കൊച്ചി: സിൽവർലൈൻ പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സാമൂഹികാഘാത പഠനം നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ പദ്ധതിയിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും സർക്കാർ കോടതിയെ ധരിപ്പിച്ചു. സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞതും ഡിപിആറിനു കേന്ദ്രസർക്കാരിന്റെ അനുമതി ഇതുവരെ ലഭിക്കാത്തതും പരിഗണിച്ച് സിൽവർലൈൻ ഹർജികൾ ഹൈക്കോടതി തീർപ്പാക്കി.

നിലവിൽ സർവ്വേ നിർത്തിവെച്ചിരിക്കുകയാണെന്നും അതിനാൽ സർവ്വേയുമായി ബന്ധപ്പെട്ട് ഹർജിക്കാർക്ക് മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത സാഹചര്യത്തിൽ ഹർജികൾ തീർപ്പാക്കിയതായി ഹൈക്കോടതി അറിയിച്ചു. ഭാവിയിൽ ഹർജിക്കാർക്ക് സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് മറ്റു ബുദ്ധിമുട്ടുകൾ വല്ലതും ഉണ്ടായാൽ കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

സിൽവർലൈന്റെ സാമൂഹികാഘാത പഠനം തടയണമെന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. വാദത്തിനിടെ, സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഡിപിആറിന് കേന്ദ്ര അനുമതി ഇല്ലെന്നരിക്കെ സാമൂഹികാഘാത പഠനം നടത്തിയത് എന്തിനാണ്?. അതിനായി ഇത്രയധികം പണം ചെലവാക്കിയത് എന്തിനാണെന്നും കോടതി ചോദിച്ചു.

കഴിഞ്ഞ ദിവസം ഡിപിആറുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം റെയിൽവേ മന്ത്രാലയം സമർപ്പിച്ചിരുന്നു. ഡിപിആറുമായി ബന്ധപ്പെട്ട രേഖകളൊന്നും സർക്കാർ നൽകിയിരുന്നില്ലെന്ന് സത്യവാങ്മൂലത്തിൽ റെയിൽവേ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് ഡിപിആറിന് കേന്ദ്രാനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്തുഗുണമാണ് ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചത്. എന്തിന് വേണ്ടിയാണ് ഇത്രയധികം പണം ചെലവഴിച്ചത്? ഇതയധികം പണം ചെലവഴിച്ചിട്ടും പദ്ധതി എവിടെ എത്തി നിൽക്കുന്നു? . കേന്ദ്രസർക്കാരിന് പദ്ധതിയിൽ താൽപര്യം ഇല്ലെന്നറിയിച്ചിട്ടും ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് ആര് സമാധാനം പറയുമെന്നും കോടതി ചോദിച്ചു.

പദ്ധതിയുടെ പേരിൽ നാടകം കളിക്കുകയാണന്നു കുറ്റപ്പെടുത്തിയ കോടതി, മഞ്ഞക്കല്ലിനെയും പരിഹസിച്ചു. രാവിലെയാകുമ്പോൾ മഞ്ഞക്കല്ലുമായി ആരൊക്കെയോ വീടിനുമുന്നിൽ കയറിവരുമെന്നും ഇതൊക്കെ എന്തിനാണെന്ന് ആർക്കുമറിയില്ലെന്നും കോടതി പരിഹസിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ സ്റ്റേ ചെയ്യണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടപ്പോൾ ഇല്ലാത്ത പദ്ധതി എങ്ങനെ സ്റ്റേ ചെയ്യുമെന്ന് ഹൈക്കോടതി ചോദിച്ചു. ഒരു പേര് വിളിച്ചാൽ പദ്ധതിയാകുമോ?, സാമൂഹികാഘാത പഠനം സംബന്ധിച്ച് സംസ്ഥാന സർക്കാർ പുതിയ വിജ്ഞാപനം ഇറക്കിയിട്ടില്ല. ഡിപിആർ അപൂർണമാണെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ഡിപിആറിന് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല. ഡിപിആറിന്റെ വിശദാംശങ്ങൾ ആവർത്തിച്ച് ചോദിച്ചിട്ടും കെറെയിൽ ലഭ്യമാക്കിയില്ലെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.