- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി കോർപറേഷൻ മാലിന്യ സംസ്‌കരണത്തിനായി എത്ര മുടക്കി? ബ്രഹ്‌മപുരം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട ഏഴ് വർഷത്തെ കരാർ രേഖകൾ ഹാജരാക്കണം; നിർദ്ദേശം നൽകി ഹൈക്കോടതി
കൊച്ചി: കൊച്ചി കോർപറേഷൻ മാലിന്യ സംസ്‌കരണത്തിനായി മുടക്കിയ തുകയുടെ വിശദമായ വിവരങ്ങൾ ഹാജരാക്കാൻ നിർദേശിച്ച് ഹൈക്കോടതി. ബ്രഹ്‌മപുരം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴ് വർഷത്തെ കരാർ രേഖകകളും കോർപറേഷനോട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു.
ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് വിഷയത്തിൽ രൂക്ഷമായ വിമർശനമാണ് ഇന്നും സർക്കാരിനെതിരേയും മലിനീകരണ നിയന്ത്രണ ബോർഡിനെതിരേയും കോടതി ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ ഉൾപ്പെട്ട സമിതി ബ്രഹ്‌മപുരത്ത് സന്ദർശനം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിനോടൊപ്പം ഉണ്ടായിരുന്ന ചിത്രങ്ങൾ പരിശോധിച്ചതിന് ശേഷമാണ് മലിനീകരണ നിയന്ത്രണ ബോർഡിനെതിരേ രൂക്ഷമായ വിമർശനം കോടതി ഉന്നയിച്ചത്.
ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടുവെന്നും കോടതി പറഞ്ഞു. ബ്രഹ്‌മപുരം എന്ന പേര് തന്നെ അക്ഷാരാർത്ഥത്തിൽ മാറ്റി എഴുതപ്പെട്ടു. കൊച്ചി കോർപറേഷൻ സെക്രട്ടറിയുടെ പ്രവർത്തനം സർക്കാർ നേരിട്ട് നിരീക്ഷിക്കണമെന്നും കോടതി പറഞ്ഞു.
പ്ലാന്റ് നടത്തിപ്പുകാർക്കെതിരേ എന്ത് നടപടി സ്വീകരിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിനോട് കോടതി ചോദിച്ചു. നിയമ നടപടികൾ സ്വീകരിക്കുമെന്നും കൊച്ചി കോർപറേഷന് അടക്കം പിഴ ചുമത്തുമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് കോടതിയിൽ പറഞ്ഞു. എന്നാൽ പിഴ തുക വാങ്ങി ബാങ്കിലിട്ടാൽ ഇപ്പോൾ വിഷപ്പുക ശ്വസിച്ചതിന് പകരമാകുമോയെന്നും കോടതി ചോദിച്ചു.
ബ്രഹ്‌മപുരത്തെ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച റിപ്പോർട്ട് കളക്ടർ നാളെ കോടതിയിൽ ഹാജരാക്കണമെന്നും ശ്വാസകോശ രോഗത്തെ തുടർന്ന് വാഴക്കാല സ്വദേശി ലോറൻസ് ജോസഫ് മരിച്ച സാഹചര്യം സംബന്ധിച്ചും വിശദമായ റിപ്പോർട്ട് നാളെ ഉച്ചക്ക് മുമ്പ് നൽകാനും കോടതി നിർദ്ദേശിച്ചു.
ബ്രഹ്‌മപുരം വിഷയം പരിഗണിച്ചപ്പോൾ കോടതിയിൽ നേരിട്ട് എത്താത്തതിന് എറണാകുളം ജില്ലാ കളക്ടറെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഓൺലൈനിലാണ് കളക്ടർ ഹാജരായത്. കുട്ടിക്കളിയല്ലെന്ന് ഹൈക്കോടതി വിമർശിച്ചു. അതേസമയം, ബ്രഹ്‌മപുരം പ്ലാന്റിന്റെ പ്രവർത്തനശേഷി മോശമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയിൽ പറഞ്ഞു. കരാർ കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും.
എല്ലാ സെക്ടറിലെയും തീ ഇന്നലെ കെടുത്തിയിരുന്നുവെന്നും എന്നാൽ സെക്ടർ ഒന്നിൽ ഇന്ന് രാവിലെ വീണ്ടും തീ ഉണ്ടായെന്നും കളക്ടർ കോടതിയെ അറിയിച്ചു. ഏഴ് ദിവസം ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും എക്യുഐ (എയർ ക്വാളിറ്റി ഇൻഡക്‌സ്) പ്രകാരം മലനീകരണം കുറഞ്ഞുവെന്നും കളക്ടർ വ്യക്തമാക്കി. അതേസമയം, ബ്രഹ്‌മപുരത്ത് ആധുനിക നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കാൻ കൊച്ചി നഗരസഭ നൽകിയ കരാറും കഴിഞ്ഞ 7 വർഷം ഇതിനായി ചെലവാക്കിയ പണത്തിന്റെ കണക്കും ഹാജരാക്കാൻ കോർപറേഷന് സെക്രട്ടറിയോടെ ഹൈക്കോടതി നിർദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ