- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിദ്ദീഖ് കാപ്പന് ഇ.ഡി കേസിലും ജാമ്യം; ജയിൽ മോചിതനായേക്കും; ജാമ്യം അനുവദിച്ചത് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച്; മോചനം വേഗത്തിലാകുമെന്ന പ്രതീക്ഷയിൽ കുടുംബം
ന്യൂഡൽഹി: എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചു. അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നേരത്തെ വിചാരണ കോടതി കേസിൽ സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ കാപ്പന്റെ ജയിൽ മോചനം സാധ്യമായേക്കും.
വെരിഫിക്കേഷൻ പൂർത്തിയായാൽ സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനാകുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് യു.എ.പി.എ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. രണ്ടു വർഷം ജയിലിൽ കഴിഞ്ഞ കാപ്പന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ഉപാധികളോടെ ജാമ്യം നൽകിയത്. ജാമ്യം നേടി ആറാഴ്ച ഡൽഹിയിൽ കഴിയണമെന്നും അതിനുശേഷം കേരളത്തിലേക്ക് പോകാമെന്നുമായിരുന്നു കോടതി ഉത്തരവ്.
എന്നാൽ, ഇ.ഡി കേസിൽ ജാമ്യം നീണ്ടുപോയതോടെയാണ് കാപ്പന്റെ മോചനവും വൈകിയത്. അക്കൗണ്ടിലേക്കെത്തിയ നാൽപത്തി അയ്യായിരം രൂപയുടെ ഉറവിടം കാപ്പന് വ്യക്തമാക്കാനായില്ലെന്നാണ് ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ വ്യക്തമാക്കിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹാത്രസിൽ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമാണ് ഇഡി കോടതിയിൽ ഉന്നയിച്ച വാദം.
ഇഡി കേസിലും ജാമ്യം കിട്ടിയതോടെ സിദ്ദിഖ് കാപ്പന്റെ മോചനം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. എന്നാൽ യുപി പൊലീസിന്റെ കേസിൽ കാപ്പന് വേണ്ടി ജാമ്യം നിന്നവരുടെ വെരിഫിക്കേഷൻ നടപടികൾ ബാക്കിയാണെന്ന് അഭിഭാഷകർ അറിയിച്ചു.
യുപിയിലെ ഹാത്രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു 2020 ഒക്ടോബർ അഞ്ചിന് സിദ്ദീഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. കാപ്പനെയും കൂടെ അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് നേതാക്കളെയും യു.എ.പി.എ ചുമത്തി ജയിലിലടക്കുകയായിരുന്നു.
യുഎപിഎ കേസിൽ മഥുര കോടതിയും അലഹാബാദ് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചു. യുപി പൊലീസ് കണ്ടെത്തിയ തെളിവുകൾ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം നൽകിയത്. ഇഡി കേസിൽ ലക്‌നൗ ജില്ലാ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സിദ്ദീഖ് സഞ്ചരിച്ച കാർ ഡ്രൈവർ മുഹമ്മദ് ആലത്തിന് യു.എ.പി.എ കേസിൽ അലഹബാദ് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഇ.ഡി കേസ് നിലനിൽക്കുന്നതിനാൽ ഇദ്ദേഹത്തിനും ഇതുവരെ ജയിൽ മോചിതനാകാനായിട്ടില്ല.