ചു വിടുന്ന താത്കാലിക വാച്ചർമാരുടെ എണ്ണം നാലായി.
30-ാം സാക്ഷി താജുദ്ധീൻ മരണപ്പെട്ടതോടെ രണ്ട് പേരെയാണ് വിചാരണ കോടതി ഇന്ന് വിസ്തരിച്ചത്. രണ്ടു പേരും കൂറുമാറുകയായിരുന്നു. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം 16 ആയി.
കേസുമായി ബന്ധപ്പെട്ട ഒന്നും അറിയില്ലെന്നും പൊലീസിന് മൊഴി നൽകിയിട്ടില്ലെന്നുമാണ് 31-ാം സാക്ഷി ദീപു കോടതിയിൽ പറഞ്ഞത്. എന്നാൽ ഇയാളെ പ്രതികൾ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടതിന്റെ തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നതായും, പ്രതികൾ സാക്ഷികളെ ഇപ്പോളും സ്വാധീനിക്കുകയാണെന്നും സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പറഞ്ഞു.
കേസിൽ 32 മുതൽ 34 വരെയുള്ള സാക്ഷികളെ നാളെ വിസ്തരിക്കും.