- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയതിന് എതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയിൽ; അവധി ദിനത്തിൽ പ്രത്യേക സിറ്റിങ്; മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട ഡൽഹി സർവകലാശാല മുൻ പ്രൊഫസറെ കുറ്റവിമുക്തനാക്കിയത് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ച്
ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഡൽഹി സർവകലാശാല പ്രൊഫസർ ജിഎൻ സായിബാബയെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ. അപ്പീൽ നാളെ കോടതി പരിഗണിക്കും. ജസ്റ്റിസ് എം ആർ ഷാ, ബേലാ എം ത്രിവേദി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് അവധി ദിനത്തിൽ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹർജി പരിഗണിക്കുക. രാവിലെ പതിനൊന്ന് മണിക്ക് വാദം കേൾക്കും.
ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് അഞ്ച് വർഷത്തോളം ജയിലിലായിരുന്നു പ്രൊഫ. ജിഎൻ സായിബാബ. 2017ലെ വിചാരണക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സായിബാബ നൽകിയ ഹർജിയിൽ ജസ്റ്റിസുമാരായ രോഹിത് ഡിയോ, അനിൽ പൻസാരേ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.
ശാരീരിക അവശതകളെ തുടർന്ന് വീൽചെയറിലായ ജി.എൻ.സായിബാബ നിലവിൽ നാഗ്പുർ സെൻട്രൽ ജയിലിൽ തടവിലാണ്. കേസിൽ നേരത്തെ വിചാരണക്കോടതി കുറ്റക്കാരായി കണ്ടെത്തിയ മറ്റു അഞ്ചുപേരെയും ഹൈക്കോടതി വെറുതെവിട്ടിട്ടുണ്ട്. ഇതിൽ ഒരാൾ അപ്പീൽ ഹർജിയിൽ വാദംകേൾക്കുന്നതിനിടെ മരിച്ചു. ഇവർ മറ്റേതെങ്കിലും കേസുകളിൽ പ്രതികളല്ലെങ്കിൽ ഉടൻ ജയിൽ മോചിതരാക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
മുൻ മാധ്യമപ്രവർത്തകൻ പ്രശാന്ത് റാഹി, വിജയ് ടിർക്കി, മഹേഷ് ടിർക്കി, ഹോം മിശ്ര, പാണ്ടു പോരെ നരോത്തെ എന്നിവരാണ് കേസിൽ നേരത്തെ ശിക്ഷിക്കപ്പെട്ടത്. പാണ്ടു പോരെ നരോത്തെ ഈ വർഷം ഓഗസ്റ്റിൽ മരിച്ചിരുന്നു. 2017ൽ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലാ കോടതിയാണ് ജെഎൻയു വിദ്യാർത്ഥിയുൾപ്പെടെ ആറ് പേരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ശിക്ഷിച്ചത്. ഇവർക്കെതിരെ യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിരുന്നു.
2014ലാണ് പ്രൊഫ. ജി എൻ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 12ബി, യുഎപിഎയിലെ 13,18,20,38,39 എന്നീ വകുപ്പുകളാണ് ചുമത്തിയത്.